പോലീസില്‍ വന്‍ അഴിച്ചുപണി; കെ പി ഫിലിപ്പ് കണ്ണൂര്‍ എസ് പി

Published:January 5, 2017

Kerala Police Cap Full

 

കണ്ണൂര്‍: ജില്ലാ പോലീസ് മേധാവി കോറി സഞ്ജയ് കുമാര്‍ ഗുരുദിനെ സ്ഥലംമാറ്റുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍തന്നെ പുറത്തിറങ്ങുമെന്നറിയുന്നു. കെ എ പി നാലാം ബറ്റാലിയനിലെ മേധാവിയായ കെ പി ഫിലിപ്പിനെ പകരം ജില്ലാ പോലീസ് ചീഫ് ആയി നിയമിക്കാനാണ് സാധ്യത. ഇന്നലെ രാത്രിയോടെയാണ് കണ്ണൂര്‍ എസ് പിയടക്കമുള്ളവരെ സ്ഥലംമാറ്റാനുള്ള നടപടി ഉണ്ടായത്. ഈയാഴ്ച തന്നെ പുതിയ എസ് പി കണ്ണൂരില്‍ ചുമതലയേല്‍ക്കും. കഴിഞ്ഞ ജൂണ്‍ 11നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഗുരുദിന്‍ കണ്ണൂര്‍ എസ് പിയായി ചുമതലയേറ്റെടുത്തത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ അക്രമസംഭവങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ഗുരുദിന്‍ കണ്ണൂര്‍ ജനതയുടെയാകെ പ്രീതിപിടിച്ചുപറ്റിയിരുന്നു.
ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോള്‍ മുഖം നോക്കാതെ അദ്ദേഹം കൈക്കൊണ്ട നടപടികളും ശ്രദ്ധേയമായിരുന്നു. ഭരണ നേതൃത്വത്തിന്റെ ഇടപെടലുകള്‍ക്ക് വഴങ്ങാതെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തത് വഴി ജില്ലയിലെ ഭരണപക്ഷ നേതൃത്വത്തിന്റെ കണ്ണിലെ കരടായി എസ് പി മാറിയിരുന്നു. പലതവണ പാര്‍ട്ടി നേതൃത്വം എസ് പിക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. എസ് പിയെ മാറ്റാനുള്ള നീക്കം ശക്തമായിരുന്നു. എന്നാല്‍ തിരക്കിട്ട് എസ് പി സ്ഥാനത്ത് നിന്നും ഗുരുദിനെ മാറ്റിയാല്‍ അത് രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് എസ് പിയെ മാറ്റാനുള്ള നീക്കം തല്‍ക്കാലം ഉപേക്ഷിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മറ്റുചില എസ് പിമാര്‍ക്ക് സ്ഥാനമാറ്റം നല്‍കുന്നതോടൊപ്പം ഗുരുദിനെയും മാറ്റാനാണ് തീരുമാനം. അതേസമയം പുതുതായി കണ്ണൂര്‍ എസ് പിയുടെ ചുമതലയേറ്റെടുക്കുന്ന കെ പി ഫിലിപ്പിന് ഇത് രണ്ടാമൂഴമാണ്. 2009ല്‍ ഇദ്ദേഹം ഇടത് ഭരണകാലത്ത് കണ്ണൂര്‍ എസ് പിയായി പ്രവര്‍ത്തിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ് പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ഥാന പോലീസ് സേനയിലെ ക്രമസമാധാനപാലന ചുമതലയുള്ള ഗുരുദിനുള്‍പ്പെടെ 9 എസ് പിമാരടക്കം 19 എസ് പി മാരെ മാറ്റുമെന്നാണ് സൂചന. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം ഐ പി എസ് ലഭിച്ച 8 പേരും പുതിയ നിയമനത്തില്‍ ഉള്‍പ്പെടും. പാലക്കാട് പി പുഷ്‌ക്കരന്‍, ആലപ്പുഴയില്‍ വി എം മുഹമ്മദ് റഫീഖ് എന്നിവര്‍ എസ് പി മാരാകും. തൃശ്ശൂര്‍ റൂറല്‍ എസ് പിയായ എസ് പി ആര്‍ നിശാന്തിനിയെ വിജിലന്‍സിലേക്ക് മാറ്റും. പത്തനംതിട്ട എസ് പിയായിരിക്കെ കൈക്കൂലി കേസില്‍ ആരോപണവിധേയനായി മാറ്റിനിര്‍ത്തപ്പെട്ട രാഹുല്‍ ആര്‍ നായര്‍ക്കും പുതിയ ചുമതലയുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാക്കും. ബി അശോകനായിരിക്കും പത്തനംതിട്ട എസ് പി. വിരമിച്ച ശേഷം ഐ പി എസ് ലഭിച്ച സാംക്രിസ്റ്റി ഡാനിയേല്‍, കെ രാധാകൃഷ്ണന്‍, അലക്‌സ് കെ ജോണ്‍, കെ വി വേണുഗോപാല്‍, സക്കറിയ ജോണ്‍ എന്നിവര്‍ക്ക് പുതിയ നിയമനം ലഭിക്കും.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.