Sunday, February 17th, 2019

നിയമം കര്‍ശനമാക്കുന്നതിനോടൊപ്പം ഗതാഗത സൗകര്യവും മെച്ചപ്പെടുത്തണം

              നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ബില്‍ ഉടനെ പാര്‍ലമെന്റിന്റെ പരിഗണനക്ക് വരുന്നു. പൊതുജനത്തിന്റെയും ഗതാഗത രംഗത്തെ വിദഗ്ദ്ധരുടേയും അഭിപ്രായം സ്വീകരിച്ചശേഷമായിരിക്കും ബില്‍ പരിഗണനക്കായെത്തുക. കര്‍ശന നിയമ നടപടികളിലൂടെ റോഡപകടങ്ങള്‍ പരമാവധി കുറക്കുകയാണ് ബില്ല് കൊണ്ട് ലക്ഷ്യമിടുന്നത്. ലോകരാജ്യങ്ങളില്‍ വെച്ച് ഏറ്റവും മോശവും സുരക്ഷിതമല്ലാത്തതുമായ രീതിയിലാണ് ഇന്ത്യക്കാര്‍ റോഡുകള്‍ ഉപയോഗിച്ചുവരുന്നത്. നിയമലംഘനവും റോഡുകളുടെ ദയനീയ സ്ഥിതിയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്. നിത്യേന വര്‍ധിച്ചുവരുന്ന … Continue reading "നിയമം കര്‍ശനമാക്കുന്നതിനോടൊപ്പം ഗതാഗത സൗകര്യവും മെച്ചപ്പെടുത്തണം"

Published On:Sep 17, 2014 | 3:18 pm

Law and Traffic Felicities Full

 

 

 

 

 

 

 
നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ബില്‍ ഉടനെ പാര്‍ലമെന്റിന്റെ പരിഗണനക്ക് വരുന്നു. പൊതുജനത്തിന്റെയും ഗതാഗത രംഗത്തെ വിദഗ്ദ്ധരുടേയും അഭിപ്രായം സ്വീകരിച്ചശേഷമായിരിക്കും ബില്‍ പരിഗണനക്കായെത്തുക. കര്‍ശന നിയമ നടപടികളിലൂടെ റോഡപകടങ്ങള്‍ പരമാവധി കുറക്കുകയാണ് ബില്ല് കൊണ്ട് ലക്ഷ്യമിടുന്നത്.
ലോകരാജ്യങ്ങളില്‍ വെച്ച് ഏറ്റവും മോശവും സുരക്ഷിതമല്ലാത്തതുമായ രീതിയിലാണ് ഇന്ത്യക്കാര്‍ റോഡുകള്‍ ഉപയോഗിച്ചുവരുന്നത്. നിയമലംഘനവും റോഡുകളുടെ ദയനീയ സ്ഥിതിയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്. നിത്യേന വര്‍ധിച്ചുവരുന്ന വാഹനപ്പെരുപ്പത്തിനനുസരിച്ച് പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും മെച്ചപ്പെട്ട ഗതാഗത സൗകര്യമൊരുക്കലും റോഡുകളിലുണ്ടാകുന്നില്ല. ഗതാഗത തടസമുണ്ടാകുമ്പോള്‍ ക്ഷമ നശിച്ച് നിയമം ലംഘിച്ച് എങ്ങിനെയെങ്കിലും മുന്നില്‍ കടക്കാനുള്ള താല്‍പര്യം ഡ്രൈവര്‍മാരില്‍ കൂടിവരുന്നു. ഇതോടൊപ്പം മദ്യപിച്ച് വാഹനം ഓടിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റുമില്ലാതെ വാഹനം ഓടിക്കല്‍, ഓവര്‍സ്പീഡ് തുടങ്ങിയ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് തടസമാവുന്ന അവസ്ഥ ദിനംപ്രതി കൂടിവരികയാണ്. റോഡുകളില്‍ അകാലത്തില്‍ പൊലിയുന്ന ജീവനുകള്‍ വര്‍ധിച്ച് വരുന്നതിന് കാരണക്കാര്‍ ജനങ്ങള്‍ തന്നെയാണെന്ന് ട്രാഫിക് ഡ്യൂട്ടിയില്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ തന്നെ ആവര്‍ത്തിച്ച് വെളിപ്പെടുത്തുന്നു.
രാജ്യത്ത് 120 ദശലക്ഷം ചെറുതും വലുതുമായ വാഹനങ്ങള്‍ ഇന്ന് റോഡിലുണ്ട്. 2020 ആകുമ്പോഴേക്കും ഇതിന്റെ എണ്ണം 450 ദശലക്ഷമായി ഉയരും. 135000ആളുകള്‍ പ്രതിവര്‍ഷം റോഡപകടങ്ങളില്‍ മരണപ്പെടുന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്.1,20,000 കോടിയുടെ നഷ്ടവും വാഹനാപകടത്തെ തുടര്‍ന്നുണ്ടാകുന്നു. സ്വപ്‌നങ്ങള്‍ തകര്‍ന്ന് കണ്ണീരുകുടിക്കാന്‍ വിധിക്കപ്പെട്ട ഒരുപാട് കുടുംബങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. റോഡപകടങ്ങളുടെ കെടുതിയില്‍ നിന്ന് അഭയമന്വേഷിക്കുകയാണ് ജനം. റോഡപകടങ്ങളില്‍ രാജ്യത്ത് ആറാംസ്ഥാനവും, വാഹനാപകടങ്ങളില്‍ 12-ാം സ്ഥാനവുമാണ് കേരളത്തിന് പരിക്കേറ്റവരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനവും.
വര്‍ഷാരംഭത്തില്‍ ഒരാഴ്ചക്കാലം നടത്തുന്ന റോഡ് സുരക്ഷാവാരാചരണ കാലത്തെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ഗതാഗത പരിശോധനകളും അപകടങ്ങള്‍ കുറക്കാന്‍ പര്യാപ്തമാവുന്നില്ല. റോഡുകളിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടാകുന്നുണ്ട്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സുരക്ഷിത്വം സംബന്ധിച്ച് സര്‍ക്കാറിനും ബോധോദയമുണ്ടാവുന്നത്. ഈഘട്ടത്തിലാണ് ഗതാഗത നിയമലംഘകര്‍ക്കെതിരെയുള്ള കര്‍ശന നടപടിയെ ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്നത്.
അശ്രദ്ധമായി വാഹനമോടിച്ച് ഒരുകുട്ടി മരിക്കാനിടയായാല്‍ മൂന്നുലക്ഷം രൂപ പിഴയും ഏഴുവര്‍ഷം വരെ തടവും നല്‍കുന്നവിധം നിയമം പരിഷ്‌കരിക്കാനാണ് ബില്ലിലെ ശുപാര്‍ശ. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും നടപടിയുണ്ടാകും. നിര്‍മാണത്തിലെ അപാകത്തിന് അഞ്ചുലക്ഷം രൂപവരെയാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ 15000 രൂപ പിഴ നല്‍കേണ്ടിവരും. കൂടാതെ മൂന്നുവര്‍ഷം വരെ തടവും ലഭിക്കും. ലൈസന്‍സും റദ്ദാക്കും. തെറ്റ് ആവര്‍ത്തിച്ചാല്‍ ശിക്ഷ കൂടും. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും കര്‍ശന നിര്‍ദേങ്ങളുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ അരലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം വരെ തടവും അനുഭവിക്കേണ്ടിവരും. മാത്രമല്ല ലൈസന്‍സും റദ്ദാക്കും. രാജ്യത്ത് പ്രതിവര്‍ഷം അഞ്ചുലക്ഷം റോഡപകടങ്ങള്‍ നടക്കുന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. സുരക്ഷിതമായ ഗതാഗത സൗകര്യമൊരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അപകട നിരക്ക് കുറക്കാനുള്ള നടപടിക്ക് തിരിച്ചടിയാകും. ജനങ്ങളുടെ സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള സുരക്ഷാനടപടികളാണ് നാടിന് ആവശ്യം.

LIVE NEWS - ONLINE

 • 1
  3 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  6 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  11 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  13 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  14 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും