Monday, June 24th, 2019

പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി പയ്യന്നൂര്‍ താലൂക്ക്

പയ്യന്നൂര്‍ ആസ്ഥാനമാക്കി താലൂക്ക് ഇനി എപ്പോഴാണാവോ വരിക എന്ന കാത്തിരിപ്പിലാണ് ജനങ്ങള്‍.

Published On:Aug 10, 2017 | 11:11 am

കണ്ണൂര്‍:  ‘പയ്യന്നൂര്‍ താലൂക്ക് ആണന്നാണല്ലോ കേട്ടത് മോനേ..ഞാന്‍ അതിന്റെ കെട്ടിടവും കണ്ടതാ’. ചന്ദ്രേട്ടന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട്് പയ്യന്നൂര്‍ പൗരസമിതി പ്രസിഡന്റ് രവിമാഷ് പറഞ്ഞു. ‘ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി’. വര്‍ഷങ്ങളായുള്ള പയ്യന്നൂരുകാരുടെ സ്വപ്‌നമാണ് ഒരു താലൂക്ക് എന്നത്. അതിനായി അവര്‍ മുട്ടിവിളിക്കാത്ത വാതിലുകളുമില്ല. നീണ്ട സമരത്തിനൊടുവില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പയ്യന്നൂര്‍ താലൂക്ക് ഉടന്‍ എന്ന് പറഞ്ഞെങ്കിലും അത് വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി. സമരങ്ങള്‍ രൂക്ഷമാകുമ്പോള്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ വരുന്നത് സ്വാഭാവികമാണല്ലോ? പ്രഖ്യാപനം കേള്‍ക്കുമ്പോള്‍ ചിലര്‍ സമരം നിര്‍ത്തും. അതോടെ തീരും താലൂക്കിന്റെ ഭാവി.
ജനസംഖ്യയില്‍ ഏറെ മുന്നിലാണ് പയ്യന്നൂര്‍. ജില്ലയുടെ വടക്കുഭാഗത്തുള്ള പയ്യന്നൂരില്‍ 72,111 ആണ് ജനസംഖ്യ. താലൂക്ക് ഓഫീസില്‍ നിന്നും ഒരു നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെങ്കില്‍ 19 രൂപകൊടുത്ത് പയ്യന്നൂരില്‍ നിന്നും തളിപ്പറമ്പിലെത്തണം. ചെറുപുഴ ഭാഗത്തുള്ളവര്‍ക്കും മറ്റും ഒരു ദിവസത്തെ പണിയാണ് താലൂക്ക് ഓഫീസില്‍ എത്തുകയെന്നത്. എന്നാല്‍ ഒരു പ്രാവശ്യം വന്നാല്‍ മതിയോ, അതില്ല, ഇതില്ലായെന്നൊക്കെ പറഞ്ഞ് നൂറ് തവണ നടത്തിക്കും. പയ്യന്നൂര്‍ താലൂക്ക് ആയിരുന്നേല്‍ ഞങ്ങള്‍ക്ക് ആശ്വാസം ആകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
താലൂക്ക് ഓഫീസിനായി നിലവില്‍ കെട്ടിടമൊക്കെ കണ്ടുവെച്ചിട്ടുണ്ട്്. വിരോധാഭാസമെന്ന് പറയട്ടെ. ഉദ്ഘാടനം കഴിയും മുമ്പെ അതില്‍ ചിലര്‍ കയറിക്കൂടി. യു ഡി എഫും എല്‍ ഡി എഫും സംസ്ഥാനം മാറി മാറി ഭരിക്കുന്നുണ്ടെങ്കിലും താലൂക്കിന്റെ കാര്യത്തില്‍ മാത്രം ഇതുവരെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഉടന്‍ പയ്യന്നൂര്‍ താലൂക്ക് എന്ന് യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭരണം മാറി. പിന്നീട് എല്‍ ഡി എഫ് അധികാരത്തില്‍ വന്നു. ബജറ്റില്‍ വീണ്ടും ആ പ്രഖ്യാപനം വന്നു. പയ്യന്നൂര്‍ താലൂക്ക് ആവുന്നു. നാടൊട്ടുക്കും ഫഌക്‌സ് ബോര്‍ഡുകള്‍ നിരന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഘോഷങ്ങളും നടന്നു. എന്നാല്‍ ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ. പ്രതിഷേധമല്ലാതെ ഞങ്ങള്‍ക്ക് മുമ്പില്‍ വെറൊരു വഴിയുമില്ലെന്ന് രവിമാഷ് പറഞ്ഞു.
2006 ലെ എല്‍ ഡി എഫ് സര്‍ക്കാറില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന സ്ഥലം എം എല്‍ എ പി കെ ശ്രീമതി ടീച്ചറുടെ നേതൃത്വത്തില്‍ അന്ന് താലൂക്കിന്റെ സ്ട്രക്്ചര്‍ വര്‍ക്ക് ഏതാണ്ട്് പൂര്‍ത്തീകരിച്ചിരുന്നു. പക്ഷെ നടപടി ക്രമങ്ങള്‍ എങ്ങും എത്തിയില്ല. ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ബജറ്റിലാണ് അവസാനമായി താലൂക്ക് പ്രഖ്യാപനം നടത്തിയത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതാണെന്നും റവന്യൂ വകുപ്പാണ് നടപടിക്രമങ്ങള്‍ നീക്കേണ്ടതെന്നും സി കൃഷ്ണന്‍ എം എല്‍ എ സുദിനത്തോട് പറഞ്ഞു.
പയ്യന്നൂര്‍ താലൂക്കിനായി ഒരുങ്ങിക്കഴിഞ്ഞു. ഓഫീസുകള്‍ എല്ലാം തയ്യാറാവുകയും ചെയ്തു. സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച കുന്ദമംഗലത്തിനും പയ്യന്നൂരിനും ഭരണാനുമതി കിട്ടേണ്ടതുണ്ട്്. ഈ വര്‍ഷം തന്നെ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലൂക്ക് വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. ഞങ്ങള്‍ അതിനായി ഒരുപാട് ശ്രമിച്ചതാണ്.ഏതൊക്കെ വില്ലേജുകളാണ് താലൂക്കില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് റവന്യൂ വകുപ്പിനും സര്‍ക്കാറിനും ഇപ്പോഴും ഒരു പിടിയുമില്ല. സ്ഥിരമായി ഇവിടെ നിന്ന് ജയിച്ച് പോകുന്ന എം എല്‍ എമാരുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം പഴിചാരി മുന്നോട്ട് പോകുന്നതല്ലാതെ പയ്യന്നൂര്‍ താലൂക്ക് എന്ന സ്വപ്‌നം ഇനിയും പൂവണിഞ്ഞില്ല. പയ്യന്നൂര്‍ ആസ്ഥാനമാക്കി താലൂക്ക് ഇനി എപ്പോഴാണാവോ വരിക എന്ന കാത്തിരിപ്പിലാണ് ജനങ്ങള്‍.

 

 

 

LIVE NEWS - ONLINE

 • 1
  2 hours ago

  കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

 • 2
  4 hours ago

  ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

 • 3
  5 hours ago

  ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

 • 4
  7 hours ago

  കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

 • 5
  8 hours ago

  അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

 • 6
  9 hours ago

  സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

 • 7
  10 hours ago

  അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

 • 8
  11 hours ago

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

 • 9
  11 hours ago

  കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല