Saturday, February 23rd, 2019

വിശ്വാസം രേഖപ്പെടുത്തി അവിശ്വാസം പോയി ജയവിജയങ്ങള്‍ ചര്‍ച്ചയാകുന്നു

അവിശ്വാസ പ്രമേയത്തെ ബിജെപി അതിജീവിച്ചെങ്കിലും യഥാര്‍ത്ഥ ജയപരാജയം ആരുടെതാണെന്ന് ഇപ്പോഴും ചര്‍ച്ചയാവുകയാണ്.

Published On:Jul 21, 2018 | 3:52 pm

മധു മേനോന്‍
കണ്ണൂര്‍: മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം കോണ്‍ഗ്രസ്സ് ‘ വിശ്വസിച്ച ‘തു പോലെ തന്നെ കൃത്യമായി പരാജയപ്പെട്ടു. അവിശ്വാസം പരാജയപ്പെടുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പക്ഷത്തിനുള്ളതിനെക്കാള്‍ ഉറപ്പ് പ്രതിപക്ഷത്തിനുണ്ടായിരുന്നു. അവരുടെ ശരീരഭാഷയില്‍ മറിച്ചൊരു സമ്മര്‍ദ്ദം പ്രകടമായിരുന്നില്ല താനും. എന്നാല്‍ പ്രമേയത്തിനു മുമ്പെ കോണ്‍ഗ്രസ് ഏറ്റവും ആശങ്കപ്പെട്ടത് രാഹുല്‍ ഗാന്ധിയുടെ ‘ പെര്‍ഫോര്‍മന്‍സി ‘നെ കുറിച്ചായിരുന്നു. ആധുനിക തിരക്കഥ തന്നെ തെരഞ്ഞെടുത്ത് രാഹുല്‍ നടത്തിയ പ്രകടനമാകട്ടെ ബി ജെ പിയെയും സാക്ഷാല്‍ പ്രധാനമന്ത്രിയെ തന്നെയും അല്‍പ്പ നേരത്തേക്ക് അമ്പരപ്പിക്കുകയും ചെയ്തു.
അവിശ്വാസ പ്രമേയത്തിനു ശേഷം വാര്‍ത്താ മാധ്യമങ്ങള്‍ വിലയിരുത്തിയത് മുഴുവന്‍ പ്രമേയം എന്തിനുവേണ്ടിയായിരുന്നുവെന്നും രാഹുലിന്റെ പ്രകടനം ഉദ്ദേശിച്ച ഫലം കണ്ടോ എന്നതുമായിരുന്നു. കോണ്‍ഗ്രസ്സിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ പ്രസിഡന്റ് പ്രധാനമന്ത്രി പദത്തിന് യോഗ്യനാണെന്നും സ്വപ്‌നം കാണുന്ന വിശാലസഖ്യത്തിലെ മറ്റ് നേതാക്കള്‍ക്ക് മുന്നറിയിപ്പാണെന്നും കാട്ടിക്കൊടുക്കുക. ഈ തന്ത്രം കൃത്യമായി വിജയിച്ചുവെന്നതിന്റെ തെളിവാണ് ബി ജെ പിയുടെ സഖ്യക്ഷിയായ ശിവസേന സാമ്‌നയിലൂടെ ഇന്നു നടത്തിയ രാഹുല്‍ പ്രശംസ. മറിച്ച് ബി ജെ പിക്കാകട്ടെ തങ്ങളുടെ നേട്ടങ്ങള്‍ പ്രധാനമന്ത്രിയിലൂടെ തന്നെ അക്കമിട്ട് ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞെന്ന ആശ്വാസവും അവിശ്വാസ ചര്‍ച്ച നല്‍കി. ബഹളവും കൂക്കിവിളിയും സമ്മാനിക്കുന്ന ലോക്‌സഭയിലെ പതിവ് ചര്‍ച്ചകളില്‍ നിന്ന് വിഭിന്നമായി ക്രിയാത്മക ചര്‍ച്ചയെന്ന ജനാധിപത്യ സ്വഭാവത്തിലേക്ക് ലോക്‌സഭ മാറുന്നത് കാണാന്‍ കഴിഞ്ഞതാണ് പൊതുജനത്തിന്റെ നേട്ടം.
രാഹുലിന്റെ അപ്രതീക്ഷിത ആലിംഗനം കൃത്യമായി മെനഞ്ഞ ഒരു തന്ത്രമാണെന്നത് വ്യക്തം. ലോകം മുഴുവനുള്ള ഇന്ത്യക്കാരെ സാക്ഷിയാക്കി പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലെത്തി ആലിംഗനം ചെയ്യുകയെന്നത് ഒരു തയ്യാറെടുപ്പിന്റെ പിന്‍ബലത്തിലല്ലാതെ നടക്കില്ല. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ പോലും അറിയാതെ നടത്തിയ ഒരു റിഹേഴ്‌സലായിരിക്കാം രാഹുലിന് നാടകീയതയില്ലാതെ ആലിംഗന തന്ത്രം നടപ്പാക്കാന്‍ സഹായകമായത്. പിന്നീട് മറുപടി പ്രസംഗത്തില്‍ പ്രധാനമന്ത്രി കൃത്യമായി തിരിച്ചടിച്ചെങ്കിലും അപ്രതീക്ഷിത നീക്കത്തില്‍ അദ്ദേഹത്തിന്റെ അമ്പരപ്പ് പ്രകടമായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് തങ്ങള്‍ എതിരാണെന്ന ഭാവി തെരഞ്ഞെടുപ്പ് പ്രചരണത്തെ എല്ലാ ഇന്ത്യക്കാരെയും സാക്ഷിയാക്കി അവതരിപ്പിക്കാന്‍ ഇതിലും നല്ലൊരവസരം വേറെയില്ലെന്ന് മനസ്സിലാക്കി രാഹുല്‍ ഗാന്ധി നടത്തിയ നീക്കത്തിന് മാര്‍ക്ക് നല്‍കാതിരിക്കാന്‍ രാഷ്ട്രിയ നിരീക്ഷകര്‍ക്ക് കഴിയില്ല. വിവാദമാകുമെന്നറിഞ്ഞിട്ടും രാഹുല്‍ നടത്തിയത് പ്രകടനാത്മക രാഷ്ട്രീയത്തിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നു. കൃത്യമായ തെളിവുകളുടെ പിന്‍ബലം നല്‍കാതെ റാഫേലിലൂടെ അഴിമതിയെന്ന ശരം തൊടുക്കുകയും തൊട്ടുപിന്നാലെ ആലിംഗന തന്ത്രത്തിലൂടെ അത് ചര്‍ച്ചയാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയതത് അമ്പരിപ്പിക്കുന്ന നീക്കം തന്നെയായിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ കുറിപ്പിലൂടെ തിരിച്ചടിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞെന്നതും സര്‍ക്കാറിന് ആശ്വാസമായി. ഇന്ത്യക്ക് ഏറ്റവും ഗുണം ചെയ്യുന്ന കരാറാണിതെന്ന ഫ്രഞ്ച് സര്‍ക്കാറിന്റെ വിശദീകരണ കുറിപ്പ് പാര്‍ലമെന്റ് ചര്‍ച്ചക്കിടെ തന്നെ പുറത്തു വന്നത് ഒരു പക്ഷെ, ഭാവിയില്‍ മറ്റ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടേക്കാം.
വോട്ടുചെയ്യുകയും മാറിനില്‍ക്കുകയും വഴി എല്ലാ രാഷ്ട്രീയ കക്ഷികളും വിജയിച്ചെങ്കിലും സര്‍ക്കാറിനെ പിന്തുണച്ചതിലൂടെ തമിഴ്‌നാട്ടിലെ എ ഐ എ ഡി എം കെ സര്‍ക്കാറിന് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ബന്ധുക്കളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഡി എം കെ ചില ആരോപണങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞ സാഹചര്യത്തില്‍.

LIVE NEWS - ONLINE

 • 1
  5 mins ago

  കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

 • 2
  37 mins ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 3
  2 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 4
  2 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

 • 5
  2 hours ago

  അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

 • 6
  2 hours ago

  മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

 • 7
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 8
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 9
  3 hours ago

  കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം