നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Published:November 21, 2016

Petrol Pump Strike Full

 

 

 
കൊച്ചി: ഇരുമ്പനം ഐ.ഒ.സി പ്ലാന്റിലെ സമരത്തെ തുടര്‍ന്ന് നാളെ വടക്കന്‍ മലബാര്‍ ഒഴിച്ചുള്ള കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. തിരുവനന്തപുരം തുടങ്ങി എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം വരെയുള്ള ജില്ലകളെ പെട്രോള്‍ പമ്പുകളാണ് അടച്ചിടുക. അതേസമയം, സമരം വടക്കന്‍ മലബാറിനെ ബാധിക്കുകയില്ലെന്ന് ടാങ്കര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഇരുമ്പനത്തെ സമരത്തെത്തുടര്‍ന്ന് ശനിയാഴ്ച മുതല്‍ പ്ലാന്റില്‍ നിന്ന് ടാങ്കര്‍ ലോറികള്‍ ലോഡുകള്‍ എടുക്കുന്നില്ലായിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളത്തെയും മറ്റു തെക്കന്‍ ജില്ലകളിലെയും പമ്പുകളില്‍ ഇന്ധനം എത്തിയിട്ടില്ല. ഇരുന്നൂറോളം ഓളം ഐ.ഒ.സി പമ്പുകള്‍ ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് ഇപ്പോള്‍ തന്നെ അടച്ചിട്ടിരിക്കുകയാണ്. നാളെയും സമരം തുടരുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട് ഐ.ഒ.സി പ്ലാന്റ് അധികൃതര്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണ തെറ്റിച്ചതില്‍ പ്രതിഷേധിച്ചാണ് പ്ലാന്റിലെ ടാങ്കര്‍ ലോറികള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. പ്ലാന്റില്‍ നിന്ന് ലോഡ് കൊണ്ടുപോകുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ മൂന്നു വരെ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു സര്‍ക്കാരുമായുണ്ടാക്കിയ ധാരണ. ഈ സമയത്തിനുള്ളില്‍ ടെന്‍ഡറിലെ അപാകതകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നായിരുന്നു തീരുമാനം. ടെന്‍ഡറിലെ അശാസ്ത്രീയ വ്യവസ്ഥകള്‍ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ടാങ്കര്‍ ലോറിയുടമകളും തൊഴിലാളികളും നടത്തിയ സമരത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ധാരണയായത്. എന്നാല്‍, പ്ലാന്റ് അധികൃതര്‍ ഈ ധാരണ ലംഘിച്ച് ടെന്‍ഡറില്‍ പങ്കെടുക്കാത്ത ടാങ്കറുകള്‍ക്ക് ഇന്ധന ലോഡ് എടുക്കാനുള്ള അനുമതി നല്‍കുകയായിരുന്നെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്.

Comments are Closed.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.