രണ്ട് നൂറ്റാണ്ട് മുമ്പ് കണ്ട സ്വപ്‌നങ്ങളാണ് യാഥാര്‍ത്ഥ്യമായത്: കാനം

Published:December 13, 2016

Kanam Rajendran Full

 

 

കണ്ണൂര്‍: സ്വപ്‌നം കാണുന്നത് മോശം കാര്യമല്ലെന്നും സ്വപ്‌നം കാണുക എന്നത് അശ്ലീലമല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വപ്‌നം കാണാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ കമ്മ്യൂണിസ്റ്റാകാന്‍ കഴിയൂ. രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ട സ്വപ്‌നങ്ങളാണ് പിന്നീട് യാഥാര്‍ത്ഥ്യമായതെന്നും കാനം അഭിപ്രായപ്പെട്ടു. മാവോയിസ്റ്റുകളെ ന്യായീകരിച്ച സിപിഐ നേതാക്കള്‍ ആകാശത്തു ജീവിക്കുന്ന സ്വപ്‌ന ജീവികളാണെന്ന് ഇന്നലെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു കാനം. ജയരാജന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ല. അതിനോട് പ്രതികരിക്കാനില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
മാവോവാദികളും ഇസ്ലാമിക തീവ്രവാദികളും ഹൈന്ദവ തീവ്രവാദികളും പ്രവര്‍ത്തിക്കുന്നത് ഒരേരീതിയിലാണെന്നുള്ള വിമര്‍ശനമാണ് പി. ജയരാജന്‍ നടത്തിയത്.
നിലമ്പൂര്‍ കരുളായി പടുക്ക വനത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പു ദേവരാജിനെയും കാവേരി എന്ന അജിതയെയും പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടു തട്ടിലായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം പ്രവണതകള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് യോജിച്ചതല്ലെന്നുമാണ് സി.പി.ഐയുടെ നിലപാട്. എന്നാല്‍, പോലീസിനെ ന്യായീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.