നെക്സ ഡീലര്‍ഷിപ്പുകള്‍ മുഖേന മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം
നെക്സ ഡീലര്‍ഷിപ്പുകള്‍ മുഖേന മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം
പുതിയ സിയാസ് ഫെയ്സ്ലിഫ്റ്റിനെ മാരുതി ഓഗസ്റ്റ് ആറിന് വിപണിയില്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. നെക്സ ഡീലര്‍ഷിപ്പുകള്‍ മുഖേന മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. പുറംമോടിയിലും അകത്തളത്തിലും ചെറിയ മാറ്റങ്ങളോടെയാണ് പുതിയ സിയാസ് വില്പനയ്ക്കെത്തുക. ബമ്പറും ഗ്രില്ലും ഉള്‍പ്പെടെ പുതിയ സിയാസിന്റെ മുഖരൂപം മാരുതി പരിഷ്കരിച്ചിട്ടുണ്ട്.
വീതി കൂടിയ ഗ്രില്ല്, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഒരുങ്ങുന്ന നീളമേറിയ ഹെഡ്ലാമ്പുകള്‍, പരിഷ്കരിച്ച ഫോഗ്ലാമ്പുകള്‍, 15 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയ് വീലുകള്‍, വൈദ്യുത സണ്‍റൂഫ് എന്നിവ സിയാസ് ഫെയ്സ്ലിഫ്റ്റിന്റെ വിശേഷങ്ങളാണ്. അതേസമയം നിലവിലുള്ള സിയാസിന് സമാനമായി ക്രോം ഡോര്‍ ഹാന്‍ഡിലുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടു കൂടിയ മിററുകളും മോഡലില്‍ തുടരും. നിലവിലുള്ള മോഡലിനെക്കാളും കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ സിയാസ് ഫെയ്സ്ലിഫ്റ്റ് അവകാശപ്പെടും.
പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്ട്രോള്, നടുവിലായുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ സ്ക്രീന്‍, 2 DIN ഓഡിയോ സംവിധാനം, ടാക്കോമീറ്റര്‍ എന്നിങ്ങനെ അകത്തളത്തില്‍ മാറ്റങ്ങളേറെ പ്രതീക്ഷിക്കാം. പുതിയ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് 2018 സിയാസ് ഫെയ്സ്ലിഫ്റ്റിന്റെ മുഖ്യവിശേഷം. നിലവിലുള്ള 1.4 ലിറ്റര്‍ K14 എഞ്ചിന് പകരമാണിത്. പുതിയ എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന് കാറില്‍ ഒരുങ്ങും. അതേസമയം ഡീസല്‍ പതിപ്പില്‍ നിലവിലുള്ള 1.3 ലിറ്റര്‍ എഞ്ചിന് തന്നെയാണ് തുടരുക. എട്ടു മുതല്‍ 13 ലക്ഷം രൂപ വരെ വിലനിലവാരം പുതിയ സിയാസ് ഫെയ്സ്ലിഫ്റ്റിന് കരുതുന്നതില്‍ തെറ്റില്ല.