Wednesday, January 23rd, 2019

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വന്നേക്കും

കിയാല്‍ എം ഡി ഈയാഴ്ച സന്ദര്‍ശിക്കും

Published On:Jun 27, 2018 | 11:50 am

കെ കെ കീറ്റുകണ്ടി

മട്ടന്നൂര്‍: യാത്രികര്‍ക്ക് സെപ്റ്റംബറില്‍ തുറന്നു കൊടുക്കുമെന്നു പ്രഖ്യാപിക്കപ്പെട്ട കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും സെപ്റ്റംബര്‍ മൂന്നാംവാരം ഉദ്ഘാടനം ചെയ്യപ്പെട്ടേക്കുമെന്നു സൂചന. കിയാല്‍ എം ഡി തുളസിദാസ് ഈയാഴ്ച തന്നെ വിമാനത്താവളം സന്ദര്‍ശിക്കുന്നുണ്ട്.
ആഗസ്റ്റ് നാലാംവാരം തിരുവോണവും ബക്രീദും ഒത്തുവരുന്ന സാഹചര്യത്തില്‍ ആ മാസം തന്നെ ഉദ്ഘാടനം ചെയ്യുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും ചില ലൈസന്‍സുകള്‍ ആഗസ്റ്റ് ഒടുവില്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് വിശ്വകര്‍മ്മജയന്തിയും മുഹറവും ശ്രീനാരായണഗുരു സമാധിയും ഒത്തുവരുന്ന സെപ്റ്റംബര്‍ മൂന്നാംവാരം ഉദ്ഘാടനത്തിനു ശ്രമം നടക്കുന്നത്. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതയുള്ള മൂര്‍ഖന്‍പറമ്പില്‍ വാസ്തുവിനും പ്രാധാന്യം ഒട്ടേറെയുള്ളതിനാല്‍ വിശ്വകര്‍മ്മജയന്തിയായ 17 ന് തിങ്കളാഴ്ച ഉദ്ഘാടനം നടക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ഘാടകനായി കൊണ്ടുവരാനും അണിയറയില്‍ ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ചടങ്ങില്‍ങ്കെടുക്കും.
ഇതിനിടെ വിമാനത്താവളത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്കെത്തി. വിവിധ ഷിഫ്റ്റുകളായി രാവും പകലും നിരവധി പേര്‍ മൂര്‍ഖന്‍ പറമ്പില്‍ ജോലിയില്‍ വ്യാപൃതരാണ്. പൂര്‍ണ്ണമായ കെട്ടിടങ്ങള്‍ വൃത്തിയാക്കുവാനും മറ്റും തദ്ദേശീയരായ നിരവധി തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. കിയാല്‍ കണ്‍സള്‍ട്ടന്റ് എയ്‌കോം, നിര്‍മ്മാണ കരാറുകാരായ എല്‍ ആന്റ് ടി എന്നിവയിലെ ഉദ്യോഗസ്ഥരുടെ സജീവസാന്നിധ്യം എല്ലായിടത്തുമുണ്ട്.
ടെര്‍മിനല്‍ കെട്ടിടത്തിന്റെ അവസാന മിനുക്ക് പണികള്‍ ഇതിനകം പൂര്‍ത്തിയായി. വിവിധ ഏജന്‍സികള്‍ക്കുള്ള മുറികളും രാജ്യാന്തര- ആഭ്യന്തര ടെര്‍മിനലുകളുടെ വേര്‍തിരിക്കലും ബാഗേജ് ലഭിക്കുന്നതിനുള്ള കണ്‍വേര്‍ ബെല്‍ട്ടുകളും പൂര്‍ത്തിയായി. 20 വിമാനക്കമ്പനികള്‍ക്കുള്ള കൗണ്ടറുകള്‍, റണ്‍വേ, ടാക്‌സിവേ, ഏപ്രണ്‍ ഇവയുടെ പാര്‍ക്കിംഗ് ലൈറ്റ്, റണ്‍വേയുടെ സുരക്ഷാഏറിയ, 23 കിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതില്‍, റണ്‍വേയില്‍ നിന്ന് വിമാനങ്ങള്‍ക്ക് എളുപ്പത്തില്‍ പാര്‍ക്കിംഗ് മേഖലയിലെത്താനുള്ള 2,200 മീറ്റര്‍ പാരലല്‍ ടാക്‌സി വേ, റണ്‍വേയുടെ ഇരുഭാഗത്തുമുള്ള അപ്രോച്ച് ലൈറ്റുകള്‍ എന്നിവ പൂര്‍ത്തിയായി. വാട്ടര്‍ ടാങ്ക്, മതിലിനുള്ള വിളക്കുകള്‍, പ്രധാനകവാടത്തില്‍ നിന്നു പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള റോഡുകള്‍, പദ്ധതി പ്രദേശത്തെ മറ്റു വിവിധ റോഡുകള്‍, യാത്രക്കാരുടെ പാര്‍ക്കിംഗ് ഏറിയ, വിവിധ കേന്ദ്രങ്ങളില്‍ ശുചിമുറികള്‍ എന്നിവയും പൂര്‍ണ്ണമായി സജ്ജീകരിച്ചു.
കോഡ് 4 ഇ വിഭാഗത്തില്‍പ്പെട്ട കണ്ണൂര്‍ വിമാനത്താവളത്തിന് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന കോഡ് 4 എഫ് വിഭാഗത്തിലേക്ക് എളുപ്പം മാറുവാന്‍ കഴിയും. റണ്‍വേയുടെ ഉറപ്പും വീതിയും ടാക്‌സിവേയുടെ ഘടനയുമൊക്കെ പരിഗണിച്ച് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനാണ് കോഡ് തീരുമാനിക്കുന്നത്. എയര്‍ ബസ് 380 ഡബിള്‍ ഡക്കര്‍ വിമാനത്തിന് യോജിച്ച വേ ബ്രിഡ്ജും ടെര്‍മിനല്‍ കെട്ടിടത്തിലുണ്ട്. ഇത്തരം വിമാനം ഭാവിയില്‍ കണ്ണൂരിലെത്താനുള്ള സാധ്യത പരിഗണിച്ചാണിത്. ആഭ്യന്തര-വിദേശ യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന ഇന്റര്‍ഗ്രേറ്റഡ് യാത്രാ ടെര്‍മിനലാണ് കണ്ണൂരിലേത്. ഏഴുനില ടെര്‍മിനല്‍ കെട്ടിടത്തിന്റെ രണ്ടുനിലകള്‍ ആഭ്യന്തര വിദേശ യാത്രികര്‍ക്കാണ്. കെട്ടിടത്തിന്റെ താഴത്തെനിലയില്‍ താമസ സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ്.
മൂര്‍ഖന്‍പറമ്പില്‍ ഇതിനകംതന്നെ സിവില്‍ എവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞു. മാസങ്ങള്‍ക്കുമുമ്പ് എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ കെട്ടിടത്തിന്റെ ആകാശ പരിശോധന നടത്തി പരിപൂര്‍ണ്ണ വിജയപ്രദമാണെന്നും വിലയിരുത്തിയിരുന്നു. വിമാനത്താവളവും വിമാനങ്ങളും പരസ്പരം വിവരം കൈമാറുന്ന ഉപകരണങ്ങള്‍, ഡി ഒ ആര്‍ തുടങ്ങിയവയും ഇതിനകം പൂര്‍ണ്ണമായും പരീക്ഷിച്ച് പ്രവര്‍ത്തന സജ്ജമാക്കി. കെ എസ് ഇ ബി സബ്ബ് സ്റ്റേഷന്‍ പ്രവര്‍ത്തനവും ആരംഭിച്ചു.
വിവിധ ഭാഗങ്ങളില്‍ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഓപ്പറേഷന്‍ ഏറിയയുടെ അതിര്‍ത്തി റോഡ് നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. പദ്ധതി പ്രദേശത്തേക്കുള്ള കവാടത്തിന്റെ നിര്‍മ്മാണം അതിദ്രുതം നടന്നുവരികയാണ്. കാര്‍ഗോ കോംപ്ലക്‌സ്, സി ഐ എസ് എഫ് ബാരറ്റുകള്‍, കിയാല്‍ ഓഫീസ് ചുറ്റുമതിലിന് പുറത്തുള്ള റോഡില്‍ ലാന്‍സ്‌കേപ്പിംഗ് എന്നിവയുടെ നിര്‍മ്മാണവും അതിവേഗം നടക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ ദിശാസൂചകങ്ങള്‍ വെച്ചു തുടങ്ങി.
വിമാനത്താവളത്തെ രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതിനുള്ള ഉപകരണം ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ടെര്‍മിനലില്‍ നിന്ന് വിമാനത്തിലേക്ക് കയറാന്‍ സഹായിക്കുന്ന മൂന്ന് എയ്‌റോ ബ്രിഡ്ജുകള്‍ മാസങ്ങള്‍ക്കുമുമ്പ് ചൈനയില്‍ നിന്ന് എത്തിച്ച് സജ്ജീകരിച്ചിട്ടുണ്ട്. മറ്റു മൂന്ന് എയ്‌റോ ബ്രിഡ്ജുകള്‍ ചൈനയില്‍ നിന്ന് എത്തിച്ച് ഇക്കഴിഞ്ഞ മെയ് 7ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. നാളെ മാഹി അഴിയൂരില്‍ നിന്നു പുറപ്പെടുന്ന ഇവ ശനിയാഴ്ച രാത്രിയോടെ മൂര്‍ഖന്‍ പറമ്പില്‍ എത്തും.

 

 

LIVE NEWS - ONLINE

 • 1
  2 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 2
  4 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 3
  6 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 4
  6 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 5
  7 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 6
  8 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 7
  9 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 8
  9 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  9 hours ago

  നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം