Saturday, September 22nd, 2018

പത്തനംതിട്ടയിലും തൃശൂരും രക്ഷാപ്രവര്‍ത്തനം തുടരുന്നു

കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങ

Published On:Aug 20, 2018 | 9:54 am

പത്തനംതിട്ട/തൃശൂര്‍: പ്രളയം തകര്‍ത്തെറിഞ്ഞ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം അടുത്ത രണ്ട് ദിവസം കൂടി തുടരും. ചെറുവള്ളങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇനി അവിടെ രക്ഷാപ്രവര്‍ത്തനം. മത്സ്യത്തൊഴിലാളികളുടെ വലിയ ബോട്ടുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ചെറിയ വള്ളങ്ങള്‍ ഉപയോഗിക്കുന്നത്. ചെങ്ങന്നൂരില്‍ ആയിരങ്ങള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. വെളളവും ഭക്ഷണവും കിട്ടാതെ ആയിരങ്ങള്‍ ഇപ്പോഴും വീടുകളുടെ ടെറസിലും ഉയര്‍ന്ന സ്ഥലങ്ങളിലുമാണ് ഇവരുള്ളത്. ഇതില്‍ മൂന്ന് മാസം പ്രായമുളള കുട്ടി മുതല്‍ 97 വയസുള്ള വൃദ്ധവരെ ഉള്‍പ്പെടുന്നു. പതിനേഴ് മേഖലകള്‍ തിരിച്ച് 140 ബോട്ടുകളിലായി പട്ടാളവും നേവിയും മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്‌സും പൊലീസും ഗ്രാമങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെങ്ങന്നൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ ഇതൊന്നും മതിയാകുന്നില്ല. ബോട്ടുകളും ചെറുവളളങ്ങളും എത്താത്ത സ്ഥലങ്ങളില്‍ അഞ്ച് ഹെലികോപ്ടറുകളില്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കാനാണ് നേവിയുടെ ശ്രമം. താഴ്ന്ന പ്രദേശങ്ങളായ പാണ്ടനാട്, തിരുവന്‍ വണ്ടൂര്‍, ഇടനാട്, മംഗലം, പ്രയാര്‍, കുത്തിയതോട്, മിത്രമഠം, നാക്കട എന്നിവിടങ്ങള്‍ പ്രളയജലം തകര്‍ത്തെറിഞ്ഞു. ഇവിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചിട്ടില്ല. മുന്നറിയിപ്പൊന്നുമില്ലാതിരുന്ന 15ന് അര്‍ധരാത്രി ചെങ്ങന്നൂര്‍ നിവാസികള്‍ നല്ല ഉറക്കത്തിലായിരുന്നപ്പോഴാണ് പമ്പ ഗതിമാറിയും കരകവിഞ്ഞും ഗ്രാമങ്ങളിലേക്ക് ആര്‍ത്തലച്ച് ഒഴുകിയെത്തിയത്. ഇതോടെ ഭീതിയിലാണ്ട ജനം പ്രാണരക്ഷാര്‍ത്ഥം വീടുകളുടെ ടെറസിലും മുകളിലത്തെ നിലയിലുമായി കയറുകയായിരുന്നു. ഇങ്ങനെ രക്ഷപെടാന്‍ കഴിയാത്തവരുടെ ഒരു വിവരവും സര്‍ക്കാരിന്റെ പക്കലില്ല.
രക്ഷാ പ്രവര്‍ത്തനത്തിന് ഏകോപനമില്ലാത്തത് ചെങ്ങന്നൂരില്‍ സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട്. ഏതെല്ലാം പ്രദേശങ്ങളിലാണ് ആളുകള്‍ ഉള്ളതെന്നും അവിടെ എങ്ങനെയുളള രക്ഷാ ദൗത്യമാണ് നടത്തെണ്ടതെന്നും തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുളള രക്ഷാ പ്രവര്‍ത്തനമാണ് നടക്കുന്നത്. അതിനാല്‍ വെള്ളവും ഭക്ഷണവും ലഭിക്കാത്തവരെ കണ്ടെത്താനാകുന്നില്ല. മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുളള ടെറസുകളില്‍ കഴിയുന്നവര്‍ക്ക് ഹെലികോപ്ടറില്‍ ഭക്ഷണം എത്തിക്കാനുളള ശ്രമവും പരാജയപ്പെടുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥലപരിചയമുളള ആളുകള്‍ ഇല്ലാത്തതും ആളുകള്‍ കുടുങ്ങിയ പ്രദേശങ്ങള്‍ കണ്ടെത്താന്‍ തടസമാകുന്നുണ്ട്. അതേസമയം പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിലേയ്ക്ക് 130 ആര്‍.എ.എഫ് ഉദ്യോഗസ്ഥരും 70 വോളണ്ടിയര്‍മാരും 30 റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഭക്ഷ്യധാന്യങ്ങളടങ്ങുന്ന 20 കിലോയുടെ 200 ബാഗുകള്‍ തലച്ചുമടായി എത്തിച്ചു. നെന്മാറയില്‍ നിന്ന് പത്ത് കിലോമീറ്ററോളം വാഹനത്തിനും തുടര്‍ന്ന് ഏകദേശം 20 കിലോമീറ്ററോളം കാല്‍നടയായുമാണ് പ്രദേശത്തെത്തിയത്. ചുരവും പാലവും ഇടിഞ്ഞ പ്രദേശങ്ങളില്‍ വടം കെട്ടിയും മറ്റുമാണ് രക്ഷാസംഘം ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രദേശത്തെത്തിയത്. അരിയും ബിസ്‌കറ്റും പഴവും ഇഡലിയും വെള്ളവും മരുന്നും മറ്റുമടങ്ങിയ വസ്തുക്കളാണ് എത്തിച്ചത്. ഇത്രയും തന്നെ ഭക്ഷ്യധാന്യങ്ങളുമായി സംഘം ഇന്ന് വീണ്ടും സംഘമെത്തും. നിലവില്‍ പ്രദേശത്ത് മൊബൈല്‍ വൈദ്യുതി ബന്ധം ഇല്ലാത്തതും നെല്ലിയാമ്പതിയില്‍ ഉള്ള വാഹനങ്ങളില്‍ ഇന്ധനം ഇല്ലാത്തതും പ്രതിസന്ധിയാണ്.
അതിനിടെ, തൃശൂര്‍ ആറാട്ടുപുഴക്കു സമീപം എട്ടുമനയിലെ ഇല്ലിക്കല്‍ ബണ്ട് തകര്‍ന്ന് എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി. അപകടത്തില്‍ ആളപായമില്ല. വന്‍ അപകടം മുന്നില്‍കണ്ട് നേരത്തെതന്നെ പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിരുന്നു. ഏതാണ്ട് അരലക്ഷം ആളുകളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. പ്രദേശത്തെ വാഹനങ്ങളും വീടുകളും പൂര്‍ണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം കരുവന്നൂര്‍ പുഴയിലെ ചെറിയ ബണ്ട് പൊട്ടിയപ്പോള്‍ തന്നെ ഗതിമാറി ഒഴുകുകയായിരുന്നു. അന്ന് എട്ടുമന, തളിക്കുളം, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. ഇതിനിടെയാണ് എട്ടുമന ബണ്ട് കൂടി പൊട്ടിയത്.
ഇതിനിടെ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങി. ബംഗളൂരുവില്‍ നിന്നുള്ള വിമാനം വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ വിമാനത്താവളത്തില്‍ ഇറങ്ങി. നാല് സര്‍വീസുകള്‍ ഇതുവരെ നടത്തി. എന്നാല്‍ അന്താരാഷ്ട്ര സര്‍വീസുകളൊന്നും തന്നെ നടത്തുന്നില്ല.
ഇടുക്കി അണക്കെട്ടില്‍ ജല നിരപ്പ് കുറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 2401.86 അടിയാണ് ജലനിരപ്പ്. ഇടവിട്ട് മാത്രം മഴ പെയ്യുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ടായി. സെക്കന്റില്‍ 520 ഘന മീറ്റര്‍ വെള്ളം മാത്രമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 600 ഘനമീറ്റര്‍ ഷട്ടറുകള്‍ വഴിയും 114 പവര്‍ ഹൗസുകള്‍ വഴിയും തുറന്നുവിട്ടിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയില്‍ തുടരുകയാണ്. 3890 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍നിന്ന് 1684 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് തുറന്നുവിട്ടിരിക്കുന്നത്.

 

 

LIVE NEWS - ONLINE

 • 1
  47 mins ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 2
  47 mins ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 3
  48 mins ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 4
  3 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 5
  4 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 6
  4 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 7
  4 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 8
  4 hours ago

  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

 • 9
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി