Friday, May 25th, 2018

കണ്ണൂരിന്റെ കണ്ണീരിന് അറുതി വേണം

അണികളെ ചാവേറുകളാക്കി കണ്ണൂരില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മല്‍സരിച്ച് നടത്തുന്ന കൊലപാതകങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് സാക്ഷരകേരളം. അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ കണ്ണൂരിലെ രാഷ്ട്രീയകക്ഷികള്‍ ഇനിയും തയ്യാറല്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇരട്ടക്കൊലപാതകം അരങ്ങേറിയത് മാഹിയിലാണെങ്കിലും ഉത്തരവാദിത്തത്തില്‍നിന്ന് കണ്ണൂരിലെ രാഷ്ട്രീയ നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയുടെ രക്തബന്ധങ്ങളും വ്യവഹാരങ്ങളും കാലങ്ങളായി കണ്ണൂരുമായി ബന്ധപ്പെട്ടിരിക്കുന്നു. തികച്ചും ദൗര്‍ഭാഗ്യകരമായ അരുംകൊലകളാണ് തിങ്കളാഴ്ച രാത്രി പള്ളൂരില്‍ അരങ്ങേറിയത്. കണ്ണിനു കണ്ണ്, പല്ലിനു പല്ല്, ചോരക്കു ചോര എന്ന കിരാതനിയമം ഇവിടെ നടപ്പാവുന്നത് കണ്ടു. ചെറിയ … Continue reading "കണ്ണൂരിന്റെ കണ്ണീരിന് അറുതി വേണം"

Published On:May 9, 2018 | 1:34 pm

അണികളെ ചാവേറുകളാക്കി കണ്ണൂരില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മല്‍സരിച്ച് നടത്തുന്ന കൊലപാതകങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് സാക്ഷരകേരളം. അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ കണ്ണൂരിലെ രാഷ്ട്രീയകക്ഷികള്‍ ഇനിയും തയ്യാറല്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇരട്ടക്കൊലപാതകം അരങ്ങേറിയത് മാഹിയിലാണെങ്കിലും ഉത്തരവാദിത്തത്തില്‍നിന്ന് കണ്ണൂരിലെ രാഷ്ട്രീയ നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല.
പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയുടെ രക്തബന്ധങ്ങളും വ്യവഹാരങ്ങളും കാലങ്ങളായി കണ്ണൂരുമായി ബന്ധപ്പെട്ടിരിക്കുന്നു. തികച്ചും ദൗര്‍ഭാഗ്യകരമായ അരുംകൊലകളാണ് തിങ്കളാഴ്ച രാത്രി പള്ളൂരില്‍ അരങ്ങേറിയത്. കണ്ണിനു കണ്ണ്, പല്ലിനു പല്ല്, ചോരക്കു ചോര എന്ന കിരാതനിയമം ഇവിടെ നടപ്പാവുന്നത് കണ്ടു. ചെറിയ ഇടവേളയ്ക്ക് ശേഷം കണ്ണൂരിലും മാഹിയിലും അക്രമരാഷ്ട്രീയം വീണ്ടും അശാന്തി പടര്‍ത്തുകയാണ്. വെട്ടിന്റെയും കുത്തിന്റെയും ഭാഷയേ അറിയൂ കണ്ണൂരിലെ രാഷ്ട്രീയക്കാര്‍ക്ക്. ഈ ചോരക്കളിയില്‍ മരിക്കുന്നവരാവട്ടെ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരും. ഇതുവരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ മുന്നൂറിലേറെ പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് പ്രതിയോഗികളുടെ ആയുധങ്ങള്‍ക്ക് മുമ്പില്‍ ജീവിതം തകര്‍ന്ന് മൃതപ്രായരായി ആശുപത്രികളിലും വീടുകളിലുമായി കഴിയുന്നവരുടെ എണ്ണം.
കൊലപാതക രാഷ്ട്രീയം കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നിട്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ അനസ്യൂതം തുടരുന്നു. ബുദ്ധിയും ചിന്താശേഷിയും പണയംവച്ച്്, ചാവേറുകളാവുന്ന അണികളോട് വെറുപ്പോ ദേഷ്യമോ അല്ല, മറിച്ച് സഹതാപമാണ് പൊതുസമൂഹത്തിന് തോന്നുക. അണികളെ മരണത്തിനു വിട്ടുകൊടുത്ത് നേതാക്കള്‍ ശീതീകരിച്ച മുറികളില്‍ സമയം കൊല്ലുന്നു. മുമ്പ് നടന്ന പല കൊലക്കേസുകളിലും പിടിക്കപ്പെട്ടതും ശിക്ഷിക്കപ്പെട്ടതും യഥാര്‍ഥ പ്രതികളല്ലെന്ന വെളിപ്പെടുത്തലുകള്‍ നാം കേട്ടതാണ്. അതിനാല്‍ ഓരോ വര്‍ഷവും കണ്ണൂരില്‍ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. ബോംബ് നിര്‍മാണവും സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഇരുനൂറിലേറെ കേസുകളാണ് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
രാഷ്ട്രീയ നേതൃത്വത്തിനു കൊലപാതകങ്ങളില്‍ വലിയ പങ്കുണ്ട്. അനിഷ്ടസംഭവങ്ങളില്‍ നേതാക്കള്‍ നടപടിയെടുത്താല്‍ മാത്രമേ ഇതിനൊരു അറുതി വരൂ. കൊലയാളികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്നു പാര്‍ട്ടികള്‍ തീരുമാനിക്കണം. നേതാക്കള്‍ പരസ്പരം കൂടിക്കാഴ്ച നടത്തി ചായ കുടിച്ചു പിരിയുകയല്ല വേണ്ടത്. പരിഹാരം കാണുക തന്നെ വേണം. എതിരാളികളെ കൊലപ്പെടുത്തുന്ന ശൈലിയല്ല, അക്രമരാഷ്ട്രീയത്തെ നിശിതമായി എതിര്‍ക്കുന്ന അഹിംസാ സിദ്ധാന്തമാണ് നേതാക്കന്മാര്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. ഇതവസാനിപ്പിക്കാത്ത കാലത്തോളം കണ്ണൂരിന്റെ മണ്ണില്‍ ഇനിയും ചോരപ്പുഴകള്‍ ഒഴുകും. ഒപ്പം അമ്മമാരുടെയും ഭാര്യമാരുടെയും മക്കളുടെയും ചുടുകണ്ണീരും. ഈ ചോരപ്പുഴയില്‍ ഒലിച്ചുപോവുന്നത് സ്വന്തം കാല്‍ക്കീഴിലെ മണ്ണാണെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് ഉണ്ടാകുന്നതുവരെ കണ്ണൂരില്‍ ബോംബുകള്‍ പൊട്ടിക്കൊണ്ടേയിരിക്കും. കൂടുതല്‍ കൂടുതല്‍ രക്തസാക്ഷികളും ബലിദാനികളും പാര്‍ട്ടി ഓഫിസിന്റെ ചുമരുകളില്‍ ചിത്രങ്ങളായി തൂങ്ങിക്കൊണ്ടേയിരിക്കും.

 

LIVE NEWS - ONLINE

 • 1
  26 mins ago

  കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

 • 2
  36 mins ago

  ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

 • 3
  54 mins ago

  സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

 • 4
  1 hour ago

  ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

 • 5
  1 hour ago

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

 • 6
  1 hour ago

  നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

 • 7
  2 hours ago

  ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

 • 8
  2 hours ago

  കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

 • 9
  2 hours ago

  തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി