Thursday, September 20th, 2018

ഇനിയെങ്കിലും നിര്‍ത്തുമോ ഈ അടിമപ്പണി

പോലീസ് ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ എ ഡി ജി പി സുധേഷ്‌കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. ഇദ്ദേഹത്തെ പോലീസ് സേനക്ക് പുറത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചിട്ടുമുണ്ട്. പല കാര്യങ്ങളിലും കേരള മോഡല്‍ എന്നവകാശപ്പെടുന്ന സംസ്ഥാനത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമപാലകരായ പോലീസ് സേനയില്‍ നിന്നുതന്നെ ഉണ്ടാകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നിത്യേന വന്നുകൊണ്ടിരിക്കുകയാണ്. പഴയ ബ്രിട്ടീഷുകാരന്റെ പ്രേതം ബാധിച്ച ചില മുതിര്‍ന്ന … Continue reading "ഇനിയെങ്കിലും നിര്‍ത്തുമോ ഈ അടിമപ്പണി"

Published On:Jun 18, 2018 | 3:24 pm

പോലീസ് ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ എ ഡി ജി പി സുധേഷ്‌കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. ഇദ്ദേഹത്തെ പോലീസ് സേനക്ക് പുറത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചിട്ടുമുണ്ട്.
പല കാര്യങ്ങളിലും കേരള മോഡല്‍ എന്നവകാശപ്പെടുന്ന സംസ്ഥാനത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമപാലകരായ പോലീസ് സേനയില്‍ നിന്നുതന്നെ ഉണ്ടാകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നിത്യേന വന്നുകൊണ്ടിരിക്കുകയാണ്. പഴയ ബ്രിട്ടീഷുകാരന്റെ പ്രേതം ബാധിച്ച ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നും താഴെകിടയിലുള്ള പോലീസുകാരെ കൊണ്ട് അടിമപ്പണിയും ദാസ്യവേലയും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യിച്ച് കൊണ്ട് കേരളത്തില്‍ വിലസുന്നു എന്നത് വര്‍ത്തമാന കേരളത്തിന് അപമാനമാണ്.
പോലീസുകാരെ കൊണ്ട് ഇത്തരം വീട്ടുപണികളും പട്ടിയെ കുളിപ്പിക്കലും കുട്ടികളെ സ്‌കൂളില്‍ കൊണ്ടുചെന്നാക്കലുമൊക്കെ ചെയ്യിക്കുന്നത് ഒരു സുധേഷ്‌കുമാര്‍ മാത്രമല്ല. പല ജില്ലാ ആസ്ഥാനങ്ങളിലും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ പോലീസുകാര്‍ ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതുള്‍പ്പെടെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നുണ്ട്. സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് മാറിമാറി വന്ന സര്‍ക്കാരുകളിലെ ആഭ്യന്തര വകുപ്പ് കയ്യാളിയ മന്ത്രിമാരൊക്കെ ഇത്രയുംകാലം മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ കണ്ണടക്കുകയായിരുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥരെ പോലെ തന്നെ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണ് തങ്ങളെന്നും തങ്ങളുടെ ഡ്യൂട്ടി ഔദ്യോഗികമായി തന്നെ നിര്‍വചിച്ചിട്ടുണ്ടെന്നുമുള്ള ധാരണ പോലീസുദ്യോഗസ്ഥരിലില്ലാത്തിടത്തോളം കാലം അടിമപ്പണിയും ദാസ്യവേലയും തുടരും. അസംതൃപ്തരായ ഒരുവിഭാഗം പോലീസുകാര്‍ സേനയില്‍ വളര്‍ന്നുവരുന്നതിന് ഇത് ഇടയാക്കുമെന്നതിന് സംശയമില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ സ്വന്തം സംരക്ഷണത്തിനായി സര്‍ക്കാരിനെ സമീപിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടിലെ സ്വകാര്യ ജോലികളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ വിസമ്മതിക്കുന്നവരെ അന്യായമായി സ്ഥലംമാറ്റുകയും സര്‍വീസ് ബുക്കില്‍ റിമാര്‍ക് എഴുതുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ ഇനിയും നടപടി സ്വീകരിക്കാന്‍ വൈകിപ്പിക്കരുത്. പോലീസ് സേന എങ്ങിനെ പരിഷ്‌കരിക്കണമെന്നും ഏത് തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ പൊതുനിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതിയുടേതായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ഇനിയും പ്രാവര്‍ത്തികമാകാത്ത നിരവധി സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്. കേരളം ചില നടപടികളും നീക്കങ്ങളും നടത്തിയിരുന്നുവെങ്കിലും ഇത് നടപ്പിലാക്കാന്‍ വൈകുന്നതാണ് സേനയിലെ ഇന്നും തുടരുന്ന പ്രാകൃത നടപടികള്‍ക്കിടയാക്കുന്നത്.
വ്യക്തിപരമായ ദാസ്യവൃത്തി പാടില്ലെന്ന് പോലീസ് ആക്ടിലെ 99ാം വകുപ്പിലുണ്ട്. ഇതിന് നിര്‍ബന്ധിക്കാനും പാടില്ല. ഇങ്ങനെ ചെയ്യിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടുംകൂടിയോ അനുഭവിക്കേണ്ടിവരുമെന്നാണ് നിയമത്തില്‍ പറയുന്നത്. ആരും പരാതിപ്പെടാന്‍ ധൈര്യപ്പെടാത്തത് കൊണ്ട് അടിമപ്പണിയും ദാസ്യവേലയും ഇന്നും തുടരുന്നു. സര്‍ക്കാറിന്റെ തുടര്‍നടപടികളിലാണ് ഇനി പ്രതീക്ഷ.

LIVE NEWS - ONLINE

 • 1
  10 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  11 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  12 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  15 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  16 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  17 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  19 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  20 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  21 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു