Wednesday, September 19th, 2018

മൂന്നാറിലെ വിവാദങ്ങള്‍ക്ക് പ്രളയവുമായി ബന്ധമില്ല: കോടിയേരി

കയ്യേറ്റം ആര് നടത്തിയാലും അതൊഴിപ്പിക്കുകയാണ് സര്‍ക്കാര്‍ നിലപാട്.

Published On:Sep 1, 2018 | 4:40 pm

തിരു: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ മൂന്നാര്‍ മേഖലയിലും മറ്റും കെട്ടിടനിര്‍മ്മാണങ്ങള്‍ പരിസ്ഥിതിക്കിണങ്ങുന്നതാവണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനാവശ്യമായ നിയമനിര്‍മ്മാണം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണറിഞ്ഞതെന്നും പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം സംവാദ പരിപാടിയില്‍ കോടിയേരി പറഞ്ഞു. സി.പി.എമ്മിന്റെ ദേവികുളം എം.എല്‍.എ ഈ നിലപാടല്ലല്ലോ പറയുന്നത് എന്ന ചോദ്യത്തിന് സി.പി.എമ്മിന്റെ അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കാലത്ത് തുടങ്ങിവച്ച മൂന്നാര്‍ദൗത്യം പുന:സ്ഥാപിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ നിര്‍ദ്ദേശിച്ചല്ലോ എന്ന ചോദ്യത്തിന്, മൂന്നാറിലുണ്ടായ വിവാദപ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴത്തെ പ്രളയവുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു മറുപടി. കയ്യേറ്റം ആര് നടത്തിയാലും അതൊഴിപ്പിക്കുകയാണ് സര്‍ക്കാര്‍ നിലപാട്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവ് വരുത്തിയത് കൊണ്ട് ഒരു സെന്റ് നിലം പോലും പുതുതായി നികത്താനാവില്ല. പഴയ കാലത്ത് നികത്തിക്കഴിഞ്ഞ നിലങ്ങള്‍ക്ക് ആനുകൂല്യം നല്‍കുക മാത്രമാണ്. കുരുടന്‍ ആനയെ കണ്ടത് പോലെ ഇപ്പോള്‍ ഓരോ ആളുകളും ഗവേഷണം നടത്തുന്നുണ്ട്. തന്റെ മനസ്സില്‍ തോന്നുന്ന ആശയം കൊണ്ടാണ് പ്രളയമുണ്ടായത് എന്ന് പറയുന്നത് ശരിയല്ല.
ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ തീരുമാനിച്ചതാണ് പ്രളയത്തിന് കാരണമെന്ന് ഡല്‍ഹിയിലെ ഒരു വലിയ വിദ്വാന്‍ പറഞ്ഞില്ലേ. തുടര്‍ച്ചയായി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പുനര്‍നിര്‍മ്മാണം നടത്തേണ്ടതുണ്ടോയെന്ന് നോക്കണം. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി വേണം ആളുകളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയുള്ള പുനര്‍നിര്‍മ്മാണം സാധ്യമാക്കാന്‍. ഇതിനാവശ്യമായ ഭൂമി കണ്ടെത്തണം. ഇങ്ങനെ മാറിപ്പോകുന്നത് വരുമാനനഷ്ടവും മറ്റുമുണ്ടാക്കുമെന്ന ആളുകളുടെ ആശങ്ക മാറ്റാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് അവരെക്കൂടി പങ്കെടുപ്പിച്ചുള്ള ഗ്രാമസഭകള്‍ സംഘടിപ്പിക്കണം. അങ്ങനെ ജനകീയപങ്കാളിത്തത്തോടെ നവകേരളം സൃഷ്ടിക്കണം. നദീതീരങ്ങളിലെ താമസം, ആവാസരീതി എന്നിവ മാറേണ്ടതല്ലേയെന്ന് ചര്‍ച്ച ചെയ്യണം. വാസയോഗ്യവും അല്ലാത്തതുമായ പ്രദേശങ്ങളെ വിഭജിച്ച് വാസയോഗ്യമല്ലാത്തിടത്തെ നിര്‍മ്മാണങ്ങള്‍ നിരോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

LIVE NEWS - ONLINE

 • 1
  2 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  3 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  4 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  7 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  8 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  10 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  11 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  12 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  13 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു