Sunday, April 21st, 2019

അക്രമ രാഷ്ട്രീയത്തിന്റെ അടിവേരറുക്കണം

            കണ്ണൂരിലും വിശിഷ്യാ കേരളത്തിലും ഇനിയൊരിക്കലും കൊലപാതക രാഷ്ട്രീയം തിരിച്ചു വരില്ലെന്ന ശുഭപ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നതിനിടയില്‍ ഒന്നിനുപുറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും പരമ്പരയായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന അക്രമണങ്ങളും സമാധാനത്തിന്റെ വാതായനങ്ങള്‍ കൊട്ടിയടക്കുകയാണ്. കഠാര രാഷ്ട്രീയവും അക്രമവും കൈവെടിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശാശ്വത സമാധാനത്തിന്റെ സന്ദേശവാഹകരായി മാറണമെന്ന് ഞങ്ങള്‍ പല തവണ അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ തികച്ചും നിരാശപ്പെടുത്തുംവിധമാണ് വീണ്ടും ഓരോരോ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കതിരൂര്‍ ഉക്കാസ്‌മൊട്ടയില്‍ ആര്‍ എസ് എസ് ജില്ലാ … Continue reading "അക്രമ രാഷ്ട്രീയത്തിന്റെ അടിവേരറുക്കണം"

Published On:Sep 3, 2014 | 2:47 pm

Murder Full 7711

 

 

 

 

 

 
കണ്ണൂരിലും വിശിഷ്യാ കേരളത്തിലും ഇനിയൊരിക്കലും കൊലപാതക രാഷ്ട്രീയം തിരിച്ചു വരില്ലെന്ന ശുഭപ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നതിനിടയില്‍ ഒന്നിനുപുറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും പരമ്പരയായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന അക്രമണങ്ങളും സമാധാനത്തിന്റെ വാതായനങ്ങള്‍ കൊട്ടിയടക്കുകയാണ്.
കഠാര രാഷ്ട്രീയവും അക്രമവും കൈവെടിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശാശ്വത സമാധാനത്തിന്റെ സന്ദേശവാഹകരായി മാറണമെന്ന് ഞങ്ങള്‍ പല തവണ അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ തികച്ചും നിരാശപ്പെടുത്തുംവിധമാണ് വീണ്ടും ഓരോരോ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കതിരൂര്‍ ഉക്കാസ്‌മൊട്ടയില്‍ ആര്‍ എസ് എസ് ജില്ലാ ശാരീരിക് പ്രമുഖ് എളന്തോടത്ത് മനോജിന്റെ കൊലപാതകം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് എരുവട്ടി പൊട്ടന്‍ പാറയില്‍വെച്ച് വെട്ടേറ്റ ബി എം എസ് പ്രവര്‍ത്തകന്‍ സുരേഷ് കുമാര്‍ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍വെച്ച് മരണപ്പെട്ടത്. ഏതാണ്ട് അടുത്തടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ് എരുവട്ടിയും കതിരൂരും. നേരത്തെയും ഈ മേഖലകളില്‍ ചില അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കൊലപാതക-അക്രമ രാഷ്ട്രീയത്തിന് ഒരു കാലത്ത് ഏറെ പേരുകേട്ട പാനൂരും ഈ പ്രദേശങ്ങളും തമ്മില്‍ വളരെ അകലെയൊന്നുമല്ല. ഇവിടങ്ങളിലെല്ലാം ചെറിയൊരു തീപ്പൊരി വീണാല്‍ അത് ആളിക്കത്തിയതാണ് പോയകാല ചരിത്രം. പാനൂരിന്റെ മണ്ണ്ഏറെക്കാലമായി ശാന്തമാണ്. ഇത് സമാധാനമാഗ്രഹിക്കുന്നവരെ ഏറെ സന്തോഷിപ്പിക്കുകയാണെങ്കിലും പാനൂരിനോട് തൊട്ടടുത്തുകിടക്കുന്ന ചില പ്രദേശങ്ങളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന കൊലപാതകങ്ങളും അക്രമ സംഭവങ്ങളും ജില്ല നാള്‍ക്കുനാള്‍ അസമാധാനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനകള്‍ നല്‍കുന്നു.
പ്രബുദ്ധമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നതാണ് കണ്ണൂര്‍ രാഷ്ട്രീയം. കെട്ടുപിണഞ്ഞുകിടക്കുന്ന യാഥാസ്ഥിതികത്വത്തിന്റെ കോട്ടകൊത്തളങ്ങളിലേക്ക് ഇരച്ചുകയറി. സാമൂഹ്യമാറ്റത്തിനായുള്ള കാഹളം മുഴക്കിയ ഒട്ടേറെ മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് കണ്ണൂര്‍. ജന്മിത്വത്തിനും നാടുവാഴിത്വത്തിനും സാമ്രാജ്യത്വശക്തികളുടെ കിരാതവാഴ്ചയ്ക്കുമെതിരെ നടത്തിയ സന്ധിയില്ലാ സമരത്തിലൂടെ നടന്നുനീങ്ങിയ കണ്ണൂരിന്റെ ചരിത്രം നിസ്തുലമാണ്. അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ പടയണിതീര്‍ത്ത് സാമൂഹ്യമാറ്റത്തിന്റെ ചാലക ശക്തികളായി പ്രവര്‍ത്തിച്ച ഒട്ടേറെ നവോത്ഥാന നായകര്‍ ഇവിടെ പിറവിയെടുത്തിട്ടുണ്ട്. എന്നെന്നും മാതൃകയായിത്തീരുന്ന ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ ഉഴുത് മറിച്ച് കണ്ണൂരിന്റെ മണ്ണില്‍ അശാന്തി പടരുന്നത് ഒട്ടും ആശാവഹമല്ല. കണ്ണൂരിന്റെ മനസ്സ് വിറങ്ങലിക്കുമ്പോള്‍, സ്വാസ്ഥ്യം കെടുമ്പോള്‍ എവിടെയാണ് പോരായ്മകളെന്ന് ചിന്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബ്ബന്ധിതരായേ മതിയാവൂ.
മനോജിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളാണ് പല സ്ഥലത്തും അരങ്ങേറിയത്. പെരളശ്ശേരി, മൂന്നുപെരിയ, അഡൂര്‍ എന്നിവിടങ്ങളില്‍ കടകള്‍ക്ക് നേരെയും ഐവര്‍കുളത്ത് വീടിനുനേരെയും ബോംബേറുണ്ടായി. ചിറക്കല്‍ വിവേഴ്‌സ് സൊസൈറ്റിയില്‍ അതിക്രമമുണ്ടായെന്നുമാത്രമല്ല ഓണക്കാല വില്‍പ്പനയ്ക്കായി തയ്യാറാക്കിവെച്ച തുണികള്‍ക്കും നാശനഷ്ടം വരുത്തി. സംസ്ഥാന ഹര്‍ത്താലയതുകൊണ്ടുതന്നെ കേരളത്തിന്റെ പലഭാഗങ്ങളിലും ചെറുതും വലുതുമായ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഡല്‍ഹിയിലും പൂനയിലുമെല്ലാം ഇതിന്റെ അലയടികളുണ്ടായി. കണ്ണൂര്‍ ജില്ലയില്‍ ഇതുപോലുള്ള ഓരോരോ സംഭവങ്ങളുണ്ടാകുമ്പോഴും അതിന്റെ അലയടികള്‍ ഇവിടെ മാത്രമായി ഒതുങ്ങി നില്‍ക്കില്ലെന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് അക്രമം പുറത്തേക്ക് വ്യാപിച്ചത്.
രാഷ്ട്രീയ സംഘട്ടനങ്ങളിലും സംഘര്‍ഷങ്ങളിലും ഒട്ടേറെപ്പേരുടെ ജീവന്‍ പൊലിഞ്ഞ മണ്ണാണിത്. ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും ഇതുപോലൊരു സംഭവമുണ്ടാകരുതേയെന്ന് സമാധാന പ്രേമികള്‍ മനമുരുകി പ്രാര്‍ത്ഥിക്കാറുണ്ടെങ്കിലും പിന്നെയും നിരാശപ്പെടുത്തുംവിധമാണ് കാര്യങ്ങളുടെ പോക്ക്.
കൊലപാതക അക്രമരാഷ്ട്രീയത്തിന്റെ അടിവേരറുക്കണമെന്ന നീണ്ടകാലത്തെ മുറവിളിയാണ് ജില്ലകുറേക്കാലമായി സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങാന്‍ കാരണമായത്. എന്നാല്‍ എല്ലാം തകിടം മറിയുകയാണ്. നേതൃത്വങ്ങളെ വെല്ലുവിളിച്ച് അഴിഞ്ഞാടി ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്ക് പേര് ദോഷം വരുത്തിവെക്കുന്നവരെ അതാത് പാര്‍ട്ടികള്‍ തള്ളിപ്പറഞ്ഞേ മതിയാവൂ. ചോരത്തിളപ്പില്‍ കത്തി കഠാരയും, ബോംബുമായി ഇറങ്ങിത്തിരിക്കുന്ന അണികളെ പരസ്യമായി തള്ളിപ്പറയാനുള്ള ആര്‍ജ്ജവം കാട്ടുന്നതോടൊപ്പം അത്തരക്കാരെ നിലക്കുനിര്‍ത്തുകയും ചെയ്യണം. ഇത് ജനവിശ്വാസം ആര്‍ജ്ജിക്കുന്നതിനിടയാക്കും.
ഓരോരോ പാര്‍ട്ടികള്‍ക്കു അവരുടെ നയങ്ങളും പരിപാടികളും ജനങ്ങളിലെത്തിക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളുണ്ടെന്നിരിക്കെ അക്രമത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നത് വളര്‍ച്ചയല്ല തകര്‍ച്ചയിലേക്കാണ് നയിക്കുക. ചില അനുഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൊലപാതക-അക്രമ രാഷ്ട്രീയം ജനങ്ങളെ അതത് പാര്‍ട്ടികളില്‍ നിന്ന് അകറ്റുകയാണെന്ന ബോധം ഉള്‍ക്കൊണ്ട് അണികളെയും പ്രവര്‍ത്തകരെയും നേരായ വഴിയിലേക്ക് നയിക്കണമെന്ന വലിയ പാഠം രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍ക്കൊണ്ടേമതിയാവൂ.

LIVE NEWS - ONLINE

 • 1
  10 hours ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 2
  12 hours ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 3
  13 hours ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 4
  14 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 5
  18 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 6
  18 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 7
  19 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 8
  19 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 9
  19 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു