ടൂ വീലര്‍ അപകടം കുറക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍

Published:December 26, 2016

two-wheelers-on-road-full

 

 

 
കണ്ണൂര്‍: അപകടത്തില്‍ പെടുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് സഹായവുമായി ലുബ്‌നാഥ് ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രംഗത്ത്.
ടൂവീലര്‍ യാത്രക്കാര്‍ക്ക് ഗുണകരമാവുന്ന ചില നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനവുമായാണ് ട്രസ്റ്റ് ഭാരവാഹികള്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ മുന്നിലെത്തിയത്. നിവേദനം പരിശോധിച്ച മന്ത്രി ഇതില്‍ അനുകൂലമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായി ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് ട്രസ്റ്റ് ഭാരവാഹികള്‍ തലസ്ഥാനത്ത് മന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ റോഡുകളില്‍ അപകടത്തില്‍ പെടുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് തുണയാകുന്ന ചില നിര്‍ദ്ദേശങ്ങളാണ് ട്രസ്റ്റ് ഭാരവാഹികള്‍ മുന്നില്‍ വെച്ചത്. വാഹനപെരുപ്പവും വേഗതയും സമയക്രമം പാലിക്കാനുള്ള വ്യഗ്രതയുമാണ് പലപ്പോഴും ടൂവീലര്‍ യാത്രക്കാര്‍ക്ക് അപകടം വരുത്തത്. ഇതിന് നിയന്ത്രണം കൊണ്ടുവരികയാണ് വേണ്ടത്. ഇരുചക്രവാഹന യാത്രക്കാര്‍ പലപ്പോഴും അപകടങ്ങളില്‍ പെട്ട് റോഡില്‍ വീണുകിടക്കുമ്പോള്‍ അവരെ സഹായിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. ചോരവാര്‍ന്നാണ് പലപ്പോഴും ഇത്തരം യാത്രക്കാര്‍ മരണത്തിലേക്ക് നീങ്ങുന്നത്. നടപടി ക്രമങ്ങളിലെ ബാഹുല്യവും സഹായത്തിനെത്തിയവര്‍ക്ക് പിന്നീട് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളുമാണ് ഇവരെ സഹായിക്കാനെത്തുന്നവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങല്‍ നിയമഭേദഗതി വേണമെന്ന നിര്‍ദ്ദേശവും ട്രസ്റ്റ് ഭാരവാഹികള്‍ മന്ത്രിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.
ഏറെ താമസിയാതെ പ്രശ്‌നങ്ങളില്‍ രമ്യമായ പരിഹാരമുണ്ടാക്കും. ഇരുചക്രവാഹനങ്ങളുടെ മുന്നിലെ നമ്പര്‍പ്ലേറ്റിന്റെ ചുവടെ വാഹനത്തിന്റെ ഉടമയുടെ വിലാസവും ഏറ്റവും അടുത്ത ബന്ധുവിന്റെയും സുഹൃത്തിന്റെയും രണ്ട് മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുകയാണെങ്കില്‍ അപകടം പറ്റിയ സ്ഥലത്ത് നിന്ന് ഏതൊരു വഴിയാത്രക്കാരനും നിഷ്പ്രയാസം വേണ്ടപ്പെട്ടവരെ അറിയിക്കാനും അതുവഴി നിമിഷങ്ങള്‍ക്കകം സമയോചിത ചിക്തിത്സ നല്‍കാനും കഴിയുമെന്ന് ചെയര്‍മാന്‍ പി ഷാഹിന്‍, ജന സെക്രട്ടറി രജിത്ത് രാജരത്‌നം, ട്രഷറര്‍ കെ സി രാജേഷ് എന്നിവര്‍ പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.