Monday, September 24th, 2018

സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയായി ജാവ

          ജാവ സിമ്പിളാണു. അതേ ജാവ പവര്‍ഫുളും ആണു. പ്രേമം സിനിമയിലെ ഡയലോഗ് അല്ല. ഇന്തോനേഷ്യയിലെ പ്രധാന ദ്വീപ സമൂഹമായ ജാവയെക്കുറിച്ച് തന്നെയാണു പറഞ്ഞുവരുന്നത്. ചെറുതും വലുതുമായ അനവധി ദ്വീപുകള്‍ ചേര്‍ന്ന ദക്ഷിണപൂര്‍വ്വേഷ്യന്‍ രാജ്യം ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത ഉള്‍പ്പെടുന്ന ദ്വീപ സമൂഹമാണു ജാവ. ഭൂരിഭാഗവും പര്‍വ്വത പ്രദേശങ്ങളാല്‍ നിറഞ്ഞ ജാവയില്‍ നൂറ്റിപന്ത്രണ്ടോളം അഗ്‌നി പര്‍വ്വതങ്ങളുണ്ട്. അപൂര്‍വ്വങ്ങളായ സസ്യജന്തു വൈവിധ്യങ്ങളാല്‍ നിറഞ്ഞ ഇവിടെ നിരവധി മഴക്കാടുകളാലും സമ്പന്നമാണു. ട്രാവലോണിന്റെ ഒരു ടൂര്‍ … Continue reading "സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയായി ജാവ"

Published On:May 30, 2016 | 1:25 pm

Java Indonesia FUll 002

 

 

 

 

 

ജാവ സിമ്പിളാണു. അതേ ജാവ പവര്‍ഫുളും ആണു. പ്രേമം സിനിമയിലെ ഡയലോഗ് അല്ല. ഇന്തോനേഷ്യയിലെ പ്രധാന ദ്വീപ സമൂഹമായ ജാവയെക്കുറിച്ച് തന്നെയാണു പറഞ്ഞുവരുന്നത്.Nimisha Valliyamavil Thumb Image
ചെറുതും വലുതുമായ അനവധി ദ്വീപുകള്‍ ചേര്‍ന്ന ദക്ഷിണപൂര്‍വ്വേഷ്യന്‍ രാജ്യം ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത ഉള്‍പ്പെടുന്ന ദ്വീപ സമൂഹമാണു ജാവ. ഭൂരിഭാഗവും പര്‍വ്വത പ്രദേശങ്ങളാല്‍ നിറഞ്ഞ ജാവയില്‍ നൂറ്റിപന്ത്രണ്ടോളം അഗ്‌നി പര്‍വ്വതങ്ങളുണ്ട്. അപൂര്‍വ്വങ്ങളായ സസ്യജന്തു വൈവിധ്യങ്ങളാല്‍ നിറഞ്ഞ ഇവിടെ നിരവധി മഴക്കാടുകളാലും സമ്പന്നമാണു. ട്രാവലോണിന്റെ ഒരു ടൂര്‍ പ്രോഗ്രാം ജക്കാര്‍ത്തയിലേക്ക് എന്നറിഞ്ഞപ്പോള്‍ സന്തോഷത്തെക്കാളേറെ ആകാംക്ഷയായിരുന്നു. പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യത്തിലൂടെ സുപരിചിതമായ ബാലി എന്നും ഒരു സ്വപ്‌നം മാത്രമായിരുന്നു. അപ്പോള്‍ അതിനും അപ്പുറത്തേക്കൊരുലോകം കാഴ്ച്ചയില്‍ വിരിയുമ്പോള്‍ അത്ഭുതത്തേക്കാളേറെ ആകാംക്ഷതന്നെയാണു ഉടലെടുക്കുന്നത്.Java Indonesia Full
ലോകപ്രശസ്തമായ ആകര്‍ഷണകേന്ദ്രങ്ങളാലും ചരിത്ര സ്മാരകങ്ങളാലും സമ്പന്നമായ ജക്കാര്‍ത്തയിലെ പ്രധാന ആകര്‍ഷണങ്ങളാണു ബൊറോബുദൂരും പ്രംബനന്‍ ക്ഷേത്ര സമുച്ചയങ്ങളും.. പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായതിനാല്‍ തലസ്ഥാനനഗരിയില്‍ നിന്നും ഇവിടേയ്ക്ക് ടൂറിസ്റ്റ് ടാക്‌സികളും എയര്‍ബസുകളും സുലഭമാണു .തമാശപറഞ്ഞും പരിചയം പുതുക്കിയും വിശേഷങ്ങള്‍ പങ്കുവെച്ചും കുറച്ചു നല്ല നിമിഷങ്ങള്‍. ജക്കാര്‍ത്ത എത്തിയത് അറിഞ്ഞേ ഇല്ല എന്നു വേണം കരുതാന്‍. ദീര്‍ ഘദൂര യാത്രയുടെ ആലസ്യമകറ്റാന്‍ ചെറിയൊരു വിശ്രമവും ഷോപ്പിങ്ങും . അല്ലെങ്കിലും അന്നൊരു ദിവസത്തെ വിശ്രമത്തിനു ശേഷം സന്ദര്‍ശ്ശനം തുടങ്ങാം എന്നായിരുന്നു നേരത്തെ തീരുമാനിച്ചതും. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തോടെ ആ ഒരു ദിവസം ജക്കാര്‍ത്തയുടെ വഴിയോരങ്ങളിലൂടെ അലഞ്ഞു തിരിയാന്‍ സാധിച്ചു. ഭാഷയുടെയോ ദേശത്തിന്റെയോ അതിര്‍വ്വരമ്പുകള്‍ക്കും അപ്പുറം സാധാരണക്കാരില്‍ സാധാരണക്കാരായ കുറച്ചു മനുഷ്യര്‍. അപരിചിതത്തിന്റെ അസ്വാരസ്യങ്ങള്‍ ഇല്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ മാത്രം ആതിധേയരെ സ്വീകരിക്കുന്ന അവരുടെ പ്രകൃതം പ്രശംസനീയമാണ്. ചെറിയൊരു വിശ്രമത്തിനു ശേഷം റെസ്‌റ്റോറന്റിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയി.യോഗ്യകര്‍ത്താ സ്വദേശിയായ തേജോ ആണു ഗൈഡ്. ഇന്തോനേഷ്യയിലെ സാമ്പ്രദായിക ഭക്ഷണം തന്നെ ആയിരുന്നു ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നത്. വൈവിധ്യമാര്‍ന്ന രുചികളുടെ സമ്മേളനം. Indonesia food fullBebek Goreng നമ്മുടെ ഫ്രൈഡ് താറാവിന്റെ മറ്റൊരു രൂപം ആണു. ഇഞ്ചിയുടെയും നാടന്‍ മസാലകളുടെയുമൊക്കെ രുചിയാണു മുന്നിട്ട് നില്‍ക്കുന്നത്. Krerak Toelr ആയിരുന്നു മറ്റൊരു വിഭവം. എഗ് ഫ്രൈഡ് റൈസിനോട് സാമ്യത തോന്നുന്ന ഇതിന്റെ പ്രധാനചേരുവ ചുവന്നുള്ളിയും താറാവിന്റെ മുട്ടയുമൊക്കെത്തന്നെ. Gulai Ati എന്ന പേരില്‍ കൗ ലിവറും ഇവിടുത്തെ പ്രധാന വിഭവം തന്നെ. നാട്ടില്‍ ബീഫ് ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണേല്ലോ എന്ന കാര്യം വിസ്മരിച്ചുകൂടാ.ഭക്ഷണത്തിനു ശേഷം Es campur desert കൂടി കഴിച്ച് ശേഷം യാത്ര തുടങ്ങി.
ആദ്യ ലക്ഷ്യം ബൊറോബുദൂര്‍ ബുദ്ധവിഹാരം ആണു. മുന്‍ കൂട്ടി തീരുമാനിച്ചപ്രകാരം ആണു യാത്രകള്‍ എല്ലാം. ഒരോ സ്ഥലത്തും ഇത്ര സമയം മാത്രം എന്നു വ്യക്തമായ പ്ലാനോടു കൂടിയാണു തേജോയുടെ അകമ്പടിയോടെ യാത്ര തുടങ്ങിയത്.ആ നിലപാട് പൂര്‍ണ്ണമായി എനിക്ക് അത്ര രസിച്ചിരുന്നില്ല. മറ്റുള്ളവരുടെയും മുഖത്ത് അത് പ്രകടമാണു. സ്വതന്ത്ര്യമായി ,തന്നിഷ്ടപ്രകാരം കാഴ്ച്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യുന്ന സഞ്ചാര പ്രേമികള്‍ക്ക് ഈ സമയക്രമങ്ങള്‍ ചെറിയ നീരസം ഉണ്ടാക്കും എന്നത് വാസ്തവം. ഇഷ്ടമുള്ള സ്ഥലങ്ങളില്‍ മനസു പറയുന്നത്ര നേരം ബാഹ്യശക്തികളുടെ സമ്മര്‍ദ്ദമോ പ്രേരണയോ ഇല്ലാതെ ഇരിക്കുക എന്നതിലാണു യാത്രയുടെ രസം. അത് തന്നെയാണു വേണ്ടതും. തേജോ യോഗ്യകര്‍ത്താ സ്വദേശിയാണു. സംസാരപ്രിയനായ അദ്ദേഹം യാത്രാ മധ്യേ ജക്കാര്‍ത്തയിലെ ഒരോ ചെറു നിര്‍മ്മിതികളെക്കുറിച്ചും വാചാലനായി. ഇവിടെ പത്ത് പതിനഞ്ച് വര്‍ഷത്തോളമായി ടൂറിസ്റ്റ് ഗൈഡാണു. ഭാഷാ പ്രാവിണ്യവും ഇന്തോനേഷ്യയുടെ ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രാഹ്യവും ആകാം ഈ മേഖലയില്‍ ശക്തമായി നിലനില്‍ക്കുവാന്‍ തേജോക്ക് കഴിഞ്ഞത്.
യോഗ്യകര്‍ത്തായില്‍ നിന്നും ഏകദേശം 40 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. ഇന്ത്യയും ജാവയുമായുണ്ടാരുന്ന ബന്ധം വാണിജ്യസീമകളും പിന്നിട്ട് കല രാഷ്ട്രീയ സാംസ്‌കാരിക രംഗത്തേക്ക് വ്യാപിച്ച കാലത്ത് ഇവിടെ ശക്തമായ ഹിന്ദുമത സ്വാധീനം നിലനിന്നിരുന്നുവത്രെ. ശൈലേന്ദ്രന്മാര്‍ ആയിരുന്നു ആ കാലത്ത് രാജ്യം ഭരിച്ചത്. എട്ടാം നൂറ്റാണ്ടില്‍ ഇവിടെ മാതരം എന്നൊരു ഹിന്ദു രാഷ്ട്രം തന്നെ ഉണ്ടായിരുന്നു. ഇവിടിത്തെ ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രങ്ങള്‍ ജാവയില്‍ ഭാരതീയ സംസ്‌കാരം ചെലുത്തിയ സ്വാധീനത്തിന്റെ സ്മാരകമായും വിലയിരുത്താം.
ശൈലേന്ദ്ര രാജവംശം 8ം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പ്രമുഖ ബുദ്ധിസ്റ്റ് കേന്ദ്രമാണു ബൊരോബുദൂര്‍. മധ്യജാവയിലെ മഗലാന്റില്‍ ആണു ബൊറോബുദൂര്‍ സ്ഥിതിചെയ്യുന്നത്. ക്ഷേത്ര പരിസരം മനോഹരമായ ഉദ്യാനത്താല്‍ സമ്പുഷ്ടമാണു. പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികള്‍ ബൊറോബുദൂരിന്റെ പകിട്ട് ഒരുപടി കൂടി കൂട്ടുന്നു എന്നു വേണേല്‍ പറയാം. അത്രകണ്ട് മനോഹരമായി സംരക്ഷിച്ചുപോരുന്നു ഇവിടം. നിരയൊപ്പിച്ച് നട്ടുപിടിപ്പിച്ചിരികുന്ന തണല്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ വിശ്രമിക്കുന്ന സഞ്ചാരികള്‍.പൂര്‍ണ്ണമായും വിശ്രമം എന്നു പറയുവാന്‍ ആവില്ല. ശാന്ത സുന്ദരമായ ആ അന്തരീക്ഷത്തില്‍ ലയിച്ചിരുന്നു ചരിത്രകുതുകികള്‍ ആയ അവര്‍ ഗൈഡില്‍ നിന്നും ബൊറോബുദൂരിന്റെ ചരിത്രം പഠിക്കുകയും ആവാം. കാഴ്ച്ചകള്‍ ആസ്വദിച്ചു അവരിലൊരാളായി ഞാനും നടന്നുനീങ്ങി.
Mahayana Fullമഹായാന ബുദ്ധവിഹാരമാണിത്. സംവത്സരങ്ങളായി വെയിലും മഴയുമേറ്റു നിലകൊള്ളുന്ന ചരിത്ര സ്മാരകമായ ബൊറോബുദൂര്‍ ക്ഷേത്രം ഒന്നിനു മുകളില്‍ ഒന്നായി ഒന്‍പതു നിലകളിലായുള്ള ബുദ്ധവിഹാരങ്ങളുടെ കൂട്ടമാണ്. ആദ്യ ആറു തട്ടുകള്‍ സമചതുരാകൃതിയിലും മുകളിലത്തെ മൂന്നു നിലകള്‍ വൃത്താകിതിയിലുമാണു നിര്‍മ്മിച്ചിരിക്കുന്നത്. മുകളിലേക്ക് കയറിപോകുവാനായി ഇരു വശവും കൈവരികളോട് കൂടിയ പടിക്കെട്ടുകള്‍ ഉണ്ട്. ചുവരുകള്‍ നിരവധി കൊത്തുവേലകളാല്‍ അലങ്കരിച്ചിരിക്കുന്നു. അപ്‌സരസുകളും താമരയേന്തിയ സുരസുന്ദരിയും എല്ലാം ആഖ്യാനശിലാ ചിത്രങ്ങളായി നിറഞ്ഞു നില്‍ക്കുന്നു. ചുവരില്‍ ആവിഷ്‌കരിച്ചിരിക്കുന്ന ലളിതവിസ്താര സൂത്ര ഗൗതമ ബുദ്ധന്റെ ജീവിത ചക്രത്തിന്റെ നേര്‍ക്കാഴ്ച്ചയാണു അവതരിപ്പിച്ചിരിക്കുന്നത്.
എത്ര മനോഹരമായിട്ടാണു ഇവയിപ്പോളും സംരക്ഷിച്ചുപോരുന്നത് എന്ന് അത്ഭുതത്തോടെയെ ഓര്‍മ്മിക്കാനാവു. ഭൂകമ്പങ്ങളുംടെയും അഗ്‌നി പര്‍വ്വത സ്‌പോടനങ്ങളുടെയുമൊക്കെ ആവര്‍ത്തനങ്ങള്‍ക്കിടയിലും ഇവ ഇങ്ങനെയൊക്കെ നിലനിര്‍ത്തുന്നത് ആരുടെയൊക്കെയോ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണു. സമചതുരാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പീഠങ്ങളില്‍ അഞ്ഞൂറ്റിനാലോളം ബുദ്ധപ്രതിമകള്‍ ഉണ്ട്.  ആദ്യത്തെ നാലു നിലകളുടെയും കിഴക്കുഭാഗത്തു നിലകൊള്ളുന്ന ചിത്രത്തൂണുകളില്‍ ഭൂമി സ്പര്‍ശ്ശ മുദ്രയില്‍ ധ്യാനനിരതനായിരിക്കുന്ന അക്ഷോഭ്യ ബുദ്ധന്റെ പ്രതിബിംബം ആണു. ആദ്യത്തെ നാലു നിലകളുടെയും തെക്കുഭാഗത്തായി നിര്‍മ്മിച്ചിരിക്കുന്ന തൂണുകളില്‍ വരമുദ്ര രീതിയില്‍ ധ്യാനനിരതനായിരിക്കുന്ന രത്‌നസംഭവ. ഈ ബിംബം ഉദാരമനസ്‌കതയെ പ്രതിനിധാനം ചെയ്യുന്നു എന്നാണു വിശ്വാസം.
പടിഞ്ഞാറു ഭാഗത്തായി ധ്യാനമുദ്രയില്‍ ഇരിക്കുന്ന അമിതാഭ ബുദ്ധന്റെ പ്രതിമ. ഈ രൂപം ഏകാഗ്രതെയെ സൂചിപ്പിക്കുന്നു. ആദ്യത്തെ നാലു നിലകളുടെയും വടക്ക് ഭാഗത്തായി അഭയ മുദ്രയില്‍ ചിത്രസ്തൂപങ്ങളില്‍ നിലകൊള്ളുന്ന അമോക്ഷസിദ്ധി ധൈര്യത്തെയും നിര്‍ഭയത്തെയും സൂചിപ്പിക്കുന്നു. അഞ്ചാം നിലയില്‍ വിടാര്‍ക്ക മുദ്രയില്‍ ധ്യാനനിരതനായിരിക്കുന്ന വൈരോചന ബുദ്ധ ധ്യാനിയുടെ ബിംബങ്ങളാണു. ശ്രേഷ്ടമായ ഈ ബിംബങ്ങള്‍ ധര്‍മ്മാചരണത്തെയും യുക്തിചിന്തയെയും പ്രതിനിധീകരിക്കുന്നു എന്നാണു വിശ്വാസം. വൃത്താകൃതിയില്‍ മൂന്നു നിലകളിലും വൈരോചന ബുദ്ധന്റെ ധര്‍മ്മചക്ര മുദ്രയില്‍ ഉള്ള സ്തൂപങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. വൃത്താകൃതിയില്‍ ലചറു വിടവുകളോട് കൂടിയ സ്തൂപങ്ങളിലാണു ബിംബങ്ങള്‍ പ്രതിഷ്ടിച്ചിരിക്കുന്നത്.ഇത്തരത്തില്‍ ഉള്ള 72 സ്തൂപങ്ങളാണു ഇവിടെയുള്ളത്. ബൊറൊബുദൂര്‍ ക്ഷേത്രം യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍പ്പെടുത്തി സംരക്ഷിച്ചുപോരുന്നു. 72 Sthoopa
ജക്കാര്‍ത്തയിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാരകേന്ദ്രം ആണു പ്രംബനന്‍ ക്ഷേത്ര സമുച്ചയം. ഇനി യാത്ര അവിടേക്കാണു. യോഗ്യകര്‍ത്തായില്‍ നിന്നും ഏകദേശം 11 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം ഒന്‍പതാം നൂറ്റാണ്ടില്‍ ആണു പണികഴിപ്പിച്ചത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള പ്രംബനന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും ഇന്തോനേഷ്യന്‍ വാസ്തു ശൈലിയാണു അവലംബിച്ചിരിക്കുന്നത്. നിര്‍മ്മാണരീതിയുടെ അടിസ്ഥാനത്തില്‍ പ്രംബനന്‍ ക്ഷേത്രങ്ങളെ മൂന്നായി തരംതിരിക്കാം. ഒന്നാംഭാഗം ഉദ്യാനവും വിശ്രമകേന്ദ്രവുമൊക്കെയായി വിശാലമായ പാര്‍ക്ക്. മധ്യഭാഗത്ത് കാഴ്ച്ചയില്‍ സമാനത തോന്നുന്ന 224 ചെറു ക്ഷേത്ര സമുച്ചയങ്ങള്‍. ഉള്‍ഭാഗത്തായി പ്രധാന പ്രതിഷ്ഠയുള്‍പ്പടെ എട്ടു വലിയ ക്ഷേത്രങ്ങള്‍.Yogyakartha Full
ശാന്ത സൗകുമാര്യ അന്തരീക്ഷം നിലനിര്‍ത്തി ചെറു പൂച്ചെടികളാലും പച്ച പുല്‍ത്തകിടികളാലും സമ്പന്നമായ പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി വിശ്രമസ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശ്ശകരില്‍ അധികവും പാശ്ചാത്യരാണു. യാത്രയുടെ ആഘോഷത്തിമിര്‍പ്പുകളില്ലാതെ ഗൗരവ ഭാവം വെടിയാതെ ഉദ്യാനത്തില്‍ വിശ്രമിക്കുന്നവര്‍. കോണ്‍ക്രീറ്റ് പാകിയ വീഥികളിലൂടെ ക്ഷേത്രാങ്കണത്തിനു ഉള്ളിലേക്കെത്തിയാല്‍ അനവധി വിസ്മയകാഴ്ച്ചകളാണു സഞ്ചാരികളെ കാത്തിരിക്കുന്നത്. 240 ക്ഷേത്രങ്ങളുടെ കൂട്ടം ആണു പ്രംബനന്‍ ക്ഷേത്ര സമുച്ചയം. പ്രധാന പ്രതിഷ്ഠ ത്രിമൂര്‍ത്തികളായ ബ്രഹ്മാവും വിഷ്ണുവും ശിവനും ആണു. ശൈലേന്ദ്ര രാജവംശം അതിന്റെ പ്രതാപകാലത്ത് പണികഴിപ്പിച്ചതാണു ഈ പ്രൗഡഗംഭീര ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടുമുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെ ഇന്തോനേഷ്യയിലെ പ്രബല സാമ്രാജ്യമാമായിരുന്നു ശ്രീവിജയയും ശൈലേന്ദ്രയും. എട്ട് ഒന്‍പത് നൂറ്റാണ്ടുകളില്‍ ശൈലേന്ദ്രരുടെ ഭരണകാലത്ത് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അതിന്റെ പരമോന്നതിയില്‍ ആയിരുന്നു എന്നതിന്റെ ഉത്തമോദാഹരണമാണു ഈ ക്ഷേത്ര സമുച്ചയങ്ങള്‍.
ശിവഗൃഹ എന്നറിയപ്പെടുന്ന ശിവക്ഷേത്രം വേറിട്ട നിര്‍മ്മാണരീതികള്‍ കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കാലപ്പഴക്കത്താല്‍ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങളൊക്കെ നശിച്ചുപോയിട്ടുണ്ട്. പ്രതലത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന കല്ലില്‍തീര്‍ത്ത ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാന്‍ പടിക്കെട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പടിക്കെട്ടുകള്‍ക്ക് ഇരു വശവും കല്ലില്‍ കൊത്തിയെടുത്ത മൃഗങ്ങളുടെ രൂപങ്ങള്‍ കാണാം. ഈ ക്ഷേത്ര ഗോപുരത്തിനു 47 മീറ്റര്‍ ഉയരമുണ്ട്.ക്ഷേത്ര ചുമരുകള്‍ക്ക് വെളിയില്‍ ചുറ്റിനും നിരയൊപ്പിച്ച് ചെറിയ സ്തൂപങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട് . ദൂരക്കാഴ്ച്ചയില്‍ ഇത് ക്ഷേത്രത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു.ക്ഷേത്രത്തിനു ഉള്ളിലായി പ്രതിഷ്ഠിച്ചിരിക്കുന്ന മൂന്ന് മീറ്റര്‍ ഉയരമുള്ള ശിലാനിര്‍മ്മിതമായ ശിവ വിഗ്രഹം.
ത്രിമൂര്‍ത്തി ക്ഷേത്രത്തില്‍ രണ്ടാമത്തേത് വിഷ്ണുവിന്റെയാണു. മഹാവിഷ്ണുവിന്റെ വിഗ്രഹത്തിനു പുറമേ കംസവധവും കാളീയ മര്‍ദ്ദനവും ഉള്‍പ്പടെ പുരാണ ഇതിഹാസങ്ങളിലെ വിവിധ ഭാഗങ്ങള്‍ ആഖ്യാന ശിലാ ചിത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്. ഈ മഹാ നിര്‍മ്മിതിയിലേക്ക് സന്ദര്‍ശ്ശനത്തിനായെത്തുമ്പോള്‍ സമയക്കുറവ് എന്നൊരു പരുമിതി അനുവദിച്ചുകൂടാ. സമയമെടുത്ത് തന്നെ വിശദമായി കണ്ട് ആസ്വദിക്കുക തന്നെ വേണം ഒരോ ചെറു ബിംബങ്ങള്‍ പോലും. അത്രകണ്ട് ശ്രദ്ദേയവും വൈവിധ്യമാര്‍ന്നതുമാണു ഒരോ നിര്‍മ്മിതികളും.
മനോഹരമായ കൊത്തുപണികളാല്‍ അലങ്കൃതമായാണൂ മൂന്നാമത്തെ ദേവാലയവും കാഴ്ച്ചയില്‍ നിറയുക. സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവനാണു ഇവിടെ പ്രതിഷ്ഠ. ശ്രീരാമനും ബലരാമനും ദേവതകളും അപ്‌സരസ്സും ഉള്‍പ്പടെ അനവധി രൂപങ്ങള്‍ ഇവിടെ കാണാം. രാമായണത്തിലെയും മഹാഭാരതത്തിലെയും ഏടുകള്‍ ചിത്ര ശിലാ നിര്‍മ്മിതികളായി ചുവരുകളില്‍ നിറഞ്ഞിരിക്കുന്നു.പ്രധാന ക്ഷേത്രങ്ങള്‍ക്ക് അരുകിലായി നിലകൊള്ളുന്ന മൂന്ന് ഉപക്ഷേത്രങ്ങള്‍. ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത് ശിവന്റെയും വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും വാഹനങ്ങള്‍ ആയതുകൊണ്ട് വാഹനക്ഷേത്രം എന്ന പേരില്‍ ആണു ഇത് അറിയപ്പെടുന്നത്. നാന്ദിയുടെയും ഗരുഡന്റെയും ഹംസത്തിന്റെയും വിഗ്രഹങ്ങളാണു യഥാക്രമം സ്ഥാപിച്ചിരിക്കുന്നത്. നന്ദീ വിഗ്രഹം മാത്രമേ ഇപ്പോള്‍ കാണാന്‍ സാധിക്കു. ബാക്കിയൊക്കെ കാലപ്പഴക്കത്താല്‍ നശിച്ചു.
പ്രധാനക്ഷേത്ര സമുച്ചയങ്ങള്‍ക്ക് അകത്ത് നാലു ദിശകളിലായി നിര്‍മ്മിച്ചിരിക്കുന്ന ചെറിയ ഉപ ക്ഷേത്രങ്ങള്‍ ആണു കെലിര്‍ ക്ഷേത്രങ്ങള്‍. സമചതുരാകൃതിയില്‍ നിലകൊള്ളുന്ന ഈ ക്ഷേത്രങ്ങളില്‍ കിഴക്ക്ഭാഗത്ത് ശിവനും തെക്ക് ഭാഗത്ത് അഗസ്ത്യനും പടിഞ്ഞാറു ഭാഗത്ത് ഗണപതിയുടെയും വടക്ക്ഭാഗത്ത് ദുര്‍ഗ്ഗാദേവിയുടെയും വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു.
ത്രിമൂര്‍ത്തി ക്ഷേത്രങ്ങള്‍ക്കും വാഹന ക്ഷേത്രങ്ങള്‍ക്കും ഇടയിലായി നിര്‍മ്മിച്ചിരിക്കുന്ന പൂജ്യസ്ഥാനങ്ങളാണു അപിത് ഗോപുരങ്ങള്‍. രണ്ട് ദിക്കുകളിലായാണു ഇത് നിലകൊള്ളുന്നത്. ഉത്തരദിശയില്‍ രഥത്തിനു മുകളിലായി ചന്ദ്രദേവന്റെ പ്രതിമ. പത്ത് കുതിരകള്‍ ചേര്‍ന്നു രഥം വലിച്ചുകൊണ്ടുപോകുന്ന സങ്കല്‍പത്തില്‍ അധിഷ്ടിതമായാണു ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ദക്ഷിണഭാഗത്ത് ഏഴു കുതിരകള്‍ ചേര്‍ന്ന് വലിക്കുന്ന രഥത്തിനു മുകളില്‍ സൂര്യദേവന്റെ പ്രതിമ.നൂറ്റാണ്ടുകളുടെ പഴക്കത്താലും ഇടയ്ക്കുണ്ടായ ഭൂചലനത്താലും കേടുപാടുകള്‍ വന്ന് നശിച്ചിട്ടുണ്ട് ചില ഭാഗങ്ങള്‍. ഈ ക്ഷേത്ര നിര്‍മ്മിതികളെ സസൂഷ്മം നിരീക്ഷിച്ചാല്‍ മനസിലാവും കാലപ്പഴക്കത്താല്‍ പലതും പൂര്‍ണ്ണമായി നശിച്ചുപോയി എങ്കിലും കാലാകാലങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നഷ്ടപ്പെടുത്തി തനിമ നഷ്ടപ്പെടാതെ ഇവയെല്ലാം സംരക്ഷിച്ചു പോരുന്നു. 1991 ല്‍ ആണു പ്രംബനന്‍ യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചത് എങ്കിലും 1990 മുതല്‍ ഇവിടം വിനോദ സഞ്ചാര സാധ്യതാ പ്രദേശമായി ഉള്‍കൊള്ളിച്ചിരുന്നു.
ക്ഷേത്രാങ്കണത്തില്‍ നാലു നിരകളിലായി സമകേന്ദ്രീയമായി നിര്‍മ്മിച്ചിരിക്കുന്ന 224 ക്ഷേത്രങ്ങളുടെ കൂട്ടമാണു പെര്‍ വാന ക്ഷേത്രങ്ങള്‍. മിക്കയിടങ്ങളിലും ക്ഷേത്രങ്ങളുടെ സ്ഥാനത്ത് ശിലാവശിഷ്ടങ്ങള്‍ മാത്രമാണു അവശേഷിക്കുന്നത്.
അവയില്‍ ചിലതൊക്കെ ഇപ്പോള്‍ ധ്യാനത്തിനും മറ്റും ഉപയോഗിക്കുന്നു . 44, 52 ,60,68 എന്നിങ്ങനെയാണു ക്രമമനുസരിച്ച് ഒരോ നിരയിലും ഉപക്ഷേത്രങ്ങള്‍. പര്‍വാന ക്ഷേത്രങ്ങള്‍ എല്ലാം രൂപത്തില്‍ ഒരുപോലെയാണു. ഒരോ നിര്‍മ്മിതിയ്ക്കും 14 മീറ്റര്‍ ഉയരവും 6 മീറ്റര്‍ വീതിയും നീളവും ഉണ്ട്.
Prambanan Parkകാഴ്ച്ചകള്‍ കണ്ടും ആസ്വദിച്ചും ക്യാണ്ടി പ്ലാസണ്‍ എത്തിയത് അറിഞ്ഞതേയില്ല എന്നു വേണം പറയാന്‍. വിശപ്പും ദാഹവുമെല്ലാം യാത്രയിലെവിടെയൊ കളഞ്ഞു പോയ അനുഭൂതി. ഒരു തോന്നല്‍ ആയി പോലും മനസ്സില്‍ അവശേഷിക്കുന്നില്ല എന്നു പറയാം. അത്രകണ്ട് യാത്രയില്‍ അലിഞ്ഞു ചേര്‍ന്നു മനസ്സുകൊണ്ട്. പ്രംബനന്‍ പാര്‍ക്കിന്റെ വടക്കേ അറ്റത്തായി സ്ഥാപിച്ചിരിക്കുന്ന ചെറിയ സ്തൂപം ആണു ക്യാണ്ടി പ്ലാസണ്‍. ഈ ബുദ്ധ വിഗ്രഹതിനു പിന്നില്‍ രസകരമായ ഒരു ചരിത്രം കൂടിയുണ്ട് ഇവിടുത്ത്കാര്‍ക്ക് പറയാന്‍. കൃസ്തു വര്‍ഷാരംബത്തില്‍ കച്ചവടത്തിനായും മറ്റും ഇന്തോനേഷ്യയില്‍ കുടിയേറിയ ഇന്ത്യക്കാര്‍ അവിടുത്തെ കുലീന ജാതിയില്‍ പെട്ടവരെ വിവാഹം ചെയ്തുവെന്നും അങ്ങനെ എണ്ണത്തില്‍ കുറവായിരുന്ന അവര്‍ ആധിപത്യം സ്ഥാപിക്കുകയും അവരുടെ പിന്‍ഗാമികള്‍ അധികാരത്തിലെത്തുകയും ചെയ്തു. ഹിന്ദു വിശ്വാസിയായ രാജാവു ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ഭാര്യയ്ക്കുവേണ്ടി നിര്‍മ്മിച്ചതാണു ഈ ബുദ്ധക്ഷേത്രങ്ങള്‍ എന്നും വിശ്വസിക്കുന്നു. കുടിയേറ്റക്കാരുടെ സ്വാധീനവും ആധിപത്യവും കാരണം സങ്കരവര്‍ഗ്ഗ ജനവിഭാഗമായി മാറി ഇന്തോനേഷ്യന്‍ നിവാസികള്‍. വിചിത്രമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ സ്വാധീനം ഒരു പരിധിവരെ അവിടുത്തുകാരുടെ വിശ്വാസങ്ങളിലും ദൈനംദിനജീവിതത്തിലും പ്രതിഭലിക്കുന്നു. 1025 ല്‍ ഇന്ത്യയില്‍ നിന്നുള്ള ആക്രമണം മൂലമാണത്രെ ശ്രീ വിജയ സാമ്രാജ്യം തകര്‍ന്നത്. കാലഘട്ടത്തിന്റെ ഹിന്ദു ബുദ്ധ മതമൈത്രി വിളിച്ചോതുന്ന മറ്റനേകം നിര്‍മ്മിതികളും ഇവിടെ കാണാം. ഹിന്ദു ബുദ്ധ മതങ്ങള്‍ തുല്യശക്തിയോടെ നിലനിന്നതിന്റെ സൂചനകള്‍ ഈ ക്ഷേത്രങ്ങളില്‍ കാണാം.
പ്രംബനന്‍ പാര്‍ക്കില്‍ വാസ് ക്യാണ്ടി പ്രംബനന്‍ ഒപക് റിവറിന്റെ തീരത്ത് ഓപണ്‍ എയര്‍ ടീയേറ്റര്‍ ഉണ്ട്. ഇവിടെ പ്രധാനമായും രാമായണ കഥാ സന്ദര്‍ഭത്തെ ആസ്പദമാക്കി വിവിധ കലാരൂപങ്ങള്‍ പ്രദര്‍ശ്ശിപ്പിക്കാറുണ്ട്. ഒക്ടോബര്‍ മുതല്‍ മെയ് വരെയാണു സാധാരണയായി രാമായണാ ബാലെറ്റില്‍ കലാപരുപാടികള്‍ നടക്കുക. വൈകുന്നേരങ്ങളില്‍ നടക്കുന്ന ഈ ബാലെ ഗ്രാമീണ ഉത്സവകാലത്തെ ഓര്‍മ്മകളില്‍ എത്തിക്കും. കുട്ടിക്കാലത്ത് കൂട്ടുംകൂടി ഉത്സവ പറമ്പുകളില്‍ പോയി നാടകവും ഗാനമേളയും ബാലയുമൊക്കെ കാണുന്ന പ്രതീതി. ഇതിനു പിന്നില്‍ ഒരു ചരിത്രവുമുണ്ട്. ശൈവമതത്തിനു പ്രചാരമുണ്ടായിരുന്ന കാലത്ത് നടരാജനായ ശിവനെ പ്രസാദിപ്പിക്കാന്‍ നൃത്തങ്ങള്‍ നടത്തിവന്നു. ആ കാലഘട്ടത്തില്‍ നൃത്ത സംഗീത നാടകങ്ങള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ദൃശ്യ കാവ്യങ്ങളും പാവ നാടകങ്ങളുടെയും സ്ഥിരം വേദിയായി ഇവിടം മാറി. രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിവൃത്തങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ ‘മുക്തിരാമ ‘ പ്രസിദ്ധമായൊരു കലാരൂപം ആണത്രെ. ഏര്‍ലംഗന്റെ കാലഘട്ടത്തിലാണു ജാവയില്‍ ഹിന്ദു പുരാണങ്ങള്‍ ജാവനീസ് ഭാഷയില്‍ ആവിഷ്‌കരിച്ചു തുടങ്ങിയതെന്നും പറയുന്നു.
Wayang Orangവയാങ്ങ് ഒറാങ്ങ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രാചീന നൃത്തരൂപം ആണു ഇവിടെ നിലവിലുള്ള മറ്റൊരു പ്രധാന കലാരൂപം. വയാങ്ങ് കാലിറ്റ് എന്നറിയപ്പെടുന്ന ഒരുതരം പാവകളില്‍ നിന്നാണത്രെ ഈ നൃത്തരൂപം രൂപം കൊണ്ടത്. രാമായണം, ലകോണ്‍ നയ് എന്നിവയിലെ കഥാ സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന വയാങ്ങ് തൊപംഗ് എന്ന പൊയ് മുഖമണിഞ്ഞ ബാലെ പ്രദര്‍ശ്ശനവും ഇവിടെയുണ്ട്. വര്‍ണ്ണശബളമായ കസവു വസ്ത്രങ്ങളണിഞ്ഞ നര്‍ത്തകര്‍ ചടുലമായ ഹസ്തവിക്ഷേപങ്ങളും നേത്രചലനങ്ങളുമായി അരങ്ങില്‍ ആടി തിമിര്‍ക്കുന്ന കാഴ്ച്ച അവര്‍ണ്ണനീയം ആണു.
ബാലെയുടെ കഥാസാരം ഇങ്ങനെയാണു. ബറോങ്ങ് എന്ന അര്‍ധ ദൈവജീവിയും വാനരനും കൂടി വനയാത്രയ്ക്കു പുറപ്പെടുന്നു. ഇവര്‍ യാത്രാമധ്യേ കുന്തീദേവിയെ കാണാന്‍ പോകുന്ന രാക്ഷസിയായ രംഗദയുടെ ഭൃത്യന്മാരെ കണ്ടുമുട്ടുന്നു. സേവകരിലേക്ക് പരകായ പ്രവേശം ചെയ്യുന്ന രാക്ഷസി കുന്തീ ദേവിയുടെ അടുത്തെത്തുകയും കുന്തീദേവിയുടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. പുത്രനായ സഹദേവനെ രംഗദക്ക് ബലിയായി നല്‍കാം എന്ന വാഗ്ദാനം നേടിയെടുക്കുവാന്‍ വേണ്ടിയായിരുന്നു യാത്ര. സഹദേവന്റെ രംഗദയുടെ അടുത്ത് കൊണ്ടുപോകുവാന്‍ മന്ത്രിയോട് ആഞ്ജാപിക്കുന്നിടത്ത് ആ രംഗം അവസാനിക്കുന്നു. തുടര്‍ഭാഗത്തില്‍ വൃക്ഷത്തില്‍ ബന്ധിപ്പിച്ചിരിക്കുന്ന സഹദേവനെ സാക്ഷാല്‍ പരമശിവന്‍ പ്രത്യക്ഷനായി മോചിപ്പിക്കുന്നു. തുടര്‍ന്നു രംഗദയുമായുന്‍ണ്ടാവുന്ന യുദ്ധത്തില്‍ സഹദേവന്‍ രംഗദയെ വധിക്കുന്നു. രംഗദയുടെ ആത്മാവിനു സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കുകയും രംഗദയുടെ അനുയായികളുമായി തുടരുന്ന യുദ്ധത്തിനിടയില്‍ സഹദേവന്‍ ബറൊങ്ങ് ആയി തീരുകയും ചെയ്യുന്നു. ശേഷം ഒരു പുരോഹിതന്‍ പ്രത്യക്ഷപ്പെടുകയും എല്ലാവരുടെയും മേല്‍ തീര്‍ത്ഥജലം തളിച്ച് ശാന്തരാക്കുന്നതോടുകൂടി കഥ തീരുന്നും . ഒരു മായാലോക പ്രതീതി അനുവാചകരില്‍ ജനിപ്പിക്കുന്നതില്‍ ഈ നൃത്തനാടകം ഒരു പരുധിവരെ വിജയിച്ചു എന്നു വേണം കരുതാന്‍. അല്ലങ്കില്‍ തന്നെ കലാസ്വാദനത്തിനു ഭാഷയോ ദേശമോ ഒരിക്കലും ഒരു അതിര്‍വ്വരമ്പുകളല്ല.
Mount MerapiMount Merapi ആണു ഇനി ലക്ഷ്യം. പ്രംബനന്റെ പരിസരത്തുനിന്നു തന്നെ അവിടേക്ക് ജീപ്പ്പുകള്‍ ലഭ്യമാണു. ഇവിടുന്നു ഏകദേശം ഒരു മണിക്കൂറോളം യാത്രയുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 5600അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ അഗ്‌നിപര്‍വ്വതം ഇനിയും ശാന്തമാവാതെ എരിഞ്ഞുരുകികൊണ്ടിരിക്കുകയാണെന്നു തേജോ പറഞ്ഞപ്പോള്‍ അത്ഭുതത്തിനും അപ്പുറം ചെറിയൊരു ആശങ്ക കൂടിയായി മനസ്സില്‍. ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളാല്‍ സമ്പന്നമായ സമതലപ്രദേശവും പിന്നിട്ട് സേലോ എത്തിയപ്പോളേക്കും തുടര്‍ന്നുള്ള യാത്ര ഇനി സാധ്യമല്ല എന്ന ഗ്രാമവാസികളുടെ നിര്‍ദ്ദേശം ലഭിച്ചു. കാലാവസ്ഥയില്‍ ഉണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം ഗുനുഗ് മെരാപിയിലും സമീപ പ്രദേശത്തും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെലോ ആണു പര്‍വ്വതത്തിനു താഴ്‌വാരത്തുള്ള അവസാനത്തെ ജനവാസ പ്രദേശം. ഇവിടുന്ന് തന്നെയാണു ഗുമുഗിലേക്കുള്ള പ്രവേശന ടിക്കറ്റും ലഭിക്കുക. കുറച്ചുനേരം അവിടെ ചിലവഴിച്ചിട്ട് റ്റമന്‍ സരിയിലേക്ക് യാത്രതിരിച്ചു . പ്രാചീനമായ രാജകീയ ഉദ്യാനം ആണു റ്റമന്‍ സരി. യോഗ്യകര്‍ത്തായിലെ സുല്‍ത്താന്‍ Tanengkubuvonoyude ഭരണകാലത്ത് പണികഴിപ്പിച്ചതാണു ഈ വിശിഷ്ട ഉദ്യാനം. തുടക്കത്തില്‍ രാജവംശത്തിന്റെ അധീനതയില്‍ ആയിരുന്ന ഇവിടവും ഇപ്പോള്‍ യുനസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുറംകാഴ്ച്ചയില്‍ എല്ലാ വശവും ചുറ്റപ്പെട്ട ഒരു കോട്ടയുടെ മാതൃകയിലാണു ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
സുല്‍ത്താന്റെ കാലത്താണു ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് എന്നു പറയുന്നു. പ്രധാനമായും രണ്ട് പ്രവേശന കവാടമാണു ഇതിനുള്ളത്. ഒന്ന് ഇപ്പോള്‍ അങ്ങനെ തുറക്കാറില്ല. കിഴക്കുഭാഗത്തുള്ള വിശാലമായ ഗേറ്റിലൂടെ ഉള്ളിലെത്തിയാല്‍ കാഴ്ച്ചയുടെ വസന്തമാണ്. ഗേറ്റിനു ഇരുവശവും രണ്ട് കോണിപ്പടികള്‍ വീതം ഉണ്ട്. മുന്നിലത്തെ നിരയുടെ കൈവരിയില്‍ നാഗങ്ങളുടെ രൂപങ്ങള്‍ പണിതുവെച്ചിട്ടുണ്ട്. പടികള്‍ കയറി മുന്നിലെത്തിയാല്‍ എട്ടുകെട്ടിനോട് സമാനത തൊന്നുന്ന വലിയൊരു നടുമുറ്റം. ഗൊദ്‌നെങ്ങ് സേക്‌വാന്‍ എന്നാണു ഇത് അറിയപ്പെടുന്നത്. ഇവിടെ പ്രാധന കാഴ്ച്ച മനോഹരങ്ങളായ ചെറു കൂടാരങ്ങളാണു. രാജക്കന്മാരുടെ ശവകുടീരങ്ങളാണിത് എന്നു പറയുന്നു. ഉള്ളിലേക്ക് പ്രവേശിച്ചാല്‍ മധ്യഭാഗത്തായി വിശാലമായ മനുഷ്യനിര്‍മ്മിത തടാകം. ബാത്തിംഗ് കോമ്പ്‌ലക്‌സ് എന്നറിയപ്പെടുന്ന ഈ അറക്ക് മൂന്ന് ഭാഗങ്ങളുണ്ട്.വെള്ളം കാണുമ്പോള്‍ തുള്ളിച്ചാടുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തിലേക്ക് അറിയാതെ ചിലപ്പോഴൊക്കെ എത്താറുണ്ട്. അപ്പോള്‍ പിന്നെ ഒരു ജലവിസ്മയത്തിനു മുന്‍പില്‍ എത്തപ്പെടുമ്പോളുള്ള കാര്യം എടുത്തുപറയേണ്ടതില്ലല്ലോ. ചുറ്റിനും പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നത് ഇന്നും ഇവ സംരക്ഷിച്ച് പോരുവാന്‍ ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവാണു. മോസ്‌കും മെഡിറ്റേഷന്‍ ചേമ്പറുകളും സ്വിമിങ്ങ്പൂളും വാട്ടര്‍ ഗാര്‍ഡനുമൊക്കെയായി 58 ളം കെട്ടിടങ്ങളുടെ കൂട്ടം ആയിരുന്നുവത്രെ ഇത്.
1812ല്‍ ബ്രിട്ടീഷുകാരുടെ ആക്രമണത്തില്‍ ഈ ജലോദ്യാനത്തിന്റെ മിക്കഭാഗങ്ങളും നശിച്ചു. കാഴ്ച്ചകളുമാസ്വദിച്ച് പടിഞ്ഞാറു ഭാഗത്തുള്ള ലൊപാകില്‍ എത്തിയത് അറിഞ്ഞില്ല. കാഴ്ചയില്‍ ഗൊദ്‌നെങ്ങ് സെക് വാനോട് സമാനതകള്‍ ഏറെ തോന്നുന്ന ഒരു കെട്ടിടം എന്നതൊഴിച്ചാല്‍ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ഒന്നും തന്നെ തോന്നിയില്ല. പച്ചിലക്കാടുകളുടെയും വള്ളിപ്പടര്‍പ്പുകളുടെയും പഴങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങളാള്‍ അലങ്കരിച്ചിരിക്കുന്ന മതില്‍ക്കെട്ടുകള്‍ കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തിയത് പ്രാചീന റൊമിലെ പൊമോണോ ദേവതയുടെ ചിത്രങ്ങളാണു. എത്രകണ്ടാലും മതിവരാത്ത അത്രയും കാഴ്ച്ചകളുടെ വൈവിധ്യമാണു സഞ്ചാരികളെകാത്ത് ഇവിടെയുള്ളത്.
ഒരിക്കലെങ്കിലും തിരക്കുകളില്‍നിന്നൊക്കെ ഒഴിഞ്ഞുമാറി വന്നു കണ്ടിരിക്കേണ്ട സ്ഥലം.ചക്രവാളത്തിനെതിരെ സുവ്യക്തവും സുന്ദരവുമായ പ്രകൃതി ദൃശ്യങ്ങള്‍ കാഴ്ച്ചവെയ്ക്കുന്ന ജാവ സഞ്ചാരികളുടെ സ്വപ്‌നഭൂമിയാണു.

LIVE NEWS - ONLINE

  • 1
    46 mins ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 2
    49 mins ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 3
    52 mins ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 4
    55 mins ago

    കരുത്തോടെ ഇന്ത്യ

  • 5
    2 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 6
    19 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 7
    20 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 8
    23 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 9
    1 day ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി