Saturday, September 22nd, 2018

കേരളം നഷ്ടപ്പെടുത്തുന്ന കോടികള്‍

          വരള്‍ച്ചാദുരിതാശ്വാസം വാങ്ങിയെടുക്കുന്നതില്‍ കേരളം കാട്ടിയ അവഗണന ദുരിത ബാധിതരോടുള്ള അങ്ങേയറ്റത്തെ നെറികേടാണ്. ഇത്ര ഗൗരവമേറിയ ഒരു വിഷയത്തെ തികഞ്ഞ ലാഘവത്തോടെ കാണുന്നതും ഇതാദ്യമാണ്. വരള്‍ച്ചാദുരിതാശ്വാസമായി ലഭിക്കേണ്ട നാനൂറ് കോടിയാണ് സംസ്ഥാനത്തിന്റെ അനാസ്ഥകാരണം നഷ്ടമാക്കിയത്. പ്രതിരോധ നടപടികളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലെ വീഴ്ചമൂലമാണ് 400 കോടി രൂപയുടെ കേന്ദ്ര സഹായം കേരളത്തിന് നഷ്ടമായത്. പദ്ധതി ആസൂത്രണം സംബന്ധിച്ച് കേന്ദ്രം കേരളത്തിനയച്ച കത്ത് തുറന്നു നോക്കാന്‍ പോലും സൗമനസ്യം കാട്ടിയില്ലെന്നറിയുമ്പോഴാണ് ഉദാസീനതയുടെ ആഴവും പരപ്പും … Continue reading "കേരളം നഷ്ടപ്പെടുത്തുന്ന കോടികള്‍"

Published On:Jul 14, 2014 | 1:55 pm

Kerala Loss Editorial Full

 

 

 

 

 

വരള്‍ച്ചാദുരിതാശ്വാസം വാങ്ങിയെടുക്കുന്നതില്‍ കേരളം കാട്ടിയ അവഗണന ദുരിത ബാധിതരോടുള്ള അങ്ങേയറ്റത്തെ നെറികേടാണ്. ഇത്ര ഗൗരവമേറിയ ഒരു വിഷയത്തെ തികഞ്ഞ ലാഘവത്തോടെ കാണുന്നതും ഇതാദ്യമാണ്. വരള്‍ച്ചാദുരിതാശ്വാസമായി ലഭിക്കേണ്ട നാനൂറ് കോടിയാണ് സംസ്ഥാനത്തിന്റെ അനാസ്ഥകാരണം നഷ്ടമാക്കിയത്.
പ്രതിരോധ നടപടികളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലെ വീഴ്ചമൂലമാണ് 400 കോടി രൂപയുടെ കേന്ദ്ര സഹായം കേരളത്തിന് നഷ്ടമായത്. പദ്ധതി ആസൂത്രണം സംബന്ധിച്ച് കേന്ദ്രം കേരളത്തിനയച്ച കത്ത് തുറന്നു നോക്കാന്‍ പോലും സൗമനസ്യം കാട്ടിയില്ലെന്നറിയുമ്പോഴാണ് ഉദാസീനതയുടെ ആഴവും പരപ്പും വര്‍ധിക്കുന്നത്. സംസ്ഥാന റവന്യു വകുപ്പിനാണ് കേന്ദ്രം കത്തയച്ചത്. സാധാരണ നിലയില്‍ ഇക്കാര്യത്തില്‍ വകുപ്പുകളുടെ ഏകോപനം നിര്‍ണ്ണായക ഘടകമാണ്. വരള്‍ച്ച പ്രതിരോധം, റവന്യു, കൃഷി, ജലവിഭവം, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവ ഏകോപിച്ച് പ്രവര്‍ത്തനം നടത്തേണ്ട ഒരു മേഖലയാണിത്. ഇത്തരം വകുപ്പുകളെ കൂട്ടി യോജിപ്പിക്കേണ്ട കടമ നിക്ഷിപ്തമായതോ സര്‍ക്കാരിലും. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ അലംഭാവമാണ് വലിയൊരു കേന്ദ്രസഹായം കേരളത്തിന് നഷ്ടപ്പെടാനിടയാക്കിയത്.
വരള്‍ച്ചാ ദുരിതാശ്വാസം സംബന്ധിച്ച് വര്‍ഷാവര്‍ഷം കേന്ദ്രം റിപ്പോര്‍ട്ട് ചോദിക്കുക പതിവാണ്. വരള്‍ച്ച തടയാന്‍ സ്വീകരിച്ച മുന്‍കരുതലുകളെന്തൊക്കെ, ഭാവിയില്‍ വരള്‍ച്ചാ പ്രതിരോധത്തിന് ആവശ്യമാകുന്നതുകയെത്ര എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടാണ് കേന്ദ്രം തേടുക. ഇത്തരത്തില്‍ ഇത്തവണയും കേന്ദ്രം കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നുമാത്രമല്ല ഒരുമാസം മുമ്പ് ഡല്‍ഹിയില്‍ ചേര്‍ന്ന കൃഷിമന്ത്രിമാരുടെയും വകുപ്പ് തലവന്മാരുടെയും യോഗത്തിലും ഇക്കാര്യം അറിയിച്ചിരുന്നു. എന്നിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. കേന്ദ്രനിര്‍ദ്ദേശം ലഭിച്ചയുടനെ മറ്റെല്ലാ സംസ്ഥാനങ്ങളും ക്യാബിനറ്റ് വിളിച്ച് ചേര്‍ത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും യഥാസമയം തന്നെ വരള്‍ച്ചാദുരിതാശ്വാസം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. കേരളത്തിലെ ബന്ധപ്പെട്ട വകുപ്പും അതിനെ നിയന്ത്രിക്കുന്നവരും ഗൗരവമേറിയ ഇരുവിഷയത്തെ തികഞ്ഞ ലാഘവത്തോടെയാണ് നോക്കികണ്ടത്. വരള്‍ച്ചാദുരിതാശ്വാസ റിപ്പോര്‍ട്ട് റവന്യു വകുപ്പാണ് നല്‍കേണ്ടതെന്ന നിലപാടിലാണ് കൃഷിവകുപ്പ്. വരള്‍ച്ച പ്രഖ്യാപിച്ചതിനു ശേഷമുള്ള നിവേദനം തയ്യാറാക്കേണ്ട ചുമതല റവന്യു വകുപ്പിനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വരള്‍ച്ച ഉണ്ടാകുന്നതിനു മുമ്പ് നഷ്ടസാധ്യതയെക്കുറിച്ചും നഷ്ടം മറികടക്കാന്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചും പദ്ധതി ആവിഷ്‌കരിക്കേണ്ടത് അതത് വകുപ്പുകള്‍ തന്നെയാണെന്നത് തര്‍ക്കമറ്റവിഷയമാണ്. ഇവിടെ കൃഷി വകുപ്പ് അവരുടെ ഉത്തരവാദിത്വത്തില്‍ വരുന്ന പ്രധാനപ്പെട്ട ഒരു കാര്യത്തെ മറ്റൊരു വകുപ്പിന്റെ ചുമലില്‍ കെട്ടിവെച്ച് കൈകഴുകുകയാണ് ചെയ്തത്. വകുപ്പുകളുടെ കൊമ്പ് കോര്‍ക്കലില്‍ വലിയൊരു ധനസഹായമാണ് കേരളത്തിന് നഷ്ടമായത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടാണ് വരള്‍ച്ചാ ദുരിതാശ്വാസം. ഈ മേഖലയ്ക്ക് കിട്ടേണ്ടതുകയാണ് ഇപ്പോള്‍ നഷ്ടമായതും. ജലശ്രോതസ്സ് സംരക്ഷണം, മഴവെള്ള സംരക്ഷണം വരള്‍ച്ചാ ദുരിതാശ്വാസ കമ്മിറ്റി മുഖേന ചെലവഴിക്കാവുന്നതുക, കനാല്‍ വികസനം, കാര്‍ഷികവിള സംരക്ഷണം എന്നീ മേഖലയ്ക്ക് ചിലവഴിക്കേണ്ടതുകയാണ് നഷ്ടമായത്.
സംസ്ഥാന സര്‍ക്കാര്‍ ദുരിത ബാധിതരോട് പ്രത്യേകിച്ച് കൃഷിക്കാരോട് കാട്ടിയത് ഒരുതരം ക്രൂരതയാണ് കേന്ദ്രത്തില്‍ നിന്നും എന്തൊക്കെ ആശ്വാസ നടപടികള്‍ സംസ്ഥാനത്തിന് കിട്ടുന്നുവോ അതെല്ലാം മത്സരബുദ്ധിയോടെ വാങ്ങിയെടുക്കേണ്ടവര്‍ തന്നെ പരസ്പരം കൊമ്പ് കോര്‍ത്ത് മൈതാന പ്രസംഗം നടത്തുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കുകയാണ് ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്യുന്നത്. പ്രത്യേകിച്ച് കൃഷിവകുപ്പ്. കഴിഞ്ഞ വര്‍ഷം മാത്രമല്ല ഈ വര്‍ഷത്തെയും അനുഭവം ഇതു തന്നെയായിരിക്കുമെന്ന സൂചനകളും വന്നുതുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന കാലവും കടുത്ത വരള്‍ച്ചയുടേതായിരിക്കുമെന്ന സൂചനകളും ഇപ്പോഴേ വന്നുതുടങ്ങി. സംസ്ഥാന കാര്‍ഷിക മേഖലയ്ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള നാശനഷ്ടം വിലയിരുത്തി കണ്ടിജന്‍സി പ്ലാന്‍ മുന്‍ കൂട്ടി തയ്യാറാക്കുന്ന പദ്ധതി തയ്യാറാക്കി കേന്ദ്രത്തിനു സമര്‍പ്പിക്കുന്നതില്‍ റവന്യു-കൃഷി വകുപ്പുകള്‍ ശീത സമരത്തിലാണ്. കാര്യങ്ങളുടെ കിടപ്പ് ഇത്തരത്തിലായതിനാല്‍ ഈയടുത്ത കാലത്തൊന്നും കേരളത്തിന് കേന്ദ്രത്തില്‍ നിന്നും വരള്‍ച്ചാ സഹായം ലഭിക്കില്ലെന്ന് പറയുന്നതിലും തെറ്റില്ല.
കേരളത്തിലെ കാര്‍ഷിക സമ്പദ് വ്യവസ്ഥയെയും കൃഷിക്കാരെയും കര്‍ഷകരെയും അത്യന്തം ദോഷകരമായി ബാധിക്കുന്ന ഈ വിഷയത്തെ സംസ്ഥാന സര്‍ക്കാരും ലാഘവത്തോടെയാണ് വീക്ഷിക്കുന്നതെന്ന കാര്യത്തിലും സംശയമില്ല. അങ്ങിനെയല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ നേരത്തെ ഇടപെടണമായിരുന്നു.
വകുപ്പുകള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലോ, ഏകോപനമില്ലായ്മ അനുഭവപ്പെടുന്നുണ്ടെങ്കിലോ തക്ക സമയത്ത് ഇടപെട്ട് സംസ്ഥാനതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന തീരുമാനങ്ങളെടുപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടിട്ടും മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഇടപെടുന്നില്ലെന്നുവെച്ചാല്‍ വരള്‍ച്ചാ ദുരിതാശ്വാസ കാര്യത്തില്‍ അവര്‍ക്കും താല്‍പ്പര്യമില്ലെന്നാണോ കരുതേണ്ടത്.

LIVE NEWS - ONLINE

  • 1
    30 mins ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    40 mins ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 3
    49 mins ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 4
    51 mins ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    54 mins ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 6
    1 hour ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 7
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    2 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    2 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍