മാവോയിസ്റ്റ് വേട്ടക്കെതിരെ സി പി ഐ മുഖപത്രം

Published:November 26, 2016

Maoist Full

 

 
കോഴിക്കോട്: നിലമ്പൂര്‍ കാടുകളില്‍ രണ്ട് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി സി പി ഐ വീണ്ടും രംഗത്ത്. സംഭവത്തിലെ ദുരൂഹത നീക്കി നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച മുഖപ്രസംഗത്തിലാണ് സര്‍ക്കാറിനെയും പോലീസിനെയും വിമര്‍ശിച്ച് സി പി ഐ വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംഭവത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകരെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത് സംഭവം നരനായാട്ടാണെന്ന സംശയം ബലപ്പെടുത്തുന്നതായി മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.മാവോയിസ്റ്റുകളെ വേട്ടയാടാനെന്ന പേരില്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. നിലമ്പൂര്‍ സംഭവവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പൊതുജനങ്ങള്‍ക്കു മുമ്പാകെ കൊണ്ടുവരണം. ഇതാണ് ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില് മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ പതിവാണെന്നും എന്നാല്‍ കേരളം പോലുള്ള ജനാധിപത്യ സമൂഹത്തില്‍ അത് ആവര്‍ത്തിക്കപ്പെടരുതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാവോയിസ്റ്റുകളുടെ മുദ്രാവാക്യത്തിലെ ശരിതെറ്റുകളാണ് പരിശോധിക്കപ്പെടേണ്ടെതെന്നും പ്രതികരിക്കുന്ന ശബ്ദങ്ങളെ ഇല്ലാതാക്കലല്ല വേണ്ടതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.