വാളും കത്തിയും താഴെയിടൂ…

Published:January 10, 2017

peace-bird-flying-from-hand-full

 

 
കഴിഞ്ഞദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയത് സമാധാനപ്രേമികളെ ഞെട്ടിക്കുന്ന വാര്‍ത്തകളിലൊന്നാണ്. ചക്കരക്കല്‍, കണ്ണപുരം, വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നിന്നായാണ് വലിയതോതില്‍ വാളുകളും കത്തിയും മറ്റായുധങ്ങളും കണ്ടെത്തിയത്. ഇതില്‍ പലയിടങ്ങളിലും കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുകയുമാണ്.
അതുകൊണ്ട് തന്നെ ആയുധശേഖരങ്ങളെ അതീവ ഗൗരവത്തോടെ കാണണം. വെട്ടിയും കുത്തിയും കൊലപ്പെടുത്തിയും രാഷ്ട്രീയം വളര്‍ത്താനും എതിരാളികളെ വകവരുത്താനും ശ്രമിക്കുന്ന കിരാത രാഷ്ട്രീയം ഇനി ജില്ലയില്‍ അനുവദിക്കരുത്. അതുകൊണ്ട് തന്നെ പോലീസ് നേതൃത്വവും രാഷ്ട്രീയ നേതൃത്വവും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മുഖംനോക്കാതെ നടപടിയും യാഥാര്‍ത്ഥ്യങ്ങളിലേക്കെത്തുന്ന അന്വേഷണവുമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. അതിന് തുരങ്കം വെക്കുന്ന നീക്കങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടാകരുത്. അങ്ങനെ ഉണ്ടാകുകയാണെങ്കില്‍ അവര്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് സാധാരണക്കാര്‍ പോലും കരുതും. ഈ ആയുധശേഖരങ്ങള്‍ ആരുടെ ശക്തികേന്ദ്രങ്ങളില്‍ നിന്നാണ് കണ്ടെത്തിയതെന്ന വാഗ്വാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതാണോ വേണ്ടത്. യഥാര്‍ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസുമായി സഹകരിക്കുന്ന നീക്കമാകണ് ജനങ്ങളുടെയും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. പരസ്പരം ആരോപണങ്ങളുമായി രംഗത്ത് വന്നാല്‍ അത് രാഷ്ട്രീയ സ്പര്‍ധ വളര്‍ത്തുന്നതിനെ ഉപകരിക്കുകയുള്ളൂ. അങ്ങനെയൊരു നീക്കമുണ്ടാകാതെ നോക്കേണ്ടത് അതത് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ അവരുടെ കടമയായിയെടുക്കണം. സംസ്ഥാന സ്‌കൂള്‍ കലോത്സവം പോലെയുള്ള മേളകള്‍ കണ്ണൂരിലേക്ക് എത്തുമ്പോഴെങ്കിലും സമാധാനചിന്ത ജനങ്ങളിലുണ്ടാകാന്‍ നമുക്ക് കഴിയണം. രാജ്യത്തോടും ജനങ്ങളോടും കടപ്പാടും ബാധ്യതകളുമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതിന് തയ്യാറാകണം. അല്ലാത്തപക്ഷം ശാശ്വത സമാധാനമെന്നത് കണ്ണൂരില്‍ ഒരിക്കലും കൊണ്ടുവരാനാവില്ല. അക്രമമുണ്ടാകുമ്പോള്‍ പോലീസിനെ മാത്രം കുറ്റപ്പെടുത്തി തടിയൂരുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ അക്രമമില്ലാതാക്കാന്‍ പോലീസ് നടത്തുന്ന നീക്കങ്ങള്‍ക്ക് എന്തുകൊണ്ട് പിന്തുണ നല്‍കുന്നില്ല. സമാധാനപ്രേമികളായ മനുഷ്യരുടെ മനസില്‍ ഉരുണ്ടുകൂടുന്ന സ്വാഭാവികമായ ചോദ്യം ഇല്ലാതാക്കാനെങ്കിലും പോലീസിനെ പിന്തുണക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരണം. എങ്കില്‍ നമുക്ക് രാഷ്ട്രീയ അക്രമങ്ങള്‍ ഇല്ലാതാക്കാമെന്ന ചെറിയ പ്രതീക്ഷയെങ്കിലും ബാക്കിയാക്കാം. അല്ലാത്തപക്ഷം കണ്ണൂരിന്റെ കണ്ണീര്‍ ചോരാതെ തന്നെ നില്‍ക്കും.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.