Tuesday, September 25th, 2018

ദുരിതബാധിതരെ നേരില്‍ കണ്ട് മുഖ്യമന്ത്രി; പരാതിയുമായി ജനം

വൈകിട്ട് 4.45 ഓടെ കൊച്ചിയിലേക്ക് തിരിക്കുന്ന മുഖ്യമന്ത്രിയും സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ആറരയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും.

Published On:Aug 11, 2018 | 12:03 pm

ഇടുക്കി/വയനാട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി തിരുവനന്തപുരത്തു നിന്ന് ഹെലികോപ്ടറില്‍ യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടറിന്റെ ലാന്റിംഗ് സാധ്യമായില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇടുക്കിയില്‍ ഇറങ്ങാതെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു.
രാവിലെ 11 മണിയോടെയാണ് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തിയത്. വ്യോമേസനയുടെ ഹെലികോപ്ടറില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയ മുഖ്യമന്ത്രി അവിടെ നിന്ന് കാര്‍ മാര്‍ഗം ആദ്യം പോയത് മുണ്ടന്‍മുടിയിലേക്കായിരുന്നു. ഏതാണ്ട് 700 ആദിവാസികളാണ് മുണ്ടന്‍മുടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
മുഖ്യമന്ത്രിയും സംഘവും എത്തിയതോടെ ആദിവാസികള്‍ പരാതികളുടെ ഭാണ്ഡക്കെട്ടഴിച്ചു. എല്ലാവരുടേയും പരാതികള്‍ സശ്രദ്ധം കേട്ട മുഖ്യമന്ത്രി സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പ് നല്‍കി. മഴ മാറുന്നത് വരെ കാത്തിരിക്കാനും അവരോട് നിര്‍ദ്ദേശിച്ചു. ക്യാമ്പുകളില്‍ ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളനിയിലെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പ്രായോഗികമല്ലെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു. പതിനഞ്ച് മിനിട്ടോളം ക്യാമ്പില്‍ ചെലവിട്ട ശേഷം മുഖ്യമന്ത്രിയും സംഘവും വയനാട് കളക്ടറിലേക്ക് പോയി. അവിടെ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പിന്നീട് കോഴിക്കോട്ടേക്ക് തിരിച്ചു.
രാവിലെ ഏഴേമുക്കാലോടെ തിരുവനന്തപുരം ശംഖുമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നാണ് മുഖ്യമന്ത്രിയുള്‍പ്പെട്ട ആറംഗസംഘം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്ര ആരംഭിച്ചത്. ഇടുക്കിയില്‍ കട്ടപ്പന ഗവ. കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ മോശം കാലാവസ്ഥയില്‍ ലാന്‍ഡിംഗ് അസാധ്യമാണെന്ന് അറിയിച്ചതോടെ മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. കടുത്ത മഞ്ഞും നേരിയ മഴയുമാണ് തടസമായത്. മുഖ്യമന്ത്രി പങ്കെടുക്കില്ലെങ്കിലും കട്ടപ്പനയില്‍ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. മന്ത്രി കെ. രാജു, റോഷി അഗസ്റ്റിന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകിട്ട് 4.45 ഓടെ കൊച്ചിയിലേക്ക് തിരിക്കുന്ന മുഖ്യമന്ത്രിയും സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ആറരയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും. മഴക്കെടുതി രൂക്ഷമായ ആറുസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു ഉദ്ദേശമെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ ഇത് മൂന്നിടങ്ങളാക്കി ചുരുക്കുകയായിരുന്നു. ചെന്നിത്തലയെ കൂടാതെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

LIVE NEWS - ONLINE

 • 1
  59 mins ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 2
  1 hour ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 3
  1 hour ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 4
  2 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 5
  3 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 6
  4 hours ago

  ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 7
  4 hours ago

  ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

 • 8
  4 hours ago

  മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

 • 9
  5 hours ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു