Tuesday, September 18th, 2018

മെഡിക്കല്‍ ഫീസ്; മാനേജ്‌മെന്റുകളുടെ ഹരജി ഹൈക്കോടതി തള്ളി

ഫീസ് ഘടനക്കെതിരെ വിവിധ മാനേജ്‌മെന്റുകള്‍ വെവ്വേറെ ഹരജികളാണ് നല്‍കിയത്. ഈ ഹരജികളില്‍ ഹൈക്കോടതി പിന്നീട് വാദം കേള്‍ക്കും.

Published On:Jul 17, 2017 | 11:54 am

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നിലവിലുള്ള ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി. മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ഏര്‍പ്പെടുത്താന്‍ കോടതി വിസമ്മതിച്ചു. പുതുക്കിയ ഫീസ് ഘടന പ്രകാരം പ്രവേശനം നടത്തുന്നതിന് സര്‍ക്കാരിന് കോടതി അനുമതിയും നല്‍കി. എന്നാല്‍ ഓര്‍ഡിനന്‍സ് ഇറങ്ങാന്‍ വൈകിയതില്‍ കോടതി അതൃപ്തിയും പ്രകടിപ്പിച്ചു.
ഇപ്പോഴത്തെ ഫീസ് ഘടനയില്‍ താല്‍കാലിക പ്രവേശനമാണ് നടത്തുന്നതെന്ന് വിദ്യാര്‍ഥികളെ അറിയിക്കണം. ഫീസ് പൊതുപ്രവേശന കമീഷണര്‍ മുഖേന നല്‍കണം. നിലവിലെ നടപടികളെ ചോദ്യംചെയ്ത് ഹരജിക്കാര്‍ക്ക് മേല്‍ കോടതിയെ സമീപിക്കുന്നതിന് എതിര്‍പ്പില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
സ്വശ്രയ മെഡിക്കല്‍ കോഴ്‌സുകളുടെ ഫീസുകള്‍ ജസ്റ്റിസ് ആര്‍. രാജേന്ദ്ര ബാബു ചെയര്‍മാനായ സമിതി കഴിഞ്ഞ ദിവസം പുതുക്കി നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം എം.ബി.ബി.എസിന്റെ 85 ശതമാനം ജനറല്‍ സീറ്റിലെ ഫീസ് അഞ്ചു ലക്ഷം രൂപയാക്കി. എന്‍.ആര്‍.ഐ സീറ്റില്‍ നിലവിലെ 20 ലക്ഷം ഫീസ് തുടരാനും തീരുമാനിച്ചിട്ടുണ്ട്. എം.ബി.ബി.എസിന്റെ ഫീസില്‍ 50,000 രൂപ കുറവ് വരുത്തിയിട്ടുണ്ട്.
അതേസമയം, ബി.ഡി.എസ് ഫീസ് വര്‍ധിപ്പിച്ചു. ജനറല്‍ സീറ്റില്‍ 2.9 ലക്ഷമാക്കി ഉയര്‍ത്തി. മുമ്പ് 2.5 ലക്ഷമായിരുന്നു ഫീസ്. എന്‍.ആര്‍.ഐ സീറ്റില്‍ ഫീസ് ആറു ലക്ഷമാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വാശ്രയ കേസ് പരിഗണിക്കാന്‍ ഇരിക്കെ ജൂലൈ 14നാണ് പുതുക്കിയ ഫീസ് ഘടന സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഈ വിഷയത്തില്‍ കാലതാമസം വരുത്തിയ സര്‍ക്കാറിനെ അന്നും കോടതി വിമര്‍ശിച്ചിരുന്നു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗ സമിതിയുണ്ടാകുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവേശന മേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ചതോടെയാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്. അതോടെ സര്‍ക്കാര്‍ ആദ്യ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഫീസ് നിര്‍ണയ സമിതി പ്രത്യേകം വ്യവസ്ഥ ചെയ്ത പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.
ഏറെ കുഴഞ്ഞു മറിഞ്ഞ സ്വാശ്രയ പ്രവേശന വിഷയത്തില്‍ സര്‍ക്കാറിന് ആശ്വാസമേകുന്നതാണ് കോടതി വിധി. ഫീസ് ഘടനക്കെതിരെ വിവിധ മാനേജ്‌മെന്റുകള്‍ വെവ്വേറെ ഹരജികളാണ് നല്‍കിയത്. ഈ ഹരജികളില്‍ ഹൈക്കോടതി പിന്നീട് വാദം കേള്‍ക്കും.
അതേസമയം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. ഫീസ് നിര്‍ണയിക്കാന്‍ ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് അധികാരമില്ലെന്നും റെഗുലേറ്റ് ചെയ്യാന്‍ മാത്രമേ അധികാരമുള്ളുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

LIVE NEWS - ONLINE

 • 1
  2 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 2
  3 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 3
  5 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 4
  5 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 5
  6 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 6
  6 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

 • 7
  6 hours ago

  ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

 • 8
  7 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

 • 9
  7 hours ago

  പണികിട്ടി…