Tuesday, July 23rd, 2019

കാലവര്‍ഷക്കെടുതി നേരിടാന്‍ കൂട്ടായ പരിശ്രമങ്ങള്‍ വേണം

സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത നാശം വിതച്ച് കാലവര്‍ഷം തുടരുന്നു. മെയ് അവസാനവാരം തുടങ്ങിയ മഴ പതിവിന് വിപരീതമായി ശക്തമായി തുടരുന്നത് ജനജീവിതം ദുസഹമാക്കിയിരിക്കുന്നു. സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ദിവസങ്ങള്‍ക്ക് മുന്നേ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും രൂക്ഷത ജനം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സുരക്ഷക്കായുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും കഴിഞ്ഞില്ല. ഇടുക്കി, വയനാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജനം ഇപ്പോള്‍ ഭീതിയില്‍ തന്നെയാണ്. കാലവര്‍ഷക്കാലത്ത് അനുഭവപ്പെടാറുള്ള പനിയും പകര്‍ച്ചവ്യാധികളുമാണ് മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് … Continue reading "കാലവര്‍ഷക്കെടുതി നേരിടാന്‍ കൂട്ടായ പരിശ്രമങ്ങള്‍ വേണം"

Published On:Aug 10, 2018 | 1:27 pm

സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത നാശം വിതച്ച് കാലവര്‍ഷം തുടരുന്നു. മെയ് അവസാനവാരം തുടങ്ങിയ മഴ പതിവിന് വിപരീതമായി ശക്തമായി തുടരുന്നത് ജനജീവിതം ദുസഹമാക്കിയിരിക്കുന്നു. സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ദിവസങ്ങള്‍ക്ക് മുന്നേ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും രൂക്ഷത ജനം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സുരക്ഷക്കായുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും കഴിഞ്ഞില്ല.
ഇടുക്കി, വയനാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജനം ഇപ്പോള്‍ ഭീതിയില്‍ തന്നെയാണ്. കാലവര്‍ഷക്കാലത്ത് അനുഭവപ്പെടാറുള്ള പനിയും പകര്‍ച്ചവ്യാധികളുമാണ് മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ദുരിതം വിതച്ചിരുന്നത്. പക്ഷെ ഇത്തവണ ശക്തമായ മലവെളള പാച്ചിലാണ് ജീവനും ജീവിതവും ദുസഹമാക്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദവും ഇതോടൊപ്പം രൂപപ്പെട്ട ചുഴലിക്കാറ്റും കേരളത്തിലെ കാലവര്‍ഷത്തിന്റെ ശക്തി കൂടാനിടയാക്കിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഇരുപത്താറ് വര്‍ഷത്തിന് ശേഷം ഇടുക്കിയിലുള്‍പ്പെടെ 25ലധികം ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് വെള്ളം തുറന്നുവിടേണ്ട സാഹചര്യമുണ്ടായതും സംസ്ഥാനത്ത് ഇതാദ്യം.
കനത്ത മഴ മുന്‍വര്‍ഷങ്ങളിലും അനുഭവപ്പെട്ടിരുന്നുവെങ്കിലും മഴ ലഭിച്ച ദിവസങ്ങളിലെ ഇടവേളകള്‍ ജനത്തിന് ആശ്വാസം നല്‍കിയിരുന്നു. ഇത്തവണ അതുണ്ടായില്ല. മഴവെള്ളം ഭൂമിയിലേക്കിറങ്ങാതെ കുത്തിയൊലിച്ച് താഴ്ന്ന പ്രദേശങ്ങളെ മുക്കി കനത്ത നാശനഷ്ടങ്ങള്‍ ഏല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. സാധാരണ ലഭിക്കാറുള്ളതിലും 15 ശതമാനം കൂടുതല്‍ മഴ ഇന്നലെ വരെ ലഭിച്ചു എന്നാണ് കണക്ക്. നിനച്ചിരിക്കാതെ കോണ്‍ക്രീറ്റ് വീടുകള്‍ പോലും കുത്തിയൊലിച്ചു പോകുന്ന മഴവെള്ള പാച്ചിലില്‍ തകരുന്നത് നോക്കിനില്‍ക്കാനെ മലയോരത്തുള്ളവര്‍ക്ക് കഴിയുന്നുള്ളൂ. മഴ ശക്തമായി തന്നെ ഇടവിട്ട് പെയ്യുന്നതിനാല്‍ റോഡുകള്‍, പാലങ്ങള്‍, വീടുകള്‍, കൃഷിസ്ഥലങ്ങ എന്നിവ നശിച്ചുപോകുന്നതിനുള്ള സാധ്യതകള്‍ ഇപ്പോഴും സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടാളം രംഗത്തുണ്ടെങ്കിലും തകര്‍ന്ന പാതയിലൂടെ നാശനഷ്ടങ്ങള്‍ നേരിട്ട പ്രദേശങ്ങളിലെത്തിപ്പെടാന്‍ അവരും നന്നേ പാടുപെടുന്നു.
കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തിയപ്പോഴാണ് രൂക്ഷമായ നാശനഷ്ടങ്ങള്‍ വിതച്ച് കനത്ത മഴ തുടരുന്നത്. കേന്ദ്ര സര്‍ക്കാരും അയല്‍സംസ്ഥാനങ്ങളും സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് ആശ്വാസപ്രദമാണ്. ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. കക്ഷിരാഷ്ട്രീയഭേദമന്യെ മുഴുവന്‍ ജനങ്ങളും സഹകരിക്കുകയും സഹായിക്കുകയും വേണം. മഴ നിന്നാലും മാസങ്ങളോളം ദുരിതം തുടരുമെന്നതിനാല്‍ ജനങ്ങളുടെയും സംഘടനകളുടെയും സഹായം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്. കേന്ദ്രസര്‍ക്കാറിന്റെ സഹായം യഥാസമയം ലഭ്യമാക്കാന്‍ ജനപ്രതിനിധികളുടെ ഇടപെടലുമുണ്ടാകണം. കൃഷിനാശംമൂലം പച്ചക്കറികള്‍ക്കും മറ്റും വിലക്കയറ്റമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വില പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ ഓണം, ബക്രീദ് ഉത്സവകാലത്ത് ഉണ്ടാകണം. സംസ്ഥാനത്ത് നിലവിലുള്ള ഗുരുതരമായ സ്ഥിതിവിശേഷം കൂട്ടായ നടപടികളിലൂടെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ഇനി ഉണ്ടാകേണ്ടത്.

LIVE NEWS - ONLINE

 • 1
  21 mins ago

  തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

 • 2
  41 mins ago

  കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

 • 3
  45 mins ago

  വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

 • 4
  49 mins ago

  ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

 • 5
  2 hours ago

  തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

 • 6
  15 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 7
  21 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 8
  21 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 9
  21 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍