Tuesday, September 25th, 2018

വീഴ്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു

ദുരഭിമാന കൊലയും കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളുമൊക്കെയായി എല്‍ ഡി എഫ് സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷിക നാളുകളില്‍ ആഭ്യന്തര വകുപ്പ് കസറുകയാണ്. പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ സഹോദരനും ഏതാനും അക്രമികളും നവവരനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്തതാണ് കേരളപോലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയ ഒടുവിലത്തെ സംഭവം. കോട്ടയം നട്ടാശ്ശേരി എസ് എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി ജോസഫിനെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. തെന്മല ഒറ്റക്കല്‍ നീനു ചാക്കോ പ്രണയിച്ച് വിവാഹം കഴിച്ചതാണ് തട്ടിക്കൊണ്ടുപോകലിനും കൊലപ്പെടുത്തലിനും കാരണമായത്. വധുവും കെവിന്റെ പിതാവും … Continue reading "വീഴ്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു"

Published On:May 29, 2018 | 1:41 pm

ദുരഭിമാന കൊലയും കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളുമൊക്കെയായി എല്‍ ഡി എഫ് സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷിക നാളുകളില്‍ ആഭ്യന്തര വകുപ്പ് കസറുകയാണ്. പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ സഹോദരനും ഏതാനും അക്രമികളും നവവരനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്തതാണ് കേരളപോലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയ ഒടുവിലത്തെ സംഭവം.
കോട്ടയം നട്ടാശ്ശേരി എസ് എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി ജോസഫിനെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. തെന്മല ഒറ്റക്കല്‍ നീനു ചാക്കോ പ്രണയിച്ച് വിവാഹം കഴിച്ചതാണ് തട്ടിക്കൊണ്ടുപോകലിനും കൊലപ്പെടുത്തലിനും കാരണമായത്. വധുവും കെവിന്റെ പിതാവും നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും അന്ന് ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഡ്യൂട്ടിയുടെ പേരില്‍ യഥാസമയം അന്വേഷണം നടത്താതെ കൊലപാതകത്തിന് സാഹചര്യമൊരുക്കുകയായിരുന്നു പോലീസ് എന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷിക്കാന്‍ അലംഭാവം കാണിച്ച പോലീസ് നടപടി സമൂഹം അംഗീകരിക്കില്ല. സുരക്ഷയൊരുക്കാന്‍ ആവശ്യത്തിന് പോലീസ് സംവിധാനം ഉണ്ടെന്നിരിക്കെ ഗാന്ധിനഗര്‍ പോലീസ് നടപടികള്‍ സ്വീകരിക്കാത്തത് ഗുരുതര വീഴ്ചയാണ്. കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടാനും ശിക്ഷ വാങ്ങിക്കൊടുക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിച്ച, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമര്‍ത്ഥരായ നിരവധി പോലീസുദ്യോഗസ്ഥര്‍ സംസ്ഥാന പോലീസ് സേനയിലുണ്ട്. അവരുടെ മാതൃകാപരമായ സേവനങ്ങള്‍ മനസിലുണ്ട്. പക്ഷെ കോട്ടയത്ത് പോലീസ് അന്വേഷണ കാര്യത്തില്‍ കാണിച്ച നിഷ്‌ക്രിയത്വം ഇവര്‍ക്കും നാണക്കേടുണ്ടാക്കുന്നതായി. വീഴ്ച രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണെന്ന സംശയം ജനങ്ങളിലുണ്ടാക്കിയിട്ടുണ്ട്.
ഗുരുതര വീഴ്ചകള്‍ കേരളത്തില്‍ പോലീസ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വീഴ്ച വരുത്തിയ പലരും സേനയില്‍ തുടരാന്‍ അയോഗ്യരാണെന്ന അഭിപ്രായവും ജനങ്ങളിലുണ്ട്. ഇതുപോലെ പിഴച്ച പോലീസിനെ തീറ്റിപ്പോറ്റുന്ന നയമാണ് സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ ജനം സുരക്ഷക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടി പോകേണ്ടിവരും. മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കേണ്ടത് പോലീസിന്റെ കടമ തന്നെയാണ്. അതിന്റെ പേരില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കിയത് ഭദ്രമായ ക്രമസമാധാനാന്തരീക്ഷം ഉണ്ടെന്ന് അഭിമാനിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന് അപമാനമാണ്. കെവിന്റെ ബന്ധുക്കള്‍ പരാതിയും തെളിവുകളുമായി ചെന്നപ്പോള്‍ തന്നെ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ അയാളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. കെവിന്‍ എന്ന ദളിത് യുവാവിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇനി സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കുറ്റാന്വേഷണം നടത്തേണ്ട പോലീസ് സേനാംഗങ്ങള്‍ കുറ്റവാളികളാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.
സംസ്ഥാനം ഏറെ വിവാദമുണ്ടാക്കിയ ശ്രീജിത്തിന്റെയും വിദേശ വനിതയുടെയും മരണത്തിന് പിന്നാലെ ദളിത് യുവാവിനും ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ ആഭ്യന്തര വകുപ്പിനാകെ നാണക്കേടാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് സുരക്ഷിതത്വ കാര്യത്തില്‍ ജനസമൂഹത്തില്‍ സംശയങ്ങളുണര്‍ത്തുന്നത്. പോലീസിന്റെ വീഴ്ച കൊണ്ടുണ്ടാകുന്ന ദുരന്തങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുമ്പോള്‍ ഒരു സസ്‌പെന്‍ഷനില്‍ മാത്രം ഒതുക്കാതെ വീഴ്ച വരുത്തിയവരെ കൂട്ടുപ്രതികളാക്കി നടപടി സ്വീകരിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന്റെ പോലീസ് നയത്തിലെ അപാകതകളാണ് പോലീസ് ചെയ്തികളിലൂടെ ജനത്തിന് ബോധ്യപ്പെടുന്നത്. നിയമവാഴ്ചക്ക് ഇവിടെ പ്രസക്തിയില്ല എന്ന ജനവിശ്വാസം മാറ്റാന്‍ നടപടികളുണ്ടാകേണ്ടത് സര്‍ക്കാറില്‍ നിന്നു തന്നെയാണ്.

LIVE NEWS - ONLINE

 • 1
  3 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  5 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  6 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  9 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  9 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  11 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  11 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  11 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  12 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു