Thursday, April 18th, 2019

കീരിയാട് പാതിരാ കൊലപാതകം; നാലുപേര്‍ പിടിയില്‍

കീരിയാട്ടെ പ്ലൈവുഡ് ഫാക്ടറിയിലെ സൂപ്പര്‍വൈസറായ ഒഡീഷ സ്വദേശി പ്രഭാകര്‍ദാസാണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ 12ന് ശനിയാഴ്ച അര്‍ധരാത്രി ഭാര്യയുടെ കണ്‍മുന്നില്‍ കുത്തേറ്റ് മരിച്ചത്.

Published On:May 29, 2018 | 1:38 pm

കണ്ണൂര്‍: ജില്ലയെ നടുക്കിയ വളപട്ടണം കീരിയാട് പാതിരാ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യപ്രതിയടക്കം നാലംഗ സംഘത്തെ ഒഡീഷയില്‍ നിന്ന് പിടികൂടി വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒഡീഷ സ്വദേശികളായ ഗണേശ് നായ്ക് (18) റിന്തു (21) എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെയുമാണ് വളപട്ടണം എസ് എച്ച് ഒ എം കൃഷ്ണന്‍, എസ് ഐ ലതീഷ് തുടങ്ങിയവരടക്കമുള്ള സംഘം അറസ്റ്റ് ചെയ്തത്.
കീരിയാട്ടെ പ്ലൈവുഡ് ഫാക്ടറിയിലെ സൂപ്പര്‍വൈസറായ ഒഡീഷ സ്വദേശി പ്രഭാകര്‍ദാസാണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയുടെ കണ്‍മുന്നില്‍ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ 12ന് ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.
മുഖംമൂടി ധരിച്ച അഞ്ചുപേരാണ് ഭര്‍ത്താവിനെ കൊന്നതെന്ന് ഭാര്യ ലക്ഷ്മിപ്രിയ പോലീസിന് മൊഴി നല്‍കിയിരുന്നു. ലക്ഷ്മി പ്രിയക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. കൊലപാതകം നടത്തിയശേഷം സംഘം ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇവരില്‍ നിന്ന് കൊല്ലപ്പെട്ട പ്രഭാകര്‍ ദാസിന്റെ പണവും ലക്ഷ്മിപ്രിയയുടെയും മക്കളുടെയും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ടത്രെ. സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരു പ്രതിയെ കൂടി കിട്ടാനുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. കൊലപാതകികളായ അഞ്ചുപേരും ആന്ധ്രയിലെ പ്ലൈവ്ഡുസ് കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്.
സംഭവ ദിവസം തലേന്ന് രാവിലെ ആന്ധ്രയില്‍ നിന്ന് ചെന്നൈയിലെത്തുകയും അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് വരികയായിരുന്നു. നഗരത്തിലെ കടയില്‍ നിന്ന് കത്തിയും കയറും വാങ്ങിയാണ് ഇവര്‍ വൈകീട്ട് ബസ് മാര്‍ഗം പുതിയതെരുവിലെത്തിയത്. അവിടെ ബാറില്‍ കയറി അഞ്ചംഗ സംഘം മദ്യപിക്കുകയും തൊട്ടടുത്ത ഹോട്ടില്‍ പോയി ഭക്ഷണം കഴിച്ചശേഷം നടന്ന് പുഴാതി പയറ്റാകാവിന് സമീപത്തെത്തി. കാറ്റും മഴയും വന്നപ്പോള്‍ സംഘം ഓടി പ്രഭാകര്‍ ദാസിന്റെ വീടിന്റെ വരാന്തയില്‍ നിന്നു. ആ സമയം കറന്റ് പോവുകയും ചെയ്തിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ പ്രഭാകര്‍ ദാസിന്റെ വീടിന്റെ വാതില്‍ മുട്ടിവിളിച്ചു. ഈ സമയം പ്രഭാകര്‍ ദാസിന്റെ ഭാര്യ ലക്ഷ്മിപ്രിയ വാതില്‍ തുറന്നു. സംഘം അക്രമിച്ച് അകത്ത് കടന്ന് ഭീഷണിപ്പെടുത്തി ലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവാങ്ങി. ഉറങ്ങികിടക്കുന്ന പിഞ്ചുകുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുത്തു. ബഹളം കേട്ട് ഞെട്ടിയുണര്‍ന്ന പ്രഭാകര്‍ദാസ് കിടപ്പറയില്‍ നിന്ന് പുറത്തുവന്നപ്പോള്‍ അഞ്ചംഗ സംഘം ഇയാളെ കസേരയില്‍ കെട്ടിയിട്ടു. ഇതിനിടയില്‍ അലമാരയില്‍ സൂക്ഷിച്ച 60,000ത്തോളം രൂപയും സംഘം കൈക്കലാക്കി. പിടിവലിക്കിടയില്‍ മുഖ്യപ്രതിയായ ജനനായ്ക് പ്രഭാകര്‍ദാസിന്റെ വയറ്റിലും നെഞ്ചിലും മൂന്നുതവണ കത്തി കുത്തിയിറക്കി. കുടല്‍മാല പുറത്തുചാടി ചോര വാര്‍ന്ന് അവശനായ പ്രഭാകര്‍ ദാസ് മരിക്കുകയായിരുന്നു. മോഷണ മുതലുകളുമായി ഇവര്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തി ആഭരണപ്പെട്ടികളും മറ്റും ഉപേക്ഷിച്ച ശേഷം പുലര്‍ച്ചെയുള്ള ട്രെയിന്‍ കയറി നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
നേരത്തെ ജനനായ്ക് പ്രഭാകര്‍ദാസിന്റെ കീഴില്‍ കീരിയാട്ട് പ്ലൈവുഡ്‌സില്‍ ജോലിചെയ്തിരുന്നു. എട്ടുമാസം മുമ്പ് സഹപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് ജനനായ്കിനെ സംശയിച്ചിരുന്നു. എട്ടായിരം രൂപ വാങ്ങിയാണ് പ്രഭാകര്‍ദാസ് ഈ പ്രശ്‌നം പരിഹരിച്ചത്. പിന്നീട് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിന് കിട്ടിയ സൂചന. പേടിപ്പിച്ച് പണം തട്ടിയെടുക്കാനാണ് ഉദ്ദേശിച്ചതെന്ന് പ്രതികളില്‍ ചിലര്‍ പറയുന്നത്. ഇന്ന് വൈകീട്ടോടെ കൊലയാളി സംഘത്തെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി നാളെയോ മറ്റന്നാളോ പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങും. ജില്ലാപോലീസ് മേധാവി ജി ശിവവിക്രം, ഡി വൈ എസ് പി പി പി സദാനന്ദന്‍ തുടങ്ങിയവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

LIVE NEWS - ONLINE

 • 1
  13 mins ago

  രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

 • 2
  54 mins ago

  ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

 • 3
  2 hours ago

  സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

 • 4
  3 hours ago

  പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

 • 5
  3 hours ago

  പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

 • 6
  3 hours ago

  മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

 • 7
  7 hours ago

  രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

 • 8
  7 hours ago

  ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

 • 9
  7 hours ago

  ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി