Tuesday, June 25th, 2019

കേരളം നടത്തിയത് അതിജീവനത്തിന്റെ പോരാട്ടം: മുഖ്യമന്ത്രി

കാലവര്‍ഷമായി ആരംഭിച്ച മഴ പിന്നീട് മഹാപ്രളയമായി മാറുകയായിരുന്നു.

Published On:Aug 30, 2018 | 10:07 am

തിരു:  സംസ്ഥാനം നേരിട്ടത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ നടുക്കിയ പ്രളയത്തില്‍ 483 ജീവനുകള്‍ നഷ്ടപ്പെട്ടു. 14 പേരെ കാണാതായി. 59,296 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്വജീവന്‍ പണയം വെച്ച് പ്രവര്‍ത്തിച്ചു. പ്രളയത്തെ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ഫലപ്രദമായി നേരിട്ടു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊതു ജനങ്ങളുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയ എല്ലാവര്‍ക്കും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിന്ന സഭയിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
ബഹുജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേന്ദ്ര സേനയെയും സൈന്യത്തെയും പോലീസ്, മറ്റ് സംസ്ഥാന സംവിധാനങ്ങളെയും ഫലപ്രദമായി പങ്കെടുപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആഗസ്ത് ഒമ്പതിന് തുടങ്ങി. ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഏകോപനം മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പോലീസിന് നല്‍കി. മത്സ്യത്തൊഴിലാളികളെ ഉള്‍ക്കൊള്ളിച്ചു. ലക്ഷക്കണക്കിന് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ദിനേന രണ്ടു നേരം അവലോകന യോഗം ചേര്‍ന്നു. യോജിച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ സര്‍വ കക്ഷിയോഗവും ചേര്‍ന്നു. വിവിധ ഘട്ടങ്ങളില്‍ മന്ത്രിസഭാ യോഗങ്ങളും ചേര്‍ന്നു.
7443 പേര്‍ കേന്ദ്ര സേനകളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് വന്നു. 4000 പൊലീസും 3000 ഓളം അഗ്‌നിശമന സേനാ വിഭാഗവും രക്ഷാ പ്രവര്‍ത്തനത്തില്‍ അണിനിരന്നു. കൂടാതെ മറ്റ് സേനാ വിഭാഗങ്ങളും വന്നു. മത്സ്യത്തൊഴിലകളികള്‍ രക്ഷാ സേനകളായി.
നഷ്ടങ്ങള്‍, പാരിസ്ഥിതിക മാറ്റങ്ങള്‍ തുടങ്ങി എല്ലാം കണക്കിലെടുത്താല്‍ വന്‍ നഷ്ടമാണുണ്ടായത്. കാലാവസ്ഥാ കേന്ദ്രങ്ങള്‍ കാലവര്‍ഷക്കെടുതി പ്രവചിച്ചപ്പോള്‍ അത് നേരിടാന്‍ എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിയിരുന്നു. 2018 മെയ് മുതല്‍ തന്നെ അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എന്നാല്‍ പ്രവചിച്ചതിനേക്കാള്‍ വലിയ രീതിയിലാണ് കാലവര്‍ഷം വന്നത്. ഇതാണ് സംവിധാനങ്ങള്‍ അപര്യാപ്തമാക്കുന്നതിനിടയാക്കിയത്. കാലാവസ്ഥാ പ്രവചനത്തിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച മഴയാണ് സംസ്ഥാനത്ത് പെയ്തത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണക്കു കൂട്ടിയതിനേക്കാള്‍ മൂന്നിരിട്ടി മഴയാണ് ഉണ്ടായത്. 82 ഡാമുകളും നിറഞ്ഞു കവിഞ്ഞു. കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെയാണ് ദുരന്തങ്ങള്‍ തുടങ്ങിയത്. പല ജില്ലകളും ഉരുള്‍പ്പൊട്ടലുകളില്‍ ഒറ്റപ്പെട്ടു. ജീവനുകള്‍ നഷ്ടമായി. പലയിടങ്ങളിലും നദികള്‍ വഴിമാറി ഒഴുകി. ഉരുള്‍പ്പൊട്ടലിലും മഴയിലും ഭൂമിയുടെ ഘടന തന്നെ മാറി മറഞ്ഞു. ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയത്തിലേക്ക് സംസ്ഥാനം എടുത്തെറിയപ്പെട്ടു.
അതിജീവനത്തിന്റെ ആദ്യഘട്ടമായ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. ഇനി പുനരധിവാസമാണ്. ഒറ്റക്കെട്ടായുള്ള നമ്മുടെ സമീപനം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം. ത്യാഗ സന്നദ്ധതയുടെയും ആത്മസമര്‍പ്പണത്തിന്റെയും പുതു വഴികളാണ് ഈ രക്ഷാപ്രവര്‍ത്തനം തുറന്നത്. ക്യാമ്പുകളിലുള്ളവര്‍ക്ക് അടിസ്ഥാന സഹായമൊരുക്കുന്നവര്‍ക്ക് വലിയ സഹായമാണ് സംസ്ഥാനത്തിന്റെയും രാജ്യത്തെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായത്.
പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ഗതാഗത സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നത് നല്ല രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ നടത്തിയത് അതിജീവനത്തിന്റെ പോരാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു മണിവരെയാണ് സഭ ചേരുക.

 

 

LIVE NEWS - ONLINE

 • 1
  59 mins ago

  റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

 • 2
  3 hours ago

  മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

 • 3
  4 hours ago

  മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

 • 4
  5 hours ago

  സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

 • 5
  5 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

 • 6
  6 hours ago

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

 • 7
  6 hours ago

  പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

 • 8
  6 hours ago

  ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

 • 9
  7 hours ago

  നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി