പത്തനംതിട്ട: കോഴഞ്ചേരിയില്‍ പുതിയ കുടിവെള്ള പദ്ധതിക്ക് 18.5 കോടി രൂപ അനുവദിച്ചു. അരനൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് ഇപ്പോഴത്തെ കുടിവെള്ളപദ്ധതി. ഇതു കാരണം കാര്യക്ഷമമായി ശുദ്ധജല വിതരണത്തിന് സാധിക്കുന്നില്ല. തുടര്‍ന്നാണ് പുതിയ പദ്ധതിക്കായി സര്‍ക്കാരിനെ സമീപിച്ചത്. പത്തുലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള ടാങ്കുകളും ട്രീറ്റ്മെന്റ് പ്ലാന്റുമുളള പദ്ധതിക്കാണ് സംസ്ഥാനതല സമിതി അനുമതി നല്‍കിയിട്ടുള്ളത്. ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ മാത്രമാണ് ഇപ്പോഴത്തെ ടാങ്കുകളുടെ സംഭരണശേഷി. പദ്ധതിയുടെ ആദ്യഘട്ടമായി ഒമ്പതര കോടിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. വെണ്ണപ്ര, കുരങ്ങുമല എന്നിവിടങ്ങളില്‍ ടാങ്കുകള്‍ നിര്‍മിച്ചാണ് കുടിവെള്ളം എത്തിക്കുന്നത്.