Sunday, July 22nd, 2018

ജറുസലേം ഇസ്രായേല്‍ തലസ്ഥാനം

പുതിയ പ്രഖ്യാപനത്തിനെതിരെ ലോകരാജ്യങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെ നേതാക്കളും രംഗത്തെത്തി.

Published On:Dec 7, 2017 | 9:53 am

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയെ കൊടും സംഘര്‍ഷത്തിലേക്ക് നയിക്കുന്ന നിലപാട് മാറ്റവുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ജറൂസലേം നഗരത്തെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധരാത്രി വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഏഴു പതിറ്റാണ്ടായി അമേരിക്ക സ്വീകരിച്ച നയതന്ത്ര സൗഹൃദം അട്ടിമറിച്ച് ടെല്‍അവീവിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനും ട്രംപ് നിര്‍ദേശം നല്‍കി. മാറ്റാന്‍ തീരുമാനമായെങ്കിലും കെട്ടിടമില്ലാത്തതിനാല്‍ മൂന്നോ നാലോ വര്‍ഷം കഴിഞ്ഞാകും എംബസി മാറ്റം.
മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത മതങ്ങള്‍ ഒരുപോലെ വിശുദ്ധഭൂമിയായി പരിഗണിക്കുന്ന ജറൂസലം തലസ്ഥാനമാക്കി 1980ല്‍ ഇസ്രായേല്‍ നിയമവിരുദ്ധ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും ലോക രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. ഫലസ്തീനികളും തലസ്ഥാനനഗരമായി ജറൂസലമിനെ കാണുന്നതിനാല്‍ മധ്യസ്ഥ ചര്‍ച്ചകളിലെ പ്രധാന അജണ്ടയായി നഗരം തുടരുന്നതിനിടെയാണ് ലോകത്തിന്റെ അഭ്യര്‍ഥന തള്ളി ട്രംപിന്റെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നല്‍കിയ വാഗ്ദാനമായിരുന്നു ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കല്‍. 1967ല്‍ അധിനിവേശം നടത്തിയ കിഴക്കന്‍ നഗരംകൂടി ഉള്‍പ്പെടുന്നതിനാല്‍ ജറൂസലം ഇസ്രായേലിന്റെ ഭാഗമല്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയതാണ്. യു.എസും പതിറ്റാണ്ടുകളായി യു.എന്‍ തീരുമാനം അംഗീകരിച്ചിട്ടുണ്ട്.
ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള തീരുമാനത്തിന് 1995ല്‍ യു.എസ് സഭ അംഗീകാരം നല്‍കിയെങ്കിലും സംഘര്‍ഷം ഭയന്ന് പ്രസിഡന്റുമാര്‍ പ്രത്യേക അധികാരമുപയോഗിച്ച് വൈകിക്കുകയിരുന്നു. ഇതാണ് ട്രംപ് അട്ടിമറിച്ചത്. നേരത്തെ പശ്ചിമ ജറുസലമിനെ റഷ്യ അംഗീകരിച്ചിരുന്നു. പുതിയ പ്രഖ്യാപനത്തിനെതിരെ ലോകരാജ്യങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെ നേതാക്കളും രംഗത്തെത്തി. യു.എന്‍ പ്രമേയമനുസരിച്ചുള്ള തല്‍സ്ഥിതി തുടരണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭൂമിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെ അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. തീരുമാനത്തില്‍ പ്രതിഷേധിക്കാന്‍ ഫലസ്തീനി സംഘടനകള്‍ രോഷത്തിന്റെ ദിനങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. അതേ സമയം, പ്രഖ്യാപനത്തെ പരോക്ഷമായി സ്വാഗതം ചെയ്ത ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഊഷ്മള ബന്ധത്തെ അനുമോദിച്ചു.

 

 

LIVE NEWS - ONLINE

 • 1
  1 hour ago

  വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

 • 2
  3 hours ago

  കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

 • 3
  4 hours ago

  ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

 • 4
  17 hours ago

  കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

 • 5
  18 hours ago

  പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

 • 6
  20 hours ago

  യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

 • 7
  20 hours ago

  എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

 • 8
  22 hours ago

  എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

 • 9
  23 hours ago

  കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി