നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Published:November 24, 2016

Thunderbold Maoist Full

 

 

 

 

 
മലപ്പുറം: നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആന്ധ്ര സ്വദേശി കുപ്പു ദേവരാജ്, കാവേരിയെന്ന അജിത എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നിലമ്പൂര്‍ സൗത്ത് ഡിവിഷനു കീഴിലെ മൂത്തേടം പഞ്ചായത്തില്‍ കരുളായി വനം റേഞ്ച് ഓഫിസ് പരിധിയിലുള്ള പടുക്ക വനത്തിലാണ് പതിനൊന്നരയോടെ വെടിവെപ്പ് നടന്നത്. മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരത്തെതുടര്‍ന്നാണ് പുലര്‍ച്ചെ നാലുമണിക്കാണ് 60 പേരങ്ങുന്ന തണ്ടര്‍ ബോള്‍ട്ടും തീവ്രവാദ വിരുദ്ധ സംഘവും വനത്തിനുള്ളിലേക്ക് നീങ്ങിയത്. പതിനൊന്നരയോടെ തണ്ടര്‍ബോള്‍ട്ട്‌സംഘം രണ്ട് ആംബുലന്‍സുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവ പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്. ജനവാസ കേന്ദ്രത്തില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെ വനത്തിലാണു വെടിവയ്പു നടന്നത്. ഇവിടെ മാവോയിസ്റ്റുകളുടെ ബേസ് ക്യാംപ് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് തയാറാക്കിയ പദ്ധതിപ്രകാരമാണ് തിരച്ചില്‍ തുടങ്ങിയത്. പോലീസുകാരെയല്ലാതെ ആരെയും വനത്തിലേക്ക് കടത്തിവിടുന്നില്ല. മലപ്പുറം ജില്ലാ പോലീസ്‌മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.