മുത്തലാഖ് ന്യായീകരിക്കാനാവില്ല: കാരാട്ട്

Published:December 20, 2016

Prakash Karat Full 11111

 

 

കണ്ണൂര്‍: വ്യക്തി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനെയും ഏകീകൃത സിവില്‍കോഡിനെയും കൂട്ടിക്കുഴക്കരുതെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ന്യൂനപക്ഷ സാംസ്‌കാരിക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഏകീകൃത സിവില്‍കോഡും ഇടതുപക്ഷവും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് മതവിഭാഗമായാലും വ്യക്തിനിയമങ്ങളില്‍ പോരായ്മകളും വിവേചനങ്ങളുമുണ്ട്. അത് പരിഷ്‌കരിക്കണം. ഏകപക്ഷീയമായി ഒറ്റയടിക്ക് മൂന്ന് ത്വലാക്ക് ചൊല്ലുന്നത് ന്യായീകരിക്കാനാവില്ല. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വെച്ച് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ബി ജെ പി സര്‍ക്കാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. ഹിന്ദുമതത്തിലെ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ ഒരുവാക്ക് പോലും സംസാരിക്കാത്ത ബി ജെ പിക്ക് മുസ്ലിം സ്ത്രീകളിലെ വിവേചനത്തെ പറ്റി പറയാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്? രണ്ടുവര്‍ഷമായി അധികാരത്തില്‍ വന്നതിന് ശേഷം ഹിന്ദുത്വ വര്‍ഗീയവാദം ഏതൊക്കെ രീതിയിലാണ് നടത്തിയത്. ബീഫിന്റെ പേരിലും ഗോമാംസം സൂക്ഷിച്ചതിന്റെ പേരിലും എന്തൊക്കെ അക്രമങ്ങളാണ് ബി ജെ പി ഇവിടെ നടപ്പിലാക്കിയത്. ബി ജെ പി ഭരണത്തിലെത്തിയപ്പോള്‍ ഒരു ആസൂത്രിത അജണ്ട ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്നും മറ്റ് മതക്കാരെ മാറ്റിനിര്‍ത്തി ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനാണ് ബി ജെ പി ശ്രമിക്കുന്നത്. സ്ത്രീകള്‍ക്കു വേണ്ടി നടപ്പിലാക്കാന്‍ ശ്രമിച്ച ഹിന്ദു കോഡ് ബില്ലിനെതിരെ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. നേരത്തെ ഇത്തരം കാര്യങ്ങള്‍ക്കെതിരെ അംബേദ്ക്കര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ അത് നടത്താന്‍ കഴിയാതെ മന്ത്രിസഭയില്‍ നിന്നുപോലും രാജിവെക്കേണ്ട അവസ്ഥയാണ് അദ്ദേഹത്തിനുണ്ടായതെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.