Saturday, February 23rd, 2019

ഇന്ധന വില കുറക്കണം

ഇന്ധന വില കുതിക്കുന്നു. ഒപ്പം ജനത്തിന്റെ ദുരിതവും. വൈകാതെ പെട്രോള്‍, ഡീസല്‍ വില നൂറിലെത്തിയേക്കും എന്ന ആശങ്ക ജനമനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ഓരോ ദിവസവും വില കൂടുന്നത്. പെട്രോളിനും ഡീസലിനും ഇപ്പോള്‍ കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. കേരളത്തില്‍ പെട്രോളിന്റെ ഇന്നലത്തെ വില 78.61 രൂപയാണ്. ഡീസലിന്റേത് 71.52 രൂപയും. പെട്രോള്‍ വില ഈ മാസം മാത്രം കൂടിയത് 4.84 രൂപയാണ്. ഡീസല്‍ വില ഈ മാസം മാത്രം കൂടിയത് 6.84 രൂപയും. പെട്രോളിന് നികുതിയിനത്തില്‍ കേരളത്തിന് … Continue reading "ഇന്ധന വില കുറക്കണം"

Published On:Apr 25, 2018 | 3:08 pm

ഇന്ധന വില കുതിക്കുന്നു. ഒപ്പം ജനത്തിന്റെ ദുരിതവും. വൈകാതെ പെട്രോള്‍, ഡീസല്‍ വില നൂറിലെത്തിയേക്കും എന്ന ആശങ്ക ജനമനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ഓരോ ദിവസവും വില കൂടുന്നത്. പെട്രോളിനും ഡീസലിനും ഇപ്പോള്‍ കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. കേരളത്തില്‍ പെട്രോളിന്റെ ഇന്നലത്തെ വില 78.61 രൂപയാണ്. ഡീസലിന്റേത് 71.52 രൂപയും. പെട്രോള്‍ വില ഈ മാസം മാത്രം കൂടിയത് 4.84 രൂപയാണ്. ഡീസല്‍ വില ഈ മാസം മാത്രം കൂടിയത് 6.84 രൂപയും. പെട്രോളിന് നികുതിയിനത്തില്‍ കേരളത്തിന് 17.59 രൂപയും കേന്ദ്രത്തിന് എക്‌സൈസ് തീരുവയായി 19.48 രൂപയും ലഭിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇന്ധന വില കുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കരുതുന്നത് വെറും വ്യാമോഹം മാത്രം. ഡീസലിന് കേന്ദ്ര തീരുവയായി കിട്ടുന്നത് 15.33രൂപയും സംസ്ഥാനത്തിന് നികുതിയായി കിട്ടുന്നത് 13.20 രൂപയുമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം ഇന്ധന വില വര്‍ധനയെ ന്യായീകരിക്കുകയേയുള്ളൂ എന്ന് കരുതിയാല്‍ കുറ്റം പറയാനാവില്ല. ഇനി അടുത്ത തെരഞ്ഞെടുപ്പ് വരെ കാക്കാം. അപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനായെങ്കിലും അല്‍പം കുറവ് പ്രതീക്ഷിക്കാം. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതാണ് ഇന്ത്യയില്‍ ഇന്ധന വില വര്‍ധനവിന് കാരണമായി സാധാരണയായി ചൂണ്ടിക്കാട്ടുന്നത്. പക്ഷെ രാജ്യാന്തര വിപണിയില്‍ കുറഞ്ഞാലും ഇവിടെ വില കുറയില്ല. ഇന്നലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 75 ഡോളറാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞാലും സര്‍ക്കാറിന്റെ ലാഭം 13 ലക്ഷം കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ധന വില ദിവസേന വര്‍ധിപ്പിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയത് കഴിഞ്ഞ ജൂണ്‍ മുതലാണ്. ഈ തീരുമാനം ദക്ഷിണേഷ്യയിലെ ഏറ്റവും കൂടുതല്‍ ഇന്ധന വിലയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റി. ഇന്ധന വില കയറ്റം സാരമായി ബാധിക്കുന്നത് വാഹന ഉടമകളെ മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകാനും ജനജീവിതം ദുസ്സഹമാക്കാനും ഇത് ഇടയാക്കും. കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അരി ഉള്‍പ്പെടെയുള്ള പല സാധനങ്ങള്‍ക്കും ആശ്രയിക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണ്. ഇവ സംസ്ഥാനത്തെത്തിക്കുന്നതിനുള്ള ചരക്ക് കടത്തുകൂലി ക്രമാതീതമായി വര്‍ധിക്കുന്നത് വ്യാപാരികളെയും ദോഷകരമായി ബാധിക്കും. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ദൈനംദിന നടത്തിപ്പ് തന്നെ പ്രയാസത്തിലാവുകയും ചെയ്യും. വരുമാനം കുറഞ്ഞ് നിലനില്‍പ് തന്നെ അപകടത്തിലായ കെ എസ് ആര്‍ ടി സി പുതിയ ചില പരിഷ്‌കാരങ്ങളിലൂടെ കരകയറാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഡീസല്‍ വിലക്കയറ്റം ബസ് വ്യവസായം പ്രതിസന്ധിയിലാക്കും. ഇന്ധന വില വര്‍ധനവിലുള്ള ജനങ്ങളുടെ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ജനത്തിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. ഇപ്പോള്‍ സ്വന്തം പോക്കറ്റ് കാലിയാകാതിരിക്കാന്‍ ജനത്തിന്റെ മുന്നിലുള്ള പോംവഴി ചെലവ് കുറക്കാനുള്ള വഴി കണ്ടെത്തുകയെന്നതാണ്. അത്യാവശ്യ കാര്യത്തിന് മാത്രം സ്വന്തം വാഹനം ഉപയോഗിക്കുക. മറ്റാവശ്യങ്ങള്‍ക്ക് പൊതു വാഹനങ്ങള്‍ ഉപയോഗിക്കുക. നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ലെങ്കില്‍ പ്രതിഷേധ സമരങ്ങള്‍ തുടരാനും ജനജീവിതം സ്തംഭിപ്പിക്കാനും അത് വഴിവെക്കും. ഇന്ധനവില കുറക്കാന്‍ കേന്ദ്രവും സംസ്ഥാനവും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

 

LIVE NEWS - ONLINE

 • 1
  8 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  9 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  10 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  12 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  13 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  15 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  15 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  17 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  17 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം