Thursday, September 20th, 2018

കലൈഞ്ജര്‍ക്കും അന്ത്യവിശ്രമം മറീന ബീച്ചില്‍ തന്നെ

കരുണാനിധിയാണ് തന്റെ ആത്മാവെന്ന് അണ്ണാദുരൈ പറയുമായിരുന്നു

Published On:Aug 8, 2018 | 11:41 am

ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി അന്ത്യവിശ്രമം കൊള്ളുക മറീന ബീച്ചിലെ അണ്ണാദുരൈയുടെ സമാധിക്ക് സമീപത്ത് തന്നെ. സംസ്‌കാരം മറീന ബീച്ചില്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹുലുവാദി.ജി.രമേഷ്, ജസ്റ്റിസ് സുന്ദര്‍ എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ച് ഉത്തരവിടുകയായിരുന്നു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സംസ്‌കാരം മറീന ബീച്ചില്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെയാണ് കോടതിയെ സമീപിച്ചത്. കോടതി വിധി വന്നതോടെ രാജാജി ഹാളിലും പുറത്തും തടിച്ചു കൂടി ഡി.എം.കെ പ്രവര്‍ത്തകര്‍ കരുണാനിധിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു.
സംസ്‌കാരം മറീനയില്‍ നടത്തുന്നതിനെതിരെ ട്രാഫിക് രാമസ്വാമി അടക്കമുള്ള ആറ് പേര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ ഹര്‍ജികള്‍ ഹര്‍ജിക്കാര്‍ തന്നെ പിന്‍വലിക്കുകയായിരുന്നു. ഹൈക്കോടതി ഹര്‍ജികള്‍ തള്ളുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ഹര്‍ജിക്കാര്‍ പിന്‍വാങ്ങിയത്. ഇന്നലെ രാത്രി കോടതി കേസില്‍ വാദം കേട്ടിരുന്നു. മറുപടി അറിയിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് മണിക്ക് പരിഗണിക്കാന്‍ കേസ് മാറ്റി. ഇന്ന് ഏതാണ്ട് മൂന്ന് മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷം 11 മണിക്കാണ് കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
കരുണാനിധിയുടെ ഭൗതികദേഹം മറീനയില്‍ അടക്കം ചെയ്യണമെന്ന് ഡി.എം.കെ നിര്‍ബന്ധം പിടിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മുഖ്യമന്ത്രി ആയിരിക്കെ മരിച്ചവരെ മാത്രമാണ് മറീനയില്‍ അടക്കം ചെയ്യാറുള്ളത്. അതാണ് കീഴ്‌വഴക്കമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങളെല്ലാം ഡി.എം.കെ തള്ളി. ഡി.എം.കെ സ്ഥാപകനായ അണ്ണാദുരൈ,കരുണാനിധിയാണ് തന്റെ ആത്മാവെന്ന് പറയുമായിരുന്നു. അങ്ങനെയുള്ള കരുണാനിധിക്ക് ഗാന്ധി മണ്ഡപത്തിന് സമീപത്ത് അന്ത്യവിശ്രമം ഒരുക്കുന്നത് മര്യാദക്ക് ചേരുന്നതല്ല. തമിഴ്‌നാട്ടിലെ ഒരു കോടിയോളം വരുന്ന ഡി.എം.കെ പ്രവര്‍ത്തകര്‍ ഇത് അംഗീകരിക്കുമെന്ന് കരുതേണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. കാമരാജയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രങ്ങളുമായി യോജിക്കാത്തവരായിരുന്നു. അണ്ണാ ഡി.എം.കെയും ഡി.എം.കെയും ഒരേ പ്രത്യയശാസ്ത്രം പിന്തുടരുന്നവരാണ്. അതിനാലാണ് എം.ജി.ആറിന് മറീന ബീച്ചില്‍ അന്ത്യവിശ്രമം ഒരുക്കിയത്. മറീനയില്‍ മുഖ്യമന്ത്രിമാര്‍ക്ക് മാത്രമെ അന്ത്യവിശ്രമത്തിന് സ്ഥലം നല്‍കൂ എന്ന നിയമമൊന്നുമില്ല. കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏഴ് ദിവസം ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണ്. അങ്ങനെയൊരു തീരുമാനം കൈക്കൊണ്ട സര്‍ക്കാര്‍ മറീനയില്‍ കരുണാനിധിക്ക് അന്ത്യവിശ്രമത്തിന് സ്ഥലം നല്‍കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്നും ഡി.എം.കെയുടെ അഭിഭാഷകന്‍ ചോദിച്ചു. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് മറീനയില്‍ അന്ത്യവിശ്രമത്തിന് ഇടം നല്‍കരുതെന്ന ഒരു പ്രോട്ടോക്കോളും ഇല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഡി.എം.കെയുടെ ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

 

 

LIVE NEWS - ONLINE

 • 1
  10 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  11 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  12 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  15 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  16 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  17 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  19 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  20 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  21 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു