Monday, September 25th, 2017

‘വിധി കര്‍ത്താക്കളുടെ’ ശ്രദ്ധക്ക്, അടുത്ത കോഡ് നമ്പര്‍ ടീം സുലൈമാനി

ടീം സുലൈമാനി എന്ന പേരില്‍ ഒരു മ്യൂസിക്കല്‍ ബാന്റ് രൂപീകരിച്ച് ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നെടുത്ത 'നന്മയുടെ കണ്ണൂര്‍' എന്ന വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു.

Published On:Aug 28, 2017 | 3:22 pm

പ്രദീപന്‍ തൈക്കണ്ടി
കണ്ണൂര്‍: സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ തെളിയുമ്പോള്‍ ആദ്യകാഴ്ച മണല്‍ത്തരികളില്‍ ഇരുന്ന് ഗിറ്റാറില്‍ ഈണമിടുന്ന ഒരു യുവാവിന്റെതാണ്. അയാള്‍ എല്ലാം മറന്ന് സംഗീതം പൊഴിക്കുമ്പോള്‍ കൂടെയുള്ള യുവാവ് അതില്‍ ലയിച്ച് പാടുകയാണ്.

‘അറബി കടലിന്
താളമീനാട്
തീരം തഴുകി
പുണരുമീനാട്
മയ്യഴി വിടരും
തിറയുടെ ഈ മണ്ണില്‍
തെയ്യം തുള്ളും താളം’

അതെ, ഇത് തിറയുടെയും തറിയുടെയും നാടാണ്. കലുഷിതമായ കണ്ണൂരിന്റെ മുഖം മാത്രം കണ്ടുശീലിച്ച, കേട്ട് പരിചയിച്ചവര്‍ക്ക് മുന്നില്‍ നന്മയുള്ള കണ്ണൂരിന്റെ ചിത്രം വരച്ചുകാട്ടുകയാണ് ഒരു കൂട്ടം യുവാക്കള്‍.
ടീം സുലൈമാനി എന്ന പേരില്‍ ഒരു മ്യൂസിക്കല്‍ ബാന്റ് രൂപീകരിച്ച് ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നെടുത്ത ‘നന്മയുടെ കണ്ണൂര്‍’ എന്ന വീഡിയോ ആല്‍ബത്തിന്റെ ആദ്യഷോട്ടിനെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. ജനതാദള്‍(എസ്) ദേശീയസമിതി അംഗവും കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ അഡ്വ. ടി നിസാര്‍ അഹമ്മദിന്റെ മകന്‍ ചാലാട് സ്വദേശി എഞ്ചിനീയര്‍ ഇ ജിജിന്‍ എന്ന അപ്പു, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി പി സന്തോഷ് കുമാറിന്റെ മകന്‍ ചൊവ്വയിലെ സിബിന്‍ സന്തോഷ് ചൊവ്വയിലെ ജിതിന്‍സാജ്, കണ്ണൂര്‍ സിറ്റി അഞ്ചുകണ്ടിയിലെ ആല്‍വിന്‍ അഗസ്റ്റിന്‍, കണ്ണൂര്‍ തളാപ്പ് സ്വദേശി നിഹാദ് അസീസ്, ചക്കരക്കല്ലിലെ പി അതുല്‍, പയ്യാമ്പലം സ്വദേശി നദീം, കക്കാട്ടെ റോഷന്‍ ഹാരീസ്, പയ്യാമ്പലത്തെ ശിഫാദ് ഇബ്രാഹിം, പഴയങ്ങാടിയിലെ അര്‍ജുന്‍, ഏച്ചൂരിലെ എമില്‍, എന്നിവര്‍ ചേര്‍ന്നതാണ് ടീം സുലൈമാനി.

ചേകവ ചാവേര്‍
രാഷ്ട്രീയ ചരിതം,
വേണ്ടെ വേണ്ട
ഇനിയീ മണ്ണില്‍
ജാതിമതഭേദം
ഒന്നുമില്ലാതെ
നന്മ നിറഞ്ഞീടട്ടെ
ഓനും ഞാനും
പിറന്നൊരീമണ്ണില്‍
ശാന്തി പരന്നിടട്ടെ…

എന്നുപറഞ്ഞാണ് ഗാനം അവസാനിക്കുന്നത്.
ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ തലകാണാതെ പോകുന്ന പ്രദേശമാണ് കണ്ണൂരെന്ന അപഖ്യാതി മായ്ച്ച് കളയാനുള്ള ഒരു എളിയ ശ്രമമാണ് ടീം സുലൈമാനിയുടെത്. സമാധാനത്തിന്റെയും ശാന്തിയുടെയും മുഖംകൂടി കണ്ണൂരിനുണ്ടെന്ന് മാലോകരെ അറിയിക്കാനുള്ള പരിശ്രമത്തിന്റെ പരിസമാപ്തിയാണ് നന്മയുള്ള കണ്ണൂരെന്ന വീഡിയോ ആല്‍ബം.
പ്രകൃതിഭംഗിയില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലെ കാഴ്ചകള്‍ മൂന്നരമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മിന്നിമറയുന്നുണ്ട്്. ഏഴിമലയും ചെമ്പല്ലിക്കുണ്ടും പയ്യാമ്പലവും മുഴപ്പിലങ്ങാട് ബീച്ചും മാപ്പിളബേയും കണ്ണൂര്‍ നഗരവുമെല്ലാം ക്യാമറക്കണ്ണുകള്‍ മിഴിവോടെ ഒപ്പിയെടുത്തിട്ടുണ്ട്. സംവിധായകരായ ജിജിന്‍, ജിതിന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ആല്‍വിന്‍ അഗസ്തിനാണ്. നിഹാദ് അസീസിന്റെ സ്വരമാധുരിയാണ് കേള്‍വിക്കാരെ കുളിരണിയിക്കുന്നത്. അതുലാണ് അസിസ്റ്റന്റ് ഡയരക്ടര്‍. ആനിമേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് റോഷന്‍ ഹാരീസാണ്. എമിന്‍, അര്‍ജുന്‍ എന്നിവരാണ് ഛായാഗ്രാഹകര്‍, ശരത്താണ് ചിത്ര സംയോജനം. നിഖില്‍ അഹമ്മദാണ് നിര്‍മ്മാണം.
എട്ടുമാസക്കാലത്തെ കഠിനപ്രയത്‌നത്തിനൊടുവിലാണ് വീഡിയോ ആല്‍ബം പ്രേക്ഷകരുടെ വിധിയെഴുത്തിനായി ടീം സുലൈമാനി വിട്ടുകൊടുത്തിരിക്കുന്നത്. ഈ വീഡിയോ ആല്‍ബം യു ട്യൂബിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു.
ഇനി അല്‍പം ഫഌഷ്ബാക്ക്…കണ്ണൂര്‍ നെഞ്ചേറ്റിയ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളിയ സമയം. വിവിധ ജില്ലകളില്‍ നിന്നും കണ്ണൂരിലെത്തുന്നവര്‍ക്ക് കണ്ണൂരിനെക്കുറിച്ചുള്ള ഭീതി ഒഴിവാക്കാന്‍ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കണം എന്ന ചിന്ത കലശലായി. എങ്കില്‍ ഒരു സംഗീതസദ്യയാവാമെന്ന് ചിലര്‍. അങ്ങനെ സെന്റ് മൈക്കിള്‍സ് സ്‌കൂളിന്റെ അങ്കണത്തില്‍ ടീം സുലൈമാനി എന്ന പേരില്‍ ഒരു പന്തല്‍ ഉയര്‍ന്നു. പിന്നെ കലോത്സവ ദിവസങ്ങളില്‍ ഇവിടെ സംഗീതമഴ പെയ്തിറങ്ങുകയായിരുന്നു. അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളുമായി പലരും പന്തലിലെത്തി. കലോത്സവം കഴിഞ്ഞു. ടീം സുലൈമാനി പിന്നെയും കൂടിയിരുന്നു. ചിന്തകള്‍ പങ്കുവെച്ചു. അങ്ങനെ നന്മയുള്ള കണ്ണൂര്‍ വീഡിയോ ആല്‍ബം പിറക്കുകയായിരുന്നു. ഇനി കാണാം…യൂ ട്യൂബിലൂടെ…കണ്ണൂരിന്റെ നന്മകള്‍…നന്മയുള്ള കണ്ണൂരിനെ…

Link : https://m.facebook.com/story.php?story_fbid=1965802043660801&id=1724813931092948

LIVE NEWS - ONLINE

 • 1
  24 mins ago

  ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

 • 2
  1 hour ago

  നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

 • 3
  1 hour ago

  നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

 • 4
  1 hour ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ 

 • 5
  2 hours ago

  ഇടപാടുകാരുടെ ആശങ്കയകറ്റണം

 • 6
  2 hours ago

  വിരലുകള്‍ക്ക് അഴകേറും മിഞ്ചികള്‍

 • 7
  3 hours ago

  പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

 • 8
  3 hours ago

  മന്ത്രി തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണം: ചെന്നിത്തല

 • 9
  3 hours ago

  ബന്ധു നിയമന കേസില്‍ ഇ.പി ജയരാജനെ കുറ്റവിമുക്തനാക്കി