കശ്മീരിന് ഭരണഘടനക്കപ്പുറം സ്വയം ഭരണമില്ല: സുപ്രീം കോടതി

Published:December 17, 2016

Supreme Court FUll 98778

 

 

 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് ഇന്ത്യന്‍ ഭരണഘടനക്ക് മുകളില്‍ പരമാധികാരമില്ലെന്ന് സുപ്രീം കോടതി. ജമ്മുകശ്മീരിന്റെ ഭരണഘടന ഇന്ത്യന്‍ ഭരണഘടനക്ക് തുല്യമാണെന്ന ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ നിരീക്ഷണം തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും റോഹിന്‍ടന്‍ നരിമാനും അടങ്ങിയ ബഞ്ച് നിരീക്ഷണം നടത്തിയത്.
ജമ്മുകശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയുടെ കീഴിലാണ്. ജമ്മുകശ്മീര്‍ നിവാസികള്‍ ആദ്യം ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും അതോടൊപ്പം സംസ്ഥാന ഭരണഘടന അനുസരിച്ചും ജീവിക്കണം. 1957ലെ ജമ്മുകശ്മീര്‍ ഭരണഘടനയുടെ ആമുഖം പരിശോധിച്ചാണ് ബഞ്ച് ഈ അഭിപ്രായം രേഖപ്പടുത്തിയത്.
കശ്മീര്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ ഇന്ത്യന്‍ യൂണിയന്റെ അവിഭാജ്യ ഘടകമാണ് കശ്മീരെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഭേദഗതി വരുത്താനാകാത്ത ഭാഗമാണിതെന്നും ജഡ്ജിമാര്‍ പറഞ്ഞു.
കശ്മീരികള്‍ ആത്യന്തികമായി ഇന്ത്യന്‍ പൗരന്‍മാരാണ്. പരമാധികാരമുള്ളവരാണെന്ന് പറയുന്നതിലൂടെ വ്യത്യസ്ത വിഭാഗമാണെന്ന് സ്വയം പറയുകയാണെന്നും അത് പൂര്‍ണമായും തെറ്റാണെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. കശ്മീരികള്‍ക്ക് ഇരട്ടപൗരത്വം അനുവദിക്കില്ലെന്നും അവര്‍ ഇന്ത്യന്‍ പൗരന്‍മാരാണെന്നും കശ്മീര്‍ ഹൈക്കോടതിയെ ഓര്‍മിപ്പിക്കുകയാണെന്നും സുപ്രീംകോടതി പറഞ്ഞു. ഒരു വിധി പ്രസ്താവനയില്‍ത്തില്‍ മൂന്നു സ്ഥലത്തെങ്കിലും ഹൈക്കോടതി ജമ്മുകശ്മീരിന്റെ ഇല്ലാത്ത പരമാധികാരത്തെ കുറിച്ച് പറഞ്ഞതിനാലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.
സ്വയംഭരണമെന്ന നിയമ പ്രശ്‌നം പരിഗണിക്കുമ്പോള്‍ സര്‍ഫേസി ആക്ട് കശ്മീരിന് ബാധകമാകുമോ എന്നത് പരിഗണിക്കണം. അതോടൊപ്പം ജമ്മു കശ്മീര്‍ സ്വത്തു കൈമാറ്റ നിയമത്തിലെ 140-ാം വകുപ്പ് സര്‍ഫേസി നിയമത്തിന് വിരുദ്ധമായതിനാല്‍ നിയമം നടപ്പാക്കുന്നത് പാര്‍ലമെന്റിന്റെ അധികാര പരിധിക്ക് പുറത്താണോ എന്നുള്ളതും പരിഗണിക്കണം.
സര്‍ഫേസി ആക്ട് അനുസരിച്ച് ബാങ്കുകള്‍ക്ക് ജപ്തി നടപടികള്‍ സ്വീകരിക്കാം. എന്നാല്‍ ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വത്ത് സംബന്ധിച്ച നിയമ നിര്‍മാണത്തിന് സംസ്ഥാനത്തിനാണ് പൂര്‍ണാധികാരം എന്നാണ് ഹൈക്കോടതി വിധി.
ഇതിനെതിരെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍ കശ്മീരികളുടെ സ്വത്ത് സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് വില്‍ക്കാന്‍ കഴിയില്ലെന്നും സര്‍ഫേസി നിയമം കശ്മീരിനു ബാധകമാക്കുമ്പോള്‍ ആര്‍ട്ടിക്കള്‍ 370 പ്രകാരം പാര്‍ലമെന്റ് അഭിപ്രായം ചോദിക്കേണ്ടതായിരുന്നെന്നും ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഈ വാദങ്ങളെ തള്ളിയ സുപ്രീം കോടതി സര്‍ഫേസി ആക്ട് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കടങ്ങള്‍ തിരിച്ചു പിടിക്കുന്നത് സംബന്ധിച്ചതാണെന്നും അത് കേന്ദ്രത്തിന്റെ അധികാര പരിധിയിലാണെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായേണ്ടതില്ലെന്നും അറിയിച്ചു. സര്‍ഫേസി നിയമത്തില്‍ തന്നെ ജമ്മുകശ്മീരിനായി പ്രത്യേക വകുപ്പുണ്ട്. സംസ്ഥാനത്തിന്റെ നിയമവും കേന്ദ്രത്തിന്റെ നിയമവും നേര്‍ക്കുനേര്‍ വരുമ്പോള്‍ സംസ്ഥാന നിയമം വഴിമാറണമെന്നും അറിയിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.