ഭിന്നശേഷിക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി

Published:January 2, 2017

 

Pinarayi Vijayan Full

 
കണ്ണൂര്‍: ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള ഉപകരണ വിതരണം മുനിസിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പെന്‍ഷന്‍, വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം, ഐഡന്റിറ്റി കാര്‍ഡ് വിതരണത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങി ഭിന്നശേഷിക്കാര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും. വൈകല്യം കണ്ടെത്തുന്നതിനും അതിന് കാരണമാകുന്നതിനെ കണ്ടെത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി തുടര്‍ന്നുപറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി മാതൃകാ ശിശുപുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇവര്‍ക്കായി ഇപ്പോള്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. അര്‍ഹരായവര്‍ക്ക് യു ഡി എ ഡി കാര്‍ഡുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ ഇപ്പോള്‍ അംഗപരിമിത സൗഹൃദ ജില്ലയാണ്. ഇതേ മാതൃകയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളെ അംഗപരിമിത സൗഹൃദ ജില്ലകളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി പി എസ് സിയില്‍ മൂന്ന് ശതമാനം സംവരണം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാലിത് പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടില്ല. അതിന്റെ കാരണമെന്താണെന്ന് ചീഫ് സെക്രട്ടറി പി എസ് സി ചെയര്‍മാനുമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മേയര്‍ ഇ പി ലത, പി കെ ശ്രീമതി ടീച്ചര്‍ എം പി, കെ കെ രാഗേഷ് എം പി, ഇ പി ജയരാജന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.