Wednesday, January 16th, 2019

ബഹുരാഷ്ട്ര മരുന്ന് ഭീമന്മാരെ ആര് പിടിച്ചുകെട്ടും?

          ബഹുരാഷ്ട്ര മരുന്നു ഭീമന്മാര്‍ക്ക് മൂക്കുകയറിടേണ്ട സമയം അതിക്രമിച്ചു. ജീവന്‍ രക്ഷാമരുന്നുകളുടെ വില വാണം പോലെ കുതിച്ചുയര്‍ന്നിട്ടും ഇതിന്മേല്‍ നടപടിയെടുക്കേണ്ട കേന്ദ്ര ആരോഗ്യ മന്ത്രാലയവും കേന്ദ്രവും മൗനം ദീക്ഷിക്കുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ജീവന്‍ രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വില നിയന്ത്രണാധികാരം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത് പ്രതിവര്‍ഷം എണ്ണായിരം കോടി രൂപയിലേറെയാണെന്നുതന്നെ മരുന്നു ഭീമന്മാരുടെ സ്വാധീനത്തിന്റെ വൈപുല്ല്യം എത്രത്തോളമാണെന്നതിന് തെളിവാണ്. നിലവിലെ വര്‍ധിച്ച വില പ്രകാരമുള്ള ലാഭം … Continue reading "ബഹുരാഷ്ട്ര മരുന്ന് ഭീമന്മാരെ ആര് പിടിച്ചുകെട്ടും?"

Published On:Oct 6, 2014 | 3:15 pm

Editorial Drug companies Full

 

 

 

 

 
ബഹുരാഷ്ട്ര മരുന്നു ഭീമന്മാര്‍ക്ക് മൂക്കുകയറിടേണ്ട സമയം അതിക്രമിച്ചു. ജീവന്‍ രക്ഷാമരുന്നുകളുടെ വില വാണം പോലെ കുതിച്ചുയര്‍ന്നിട്ടും ഇതിന്മേല്‍ നടപടിയെടുക്കേണ്ട കേന്ദ്ര ആരോഗ്യ മന്ത്രാലയവും കേന്ദ്രവും മൗനം ദീക്ഷിക്കുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.
ജീവന്‍ രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വില നിയന്ത്രണാധികാരം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത് പ്രതിവര്‍ഷം എണ്ണായിരം കോടി രൂപയിലേറെയാണെന്നുതന്നെ മരുന്നു ഭീമന്മാരുടെ സ്വാധീനത്തിന്റെ വൈപുല്ല്യം എത്രത്തോളമാണെന്നതിന് തെളിവാണ്. നിലവിലെ വര്‍ധിച്ച വില പ്രകാരമുള്ള ലാഭം മാത്രമാണ് മേലുദ്ധരിച്ചത്. ഇതിലും ഇരിട്ടിയിലേറെ തുക ഓഹരിവിപണിയിലൂടെ മരുന്നു ഭീമന്മാര്‍ കയ്യടക്കുന്നുണ്ട്.
ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം, എയ്ഡഡ്, ക്ഷയം, മലേറിയ തുടങ്ങിയ മാരക രോഗങ്ങള്‍ക്കുള്ള എല്ലാ മരുന്നുകള്‍ക്കും വന്‍തോതില്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. കാന്‍സര്‍ രോഗ ചികിത്സയ്ക്കുള്ള ഗ്ലിവേക്കിന് മാത്രം പത്തിരട്ടിയിലേറെ വര്‍ധനവാണ് വരുത്തിയത്. കൂടാതെ 98 ശതമാനം മരുന്നുകളുടെയും വില കുതിച്ചുകയറി.
ഇന്ത്യന്‍ ഔഷധ വിപണിയുടെ ഏതാണ്ട് 48 ശതമാനവും കയ്യടക്കി വെച്ചിരിക്കുന്നത് വിദേശകമ്പനികളാണ്. നൂറ് ശതമാനം വിദേശ നിക്ഷേപം ഇന്ത്യയില്‍ ആദ്യം നടപ്പിലാക്കിയത് ഔഷധ മേഖലയിലാണെന്നുള്ള കാര്യവും എടുത്തു പറയേണ്ടതാണ്. ഇതിന്റെയെല്ലാം ഫലമാണ് മരുന്നു വിപണിയിലെ അമിത വിലക്കയറ്റം.
ജീവന്‍ രക്ഷാമരുന്നുകള്‍ രോഗികള്‍ക്ക് പ്രാപ്യമാക്കുംവിധമുള്ള ഔഷധനയം കൊണ്ടുവരുമെന്ന നരേന്ദ്രമോദിയുടെ പ്രഖ്യാപനം വെറും പൊള്ളയാണെന്നതിന്റെ തെളിവാണ് മരുന്നു വിപണിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍. അമേരിക്കന്‍ മരുന്നു നിര്‍മ്മാണ കുത്തകകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ട് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ മരുന്നുകളുടെ വില നിയന്ത്രണം ധൃതിപിടിച്ച് നീക്കിയതെന്ന ആരോപണം തള്ളിക്കയാവുന്നതല്ല. മോദി-ഒബാമ സംയുക്ത പ്രസ്താവനയാണ് ഇതിന് അടിസ്ഥാനമായി ഉയര്‍ത്തിക്കാട്ടുന്നത്.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് ആന്റ് മാനുഫാക്ചറേഴ്‌സ് ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ഇന്ത്യയിലെ മരുന്നുവില നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനവും ചേര്‍ത്ത് വായിക്കുമ്പോള്‍ ഇന്ത്യന്‍ മരുന്നുവിപണിയില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാനം എന്താണെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
2004ല്‍ എന്‍ ഡി എ കേന്ദ്രം ഭരിക്കുമ്പോള്‍ കൊണ്ടുവന്ന പേറ്റന്റ് നിയമത്തിന് ഒന്നാം യു പി എ സര്‍ക്കാരാണ് ഇന്ത്യന്‍ താല്‍പ്പര്യം സംരക്ഷിക്കുന്ന ഭേദഗതികളും വ്യവസ്ഥകളും ഉള്‍പ്പെടുത്തിയത്. ലോകത്ത് എവിടെ ഉണ്ടാക്കുന്ന മരുന്നുകളാളെങ്കിലും നമ്മുടെ ആവശ്യത്തിന് തികയാതെ വരികയോ വില കൂടുതലാവുകയോ നമുക്ക് നല്‍കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായാല്‍ പേറ്റന്റ് ഇല്ലാതെയും ഇന്ത്യയിലെ മരുന്നുകമ്പനികള്‍ക്ക് അത് നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുന്നതാണ് അന്നത്തെ ഭേദഗതി. ഇത് എടുത്തുകളഞ്ഞ് ഇന്ത്യ സ്വതന്ത്ര്യവിപണിയെ അംഗീകരിക്കണമെന്നാണ് ബഹുരാഷ്ട്ര മരുന്നു ഭീമന്മാരുടെ ആവശ്യം. ഇത് അംഗീകരിക്കും വിധമുള്ളതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്. ബഹുരാഷ്ട്ര ഭീമന്മാര്‍ ഇന്ത്യന്‍ മരുന്നു വിപണിയെ ലാഭം അടിച്ചുമാറ്റാനുള്ള വന്‍ മാര്‍ക്കറ്റായാണ് കാണുന്നത്. ഏത് തരംമരുന്നും എത്ര വിലയായാലും ഇവിടെ ചിലവാക്കാമെന്ന ചിന്തയും അവര്‍ക്കുണ്ട്. ഇന്ത്യന്‍ സാഹചര്യത്തെ അതിന് പറ്റിയ അവസരമായിട്ടാണ് കുത്തക കമ്പനികള്‍ കാണുന്നത്. അതോടൊപ്പം സര്‍ക്കാര്‍ നിലപാടുകളും അവര്‍ക്ക് അനുകൂലമായി മാറുമ്പോള്‍ തങ്ങളുടെ യഥാര്‍ത്ഥ അജണ്ടയാണ് അവര്‍ പുറത്തെടുക്കുന്നത്. അതിന് ഇരകളാക്കുന്നതോ ഇന്ത്യയിലെ രോഗികളും. ശക്തവും ഫലപ്രദവുമായ ഔഷധ നയത്തിന്റെ അപര്യാപ്തയാണ് പലപ്പോഴും ഇന്ത്യയിലെ മരുന്നു വിപണിയില്‍ പ്രതിസന്ധികള്‍ മൂര്‍ച്ഛിപ്പിക്കുന്നത്. ഇത് മുറിച്ചു കടക്കാന്‍ സുതാര്യമായ നടപടികള്‍ സ്വീകരിക്കേണ്ടവര്‍ തന്നെയാണ് മരുന്നു ഭീമന്മാര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ജീവന്‍ രക്ഷാമരുന്നുകള്‍ കയ്യെത്താദൂരത്തായി മാറുന്നതും.

LIVE NEWS - ONLINE

 • 1
  9 hours ago

  നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

 • 2
  11 hours ago

  ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

 • 3
  12 hours ago

  കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 • 4
  14 hours ago

  അഡ്‌ലെയ്ഡില്‍ ഇന്ത്യ

 • 5
  14 hours ago

  പ്രധാനമന്ത്രി കേരളത്തിലെത്തി

 • 6
  14 hours ago

  കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

 • 7
  18 hours ago

  നമിക്കുന്നു ഈ പ്രതിഭയെ

 • 8
  19 hours ago

  ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

 • 9
  19 hours ago

  മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി