Wednesday, July 17th, 2019

ലൈംഗികാരോപണം പുകയുന്നു

കഴമ്പുണ്ടെന്ന് കണ്ടാല്‍ നടപടിയെന്ന് സൂചന

Published On:Sep 4, 2018 | 12:45 pm

കോഴിക്കോട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണം പുകയുന്നു. പീഡന സംഭവം വാര്‍ത്താ മാധ്യമങ്ങളും ബിജെപിയും ഏറ്റെടുത്തതോടെയാണ് സംഭവത്തിന് ചൂടുപിടിച്ചത്. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം തയാറാണെങ്കിലും ആരോപണം പാര്‍ട്ടിയുടെ അന്തസ്സിന് കളങ്കമേല്‍പ്പിച്ചതായാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് യുവതി എംഎല്‍എക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി ഓഫീസില്‍ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പ്രധാന ആരോപണം. കൂടാതെ നിരന്തരമായി ശല്യപ്പെടുത്തുക, അശ്ലീലച്ചുവയോടെ സംസാരിക്കുക, ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ ആരോപണങ്ങളും എം.എല്‍ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പിംഗ് സഹിതമാണ് യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. എം.എല്‍.എ വിളിച്ചതിന്റെ ഫോണ്‍ വിശദാംശങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
പരാതി ഒതുക്കിതീര്‍ക്കാന്‍ ഒരു കോടി രൂപയും ഡി.വൈ.എഫ്.ഐയില്‍ ഉന്നത പദവിയും വാഗ്ദാനം ചെയ്തിരുന്നതായും ആക്ഷേപം ഉന്നയിക്കുന്നു. നേരത്തെ സി.പി.എം സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കള്‍ക്കും ആഗസ്റ്റ് 14ന് പി.ബി അംഗമായ വൃന്ദാ കാരാട്ടിനും യുവതി പരാതി നല്‍കിയിരുന്നു. ഒരാഴ്ച മുമ്പ് സംസ്ഥാന സെക്രട്ടേറിയറ്റ് യുവതിയുടെ പരാതി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, തീരുമാനമൊന്നും പുറത്തുവരാത്തതിനെ തുടര്‍ന്ന് ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇ മെയിലിലൂടെയാണ് യുവതി പരാതി നല്‍കിയത്.
അവൈലബിള്‍ പി.ബി യോഗം ചേര്‍ന്ന് യുവതിയുടെ പരാതി അന്വേഷിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. എം.എല്‍.എക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി പരാതി അന്വേഷിക്കണമെന്ന നിര്‍ദേശവുമുണ്ട്. ഇതില്‍ ഒരാള്‍ വനിതയായിരിക്കണം.
സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്. നേരത്തെ നിശ്ചയിച്ച യോഗമാണെങ്കിലും എം.എല്‍.എക്കെതിരെയുള്ള പരാതിയും ചര്‍ച്ചയാകും. പരാതി സംബന്ധിച്ച് സംസ്ഥാന, ജില്ലാ നേതൃത്വം ഇതുവരെ പരസ്യമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ എം.എല്‍.എക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നേതാക്കള്‍ നല്‍കുന്നുണ്ട്. എം.എല്‍.എയുടെ വിശദീകരണം കേട്ടശേഷമാകും ഇത്. അതേസമയം, പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ എം.എല്‍.എക്കെതിരെ നടപടി വേണമെന്ന ആവശ്യവും നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.
അതിനിടെ പരാതി അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ലെന്നും പകരം സംസ്ഥാനത്തെ അന്വേഷണ സംവിധാനമാണെന്നും ബി ജെ പി നേതാവ് എം.ടി. രമേശ് പറഞ്ഞു. വനിതാ നേതാവ് നല്‍കിയ പരാതി എന്ത് കൊണ്ട് സിപിഎം നേതൃത്വം പോലീസിന് കൈമാറിയില്ലെന്ന് ചോദിച്ച അദ്ദേഹം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പാര്‍ട്ടി തന്നെ സംസ്ഥാനത്തെ നിയമസംവിധാനത്തെ അട്ടിമറിക്കുകയാണെന്നും ആരോപിച്ചു.
എന്നാല്‍ പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് പി.കെ.ശശി എംഎല്‍എ പ്രതികരിച്ചു. പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. രാഷ്ട്രീയമായി തകര്‍ക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനീചമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും പീഡന സംഭവം വരും നാളുകളില്‍ ചൂടുപിടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 

 

LIVE NEWS - ONLINE

 • 1
  10 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  12 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  14 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  15 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  17 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  19 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  19 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  19 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  20 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍