Monday, September 24th, 2018

മട്ടന്നൂരില്‍ മലേറിയ; ആരോഗ്യവകുപ്പ് സജീവം

12 ദിവസമായി പനി തുടരുന്ന പത്രപ്രവര്‍ത്തകന് ഇക്കഴിഞ്ഞ 14നാണ് മലേറിയ സ്ഥിരീകരിച്ചത്.

Published On:Apr 18, 2018 | 10:29 am

മട്ടന്നൂര്‍: അന്യസംസ്ഥാനത്തു പോകാത്ത മാധ്യമപ്രവര്‍ത്തകന് മട്ടന്നൂരില്‍ മലേറിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള കണ്ണൂര്‍ജില്ലാ വെക്ട്രല്‍ കണ്‍ട്രോള്‍ യൂനിറ്റ് മാധ്യമപ്രവര്‍ത്തകന്റെ ഇരിട്ടി- മട്ടന്നൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള വീടും പരിസരത്തെ വീടുകളും പരിശോധിച്ചെങ്കിലും മലേറിയയ്ക്കു കാരണമാകുന്നതും രാത്രിമാത്രം കടിക്കുന്നതുമായ അനോഫെലിസ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. സമീപത്ത് പശുവിനെ പോറ്റുന്ന വീട്ടില്‍പോലും കൊതുകുകളുടെ സാന്നിധ്യം ഉണ്ടായില്ല.
ഇതുവഴി മാധ്യമപ്രവര്‍ത്തകന്റെ പ്രവര്‍ത്തന കേന്ദ്രമായ മട്ടന്നൂര്‍ നഗരത്തില്‍ നിന്നാണ് കൊതുകുകടി ഏറ്റതെന്നു കരുതുന്നു. തുടര്‍ന്ന് ഇന്നുകാലത്തു മുതല്‍ മട്ടന്നൂര്‍ നഗരത്തിലെ അരുപതോളം സ്ഥാപനങ്ങളിലും ഇല്ലംമൂല മേഖലയിലെ 54 വീടുകളിലും ആരോഗ്യവിഭാഗം പരിശോധന നടത്തി. മട്ടന്നൂര്‍ നഗരത്തില്‍ ഫോഗിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുവാനുള്ള ശ്രമത്തിലാണ് ആരോഗ്യവിഭാഗം.
ഇതിനിടെ ഇരിട്ടി നഗരസഭാ ആരോഗ്യവിഭാഗം മാധ്യമപ്രവര്‍ത്തകന്റെ വീട്ടുകാരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. മട്ടന്നൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുഷമയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും ജില്ലാ മലേറിയ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ ഷിനിയുടെ നേതൃത്വത്തിലുള്ള ജില്ലാ മെഡിക്കല്‍ സംഘവും മാധ്യമ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. മലേറിയബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള മട്ടന്നൂര്‍- വാഴാന്തോട് താമസക്കാരനായ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഝാര്‍ഖണ്ഡ് സ്വദേശിയേയും സംഘം സന്ദര്‍ശിച്ചു.
12 ദിവസമായി പനി തുടരുന്ന പത്രപ്രവര്‍ത്തകന് ഇക്കഴിഞ്ഞ 14നാണ് മലേറിയ സ്ഥിരീകരിച്ചത്. ഒരുതവണ സ്വകാര്യ ആശുപത്രിയിലും രണ്ടുതവണ മട്ടന്നൂര്‍ ഗവ. ആശുപത്രിയിലും ചികിത്സതേടി പനി ഭേദമാകാതെ വന്നപ്പോള്‍ മട്ടന്നൂര്‍ എല്‍ എം ഹോസ്പിറ്റലില്‍ ചികിത്സ തേടിയപ്പോഴാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതിനകം ജില്ലയില്‍ 21 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചതായാണ് വിവരം. ഇതില്‍ 20 പേരും അന്യ സംസ്ഥാനവുമായി ബന്ധപ്പെട്ടവരാണ്.
മട്ടന്നൂരില്‍ അന്യ സംസ്ഥാനക്കാരെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാര്‍പ്പിച്ച് വ്യാപാര സമുച്ചയ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മട്ടന്നൂര്‍ മേഖലയില്‍ അഞ്ഞൂറില്‍പ്പരം പേര്‍ക്ക് ഡങ്കിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ അവസാനഘട്ടത്തില്‍ ഒരാള്‍ക്ക് മലേറിയ ലക്ഷണം കണ്ടിരുന്നുവെങ്കിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇത്തവണ തുടക്കത്തില്‍ തന്നെ മലേറിയ കണ്ടെത്തിയത് ആരോഗ്യവകുപ്പിനെ അസ്വസ്ഥമാക്കുകയാണ്. രാത്രി സമയത്തുള്ള അനോഫെലിസ് കൊതുകുകളിലൂടെ മാത്രമേ മലേറിയ വരികയുള്ളൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

LIVE NEWS - ONLINE

 • 1
  1 hour ago

  കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 • 2
  18 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 3
  19 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 4
  22 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 5
  24 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 6
  1 day ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 7
  1 day ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 8
  2 days ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 9
  2 days ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി