Monday, November 19th, 2018

തില്ലങ്കേരി സ്വദേശിനിയുടെ മരണം നിപ ബാധിച്ചല്ലെന്ന് സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നെത്തി;  ജനം ഭീതിയില്‍

Published On:Jun 2, 2018 | 12:07 pm

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂത്തുപറമ്പ് തില്ലങ്കേരി തലച്ചങ്ങാട് സ്വദേശിനി റോജ (39) മരിച്ചത് നിപ വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരണം. മൂന്ന് ദിവസം മുമ്പാണ് റോജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ രണ്ടാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് യുവതി മട്ടന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ചു ദിവസം ഇവിടെ ചികിത്സ നടത്തിയെങ്കിലും പനി മാറാതായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായ ബാലനാണ് മരിച്ച റോജയുടെ ഭര്‍ത്താവ്. ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി അയന ഏക മകളാണ്.
റോജക്ക് രോഗം വരാനുള്ള സാധ്യതയും പരിശോധിച്ച് വരികയാണ്. അടുത്ത ഒരു ബന്ധുവിന്റെ പ്രസവവുമായി ബന്ധപ്പെട്ട് റോജ ഒരു ദിവസം തലശ്ശേരിയിലെ ഒരു ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഈ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും റോജ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെ ജീവനക്കാരും നീരീക്ഷണത്തിലാണെന്നും ആരിലും ഇതുവരെ സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നിപ ബാധിച്ചു 17 പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള കണക്ക്. ഇതില്‍ റോജയുടെ മരണം ഉള്‍പ്പെടുത്തിയിട്ടില്ല. ആറ് പേര്‍ രോഗ ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരിച്ചയാളുകളുമായി ബന്ധപ്പെട്ട 2000ത്തോളം പേരെയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരുന്നത്. മരിച്ച റോജയുടെ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാതെ മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌ക്കരിക്കാനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്. റോജയുമായി ഇടപഴകിയ ആളുകളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിപ രണ്ടാംഘട്ടത്തിലേക്ക് കടന്ന പശ്ചാലത്തലത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് അടിയന്തര ആലോചനാ യോഗം ചേര്‍ന്നു. നിപ വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. അങ്ങിനെയെങ്കില്‍ രണ്ടാംഘട്ടത്തില്‍ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിനിടെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടുണ്ട്. കേന്ദ്ര സംഘത്തിന്റെ ഉള്‍പ്പെടെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും ഇത് രോഗികള്‍ക്ക് നല്‍കിത്തുടങ്ങുക.

 

LIVE NEWS - ONLINE

 • 1
  57 mins ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  2 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  4 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  7 hours ago

  ശബരിമല കത്തിക്കരുത്

 • 5
  8 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  8 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  8 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  10 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  10 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’