Wednesday, November 21st, 2018

ഇന്ത്യക്കും ഇംഗ്ലണ്ടിനും വിജയിക്കണം

കോഹ്‌ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍

Published On:Aug 4, 2018 | 9:31 am

ബിര്‍മിംഗ്ഹാം: വിരാട് കോഹ്ലിക്കു കീഴില്‍ ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റ് വിജയമെന്ന നേട്ടത്തിലേക്ക് ഇന്ത്യക്ക് ഇനി വേണ്ടത് 84 റണ്‍സ്, ശേഷിക്കുന്നത് അഞ്ചു വിക്കറ്റുകള്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ 194 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശുന്ന ഇന്ത്യ 110/5 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് അവസാനിപ്പിച്ചു. 43 റണ്‍സുമായി വിരാട് കോഹ്ലിയും 18 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കുമാണ് ക്രീസില്‍. ആറാം വിക്കറ്റില്‍ ഇരുവരും ഇതേവരെ 32 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
281 റണ്‍സ് പിന്തുടര്‍ന്നു ജയിച്ച ദക്ഷിണാഫ്രിക്കയാണ് എഡ്ജ്ബാസ്റ്റന്‍ ഗ്രൗണ്ടിലെ മികച്ച റണ്‍ചേസര്‍മാര്‍. പക്ഷേ, ഇംഗ്ലണ്ടിന്റെ 208, വെസ്റ്റ് ഇന്‍ഡീസിന്റെ 152, ഇംഗ്ലണ്ടിന്റെ തന്നെ 121 എന്നിവയാണ് തുടര്‍ന്നുള്ള മികച്ച ചേസുകള്‍ എന്നത് കോഹ്ലിയുടെ നെഞ്ചിടിപ്പേറ്റും. ഈ ടെസ്റ്റ് കോഹ്ലിപ്പട ജയിച്ചാല്‍ ഗ്രൗണ്ടിലെ മികച്ച മൂന്നാമത് ചേസിംഗ് വിജയമാകുമത്.
നേരത്തെ, 13 റണ്‍സ് ലീഡോടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റു ചെയ്ത ഇംഗ്ലണ്ട് 53 ഓവറില്‍ 180 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ഇഷാന്ത് ശര്‍മയുടെ ബൗളിംഗാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മൂന്നു വിക്കറ്റുമായി ഇംഗ്ലീഷ് മുന്‍ നിരയെ തകര്‍ത്ത് സ്പിന്നര്‍ ആര്‍.അശ്വിനും രണ്ടു വിക്കറ്റുമായി ഉമേഷ് യാദവും ഇഷാന്തിനു മികച്ച പിന്തുണ നല്‍കി. ഒരു ഘട്ടത്തില്‍ 87/7 എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ, വാലറ്റത്തെ കൂട്ടുപിടിച്ച് സാം കരന്‍ നടത്തിയ ചെറുത്തുനില്‍പ്പാണു കരകയറ്റിയത്. 63 റണ്‍സ് നേടി കരന്‍ പുറത്തായതോടെ ഇംഗ്ലീഷ് ഇന്നിംഗ്‌സിനു തിരശീല വീണു.
മൂന്നാം ദിനം 9/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് സ്‌കോര്‍ 18ല്‍ കീറ്റണ്‍ ജെന്നിംഗ്‌സിനെ നഷ്ടപ്പെട്ടു. എട്ടു റണ്‍സ് നേടിയ ഇംഗ്ലീഷ് ഓപ്പണര്‍ അശ്വിന് വിക്കറ്റ് നല്‍കി മടങ്ങി. ജോ റൂട്ട്(14), ഡേവിഡ് മലന്‍(20), ജോണി ബെയര്‍‌സ്റ്റോ(28), ബെന്‍ സ്റ്റോക്‌സ്(6), ജോസ് ബട്‌ലര്‍(1) എന്നിവരും മടങ്ങിയതോടെ 87/7 എന്ന നിലയില്‍ ആതിഥേയര്‍ തകര്‍ന്നു. ഇവിടെ ഒത്തുചേര്‍ന്ന സാം കരന്‍ ആദില്‍ റഷീദ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ നൂറു കടത്തി.
ഇരുവരും ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ പൊരുതിനിന്നതോടെ കോഹ്ലിക്കു ക്ഷമ നശിച്ചുതുടങ്ങി. ഒടുവില്‍ സ്‌കോര്‍ 135ല്‍ റഷീദിനെ പുറത്താക്കി ഉമേഷ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കരനൊപ്പം 48 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കാന്‍ റഷീദിനായി. തുടര്‍ന്നെത്തിയ സ്റ്റ്യുവര്‍ട്ട് ബ്രോഡി(11)നൊപ്പം കരന്‍ 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അര്‍ധസെഞ്ചുറി തികച്ച കരന്‍ ഇംഗ്ലണ്ടിനെ 200 കടത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച ഘട്ടത്തില്‍, ബ്രോഡിനെ പുറത്താക്കി ഇഷാന്ത് ശര്‍മയും കരനെ പുറത്താക്കി ഉമേഷ് യാദവും ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്കു ചിറകുമുളപ്പിച്ചു.
വിജയം ലക്ഷ്യമാക്കി ക്രീസിലെത്തിയ ഇന്ത്യക്കു തുടക്കത്തില്‍തന്നെ തിരിച്ചടിയേറ്റു. 22 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുമ്പോഴേക്കും ഓപ്പണര്‍മാരായ മുരളി വിജയ്(6), ശിഖര്‍ ധവാന്‍(13) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. കെ.എല്‍.രാഹുല്‍(13), അജിന്‍ക്യ രഹാനെ(2) എന്നിവര്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടപ്പോള്‍ കോഹ്ലി ഒരറ്റത്തു കാഴ്ചക്കാരനായി നിന്നു. സ്ഥാനക്കയറ്റം കിട്ടിയെത്തിയ അശ്വിനും(13) മികവ് നിലനിര്‍ത്താനായില്ല. ഇതിനുശേഷമായിരുന്നു ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കിയ കോഹ്ലികാര്‍ത്തിക് കൂട്ടുകെട്ട്.

 

 

LIVE NEWS - ONLINE

 • 1
  17 mins ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 2
  51 mins ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 3
  2 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 4
  2 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 5
  2 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 6
  2 hours ago

  ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

 • 7
  3 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 8
  3 hours ago

  പെറുവില്‍ ശക്തമായ ഭൂചലനം

 • 9
  4 hours ago

  ബ്രസീലിന് ജയം