തിരു : എസ് എഫ് ഐ മാര്‍ച്ചില്‍ പോലീസ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ പ്രയോഗിച്ച ഗ്രനേഡുമായി ഇ പി ജയരാജന് നിയമസഭയില്‍. മാരകായുധങ്ങള്‍ സഭയില്‍ കൊണ്ടുവന്ന നടപടിക്കെതിരെ സ്പീക്കറുടെ താക്കീത്. ഒടുവില്‍ പ്രതിപക്ഷത്തിന്റെ ബഹിഷ്കരണവും. നിയമസഭില്‍ ഇന്ന് നടന്ന നാടകീയ രംഗങ്ങളാണ് ഇത്. കഴിഞ്ഞ ദിവസം അനീഷ് രാജിന്റെ കൊലയാളികളെ പിടികൂടണമെന്ന ആവശ്യവുമായി സമരം ചെയ്ത എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ പി … Continue reading "ഗ്രനേഡുമായി ഇ പി ജയരാജന് ; താക്കീതുമായി സ്പീക്കര്‍ : പ്രതിപക്ഷം ഇറങ്ങിപ്പോയി"
കഴിഞ്ഞ ദിവസം അനീഷ് രാജിന്റെ കൊലയാളികളെ പിടികൂടണമെന്ന ആവശ്യവുമായി സമരം ചെയ്ത എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. അക്രമത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാരകമായി പരിക്കേറ്റുവെന്നും ഒരു പെണ്‍കുട്ടിയുടെ കാല്‍മുട്ട് തകര്‍ന്നെന്നും ജയരാജന് ആരോപിച്ചു. ഇതിനിടെയാണ് പോലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ പ്രയോഗിച്ച ഗ്രനേഡിന്റെ ഭാഗം ജയരാജന് സഭയില്‍ ഉയര്‍ത്തിക്കാട്ടിയത്. ഇത്തരം വസ്തുക്കള്‍ സഭയില്‍ കൊണ്ടുവരരുതെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് ജയരാജന് റൂളിംഗ് നല്കി. അത് എടുത്തുമാറ്റാന്‍ വാച്ച് ആന്റ് വാര്‍ഡിനോട് സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
അനീഷ് രാജിന്റെ കൊലപാതകത്തില്‍ ഒന്‍പതു പേരെയാണ് പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെങ്കിലും അവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പിന്നീട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ആരോപിച്ചു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കു നേരെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നും വി എസ് ചൂണ്ടിക്കാട്ടി.
എന്നാല്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചിട്ടില്ലെന്നും പിതൃതുല്യമായ വാത്സല്യത്തോടെയാണ് പോലീസ് പെരുമാറിയതെന്നും മറുപടി പറഞ്ഞ ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. പിതാവ് ഇങ്ങനെ പെരുമാറിയാല്‍ കുട്ടികളുടെ അവസ്ഥയെന്താകുമെന്ന് വി എസ് തിരിച്ചടിച്ചു.
ഇതേതുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷം സഭ വിട്ടത്.