Thursday, February 21st, 2019

സിനിമാചരിത്രത്തിനൊപ്പം സഞ്ചരിച്ച നടന വിസ്മയം

തെന്നിന്ത്യന്‍ സിനിമാരംഗത്ത് ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടനവിസ്മയമായിരുന്നു സുകുമാരി (73). കലയ്ക്കപ്പുറത്ത് മറ്റൊരു ജീവിതമില്ലാതിരുന്ന സകലകലാവല്ലഭ. എട്ടാം വയസ്സില്‍ തുടങ്ങിയ കലാസപര്യക്ക് തിരശ്ശീല വീഴുന്നത് 73-ാം വയസ്സില്‍ മരണം ആ ജീവിതത്തെ കവര്‍ന്നെടുക്കുമ്പോള്‍ മാത്രമാണ്. സിനിമയുടെ കൗമാരകാലത്ത് കറുപ്പിലും വെളുപ്പിലും തുടങ്ങി ഡിജിറ്റല്‍ സിനിമയുടെ നിറവിന്യാസകാലം വരെ നീണ്ട അപൂര്‍വ്വതയായിരുന്നു ആ ജീവിതം. ഒരു മാസം മുമ്പ്, ഫെബ്രുവരി 27ന് പൂജാമുറിയിലെ വിളക്കില്‍ നിന്ന് പടര്‍ന്ന തീയാണ് ആ അഭിനയപ്രതിഭയുടെ തിരികെടുത്തിയത്. ശരീരത്തിലാകമാനം പൊള്ളലേറ്റ് ചെന്നൈയിലെ സ്വകാര്യ … Continue reading "സിനിമാചരിത്രത്തിനൊപ്പം സഞ്ചരിച്ച നടന വിസ്മയം"

Published On:Mar 27, 2013 | 11:25 am

തെന്നിന്ത്യന്‍ സിനിമാരംഗത്ത് ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടനവിസ്മയമായിരുന്നു സുകുമാരി (73). കലയ്ക്കപ്പുറത്ത് മറ്റൊരു ജീവിതമില്ലാതിരുന്ന സകലകലാവല്ലഭ. എട്ടാം വയസ്സില്‍ തുടങ്ങിയ കലാസപര്യക്ക് തിരശ്ശീല വീഴുന്നത് 73-ാം വയസ്സില്‍ മരണം ആ ജീവിതത്തെ കവര്‍ന്നെടുക്കുമ്പോള്‍ മാത്രമാണ്. സിനിമയുടെ കൗമാരകാലത്ത് കറുപ്പിലും വെളുപ്പിലും തുടങ്ങി ഡിജിറ്റല്‍ സിനിമയുടെ നിറവിന്യാസകാലം വരെ നീണ്ട അപൂര്‍വ്വതയായിരുന്നു ആ ജീവിതം.
ഒരു മാസം മുമ്പ്, ഫെബ്രുവരി 27ന് പൂജാമുറിയിലെ വിളക്കില്‍ നിന്ന് പടര്‍ന്ന തീയാണ് ആ അഭിനയപ്രതിഭയുടെ തിരികെടുത്തിയത്. ശരീരത്തിലാകമാനം പൊള്ളലേറ്റ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുകുമാരി, എന്തെങ്കിലുമൊരു നിവൃത്തിയുണ്ടായിരുന്നെങ്കില്‍ ജീവിതത്തിലേക്കും അഭിനയത്തിലേക്കും തിരികെയെത്തുമായിരുന്നു. പക്ഷെ, വിധി അവരെ അതിനനുവദിച്ചില്ല. ശരീരത്തിന്റെ നാല്‍പതു ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റ സുകുമാരിയുടെ ഇരുവൃക്കകളും തകരാറിലായതും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് താളഭംഗം നേരിട്ടതും മരണത്തിനു കാരണമായി. ഇന്നലെ വൈകുന്നേരത്തോടെ തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട സുകുമാരിയമ്മ ലോകത്തോടു വിടപറഞ്ഞു.
ഒന്നര വര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സുകുമാരി ബൈപ്പാസ് ശസ്ത്രക്രിയക്കു വിധേയയായിരുന്നു. അന്ന് നടന്‍ മമ്മൂട്ടി നടപ്പാക്കുന്ന ഹാര്‍ട്ട് ടു ഹാര്‍ട്ട് ഹൃദയചികില്‍സാ പദ്ധതിയില്‍ സുകുമാരിയേയും ഉള്‍പ്പെടുത്തിയിരുന്നു. പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങില്‍ സുകുമാരിയെ ചേര്‍ത്തുപിടിച്ച് നടന്‍ മമ്മൂട്ടി പറഞ്ഞു: ”ഒരു നിമിഷം അടങ്ങിയിരിക്കില്ല സുകുമാരിച്ചേച്ചി. ബൈപ്പാസ് കഴിഞ്ഞാലും നേരേ ലൊക്കേഷനിലേക്കായിരിക്കും പോകുക. അഭിനയിക്കുന്നതിനൊപ്പം പാട്ടും കൂത്തുമൊക്കെയായി ശരീരം മുഴുവന്‍ ഇളക്കിയാല്‍ എങ്ങിനെ രോഗം മാറും? അതുകൊണ്ട് കുറച്ചുനാള്‍ അടങ്ങിയൊതുങ്ങിക്കഴിയാനാണ് ഞാന്‍ ചേച്ചിയോട് അഭ്യര്‍ഥിക്കുന്നത്. മലയാള സിനിമയ്ക്ക് കുറേയേറെക്കാലത്തേക്കുകൂടി വേണം ചേച്ചിയെ.”
മമ്മൂട്ടി പറഞ്ഞത് സത്യമായിരുന്നു. ലൊക്കേഷനില്‍ നിന്നാണ് സുകുമാരി അന്ന് ആശുപത്രിക്കിടക്കിയിലായത്. അവിടെ നിന്നു നേരേപോയതും ലൊക്കേഷനിലേക്കുതന്നെ. ഒന്നര വര്‍ഷത്തിനിപ്പുറം മറ്റൊരു അപകടം പിടികൂടിയപ്പോഴും സുകുമാരി അതിനെയെല്ലാം തരണം ചെയ്ത് സിനിമയില്‍ തിരിച്ചെത്തുമെന്ന് എല്ലാവരും കരുതി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെ അനവധി പേരുടെ പിന്തുണയും മികച്ച ചികില്‍സാ സൗകര്യങ്ങളും ഉണ്ടായിട്ടും സുകുമാരിക്ക് വിധിക്കു കീഴടങ്ങേണ്ടി വന്നു.
ആറു പതിറ്റാണ്ടിന്റെ അഭിനയസപര്യക്കിടയില്‍ സുകുമാരി വേഷമിട്ടത് 2500ല്‍ അധികം സിനിമകളിലാണ്. അതും മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി, ഒറിയ തുടങ്ങി ഏഴോളം ഭാഷകളില്‍. ഈ ഭാഷകളിലെല്ലാം സ്വന്തം ശബ്ദത്തില്‍ ഡബ്ബുചെയ്യാനും സുകുമാരിയിലെ പ്രതിഭയ്ക്കു വിഷമമുണ്ടായില്ല. പൊങ്ങച്ചക്കാരിയായും തന്റേടിയായും പ്രേക്ഷകരെ ചിരിപ്പിച്ച സുകുമാരി അമ്മയും അമ്മൂമ്മയും അമ്മായിയമ്മയും മുതല്‍ ആരെയും കണ്ണീരണിയിക്കുന്ന വേഷങ്ങളിലും ഒരുപോലെ തിളങ്ങി. നൃത്തം വിത്തിട്ട് നാടകം വളംനല്‍കി സിനിമയുടെ ഭൂമികയില്‍ അഭിനയത്തിന്റെ വസന്തം വിരിയിക്കുകയായിരുന്നു സുകുമാരി ചെയ്തത്.
നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതത്തിലും സുകുമാരിക്കു കഴിവുണ്ടായിരുന്നു. കേട്ടുപഠിച്ച സംഗീതമായിരുന്നു അവരുടേത്. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയും രാഗിണിയുമാണ് സുകുമാരിക്ക് സംഗീതത്തില്‍ അവഗാഹം നേടിക്കൊടുത്തത്. സിനിമയില്‍ പാടിയിട്ടില്ലങ്കിലും സുകുമാരി ചില കച്ചേരികള്‍ നടത്തിയിട്ടുണ്ട്.
1940 ഒക്‌ടോബര്‍ ആറിന്, അന്ന് തിരുവിതാംകൂറിലായിരുന്ന നാഗര്‍കോവിലിലായിരുന്നു സുകുമാരിയുടെ ജനനം. അച്ഛന്‍ പൂജപ്പുരയില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മാധവന്‍ നായര്‍. അമ്മ സത്യഭാമ. തിരുവിതാംകൂര്‍ സഹോദരിമാരെന്നറിയിപ്പെടുന്ന ലളിത- പദ്മിനി- രാഗിണിമാരുടെ മാതൃസഹോദരനായിരുന്നു മാധവന്‍നായര്‍. പൂജപ്പുരയിലെ എലിമെന്ററി സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ ഏഴാം വയസ്സില്‍ സുകുമാരിയെ പിതൃസഹോദരി സരസ്വതിയമ്മ മദ്രാസിലേക്കു കൊണ്ടുപോയി. അവിടെ നൃത്തപഠനം തുടര്‍ന്ന സുകുമാരി, ലളിത-പദ്മിനി -രാഗിണിമാര്‍ക്കൊപ്പം സ്വദേശത്തും വിദേശത്തും നിരവധി നൃത്തപരിപാടികളില്‍ പങ്കാളിയായി.
അവരുടെ നൃത്ത ട്രൂപ്പില്‍ എട്ടാം വയസിലാണ് സുകുമാരി അരങ്ങേറ്റം കുറിക്കുന്നത്. ഈ സമയത്ത് സിനിമയിലെ ചില നൃത്തസംഘങ്ങളിലും സുകുമാരിക്ക് അവസരം ലഭിച്ചു. 12-ാം വയസില്‍ നടി രാജസുലോചനയുടെ പുഷ്പാഞ്ജലി ട്രൂപ്പിലും നടി കുശലകുമാരിയുടെ ട്രൂപ്പിലും അംഗമായി. പത്താം വയസില്‍ ‘ഒരു ഇരവ്’ എന്ന തമിഴ്ചിത്രത്തിലൂടെ അവര്‍ ആദ്യമായി സിനിമയില്‍ മുഖം കാണിച്ചു. പത്മിനിക്കൊപ്പം ഷൂട്ടിംഗ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ലളിതയുടെ കുട്ടിക്കാലം ഈ സിനിമയില്‍ അവതരിപ്പിച്ചത് സുകുമാരിയായിരുന്നു.
തുടര്‍ന്ന് നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമാകാന്‍ തുടങ്ങി. വൈ.ജി പാര്‍ഥസാരഥിയുടെ ‘പെറ്റാല്‍ താന്‍ പിള്ള’യാണ് ആദ്യമായി അഭിനയിച്ച നാടകം . ചോ രാമസ്വാമിയായിരുന്നു അതില്‍ നായകന്‍. രാമസ്വാമിയുടെ ട്രൂപ്പില്‍ 4000ത്തിലധികം സ്‌റ്റേജുകളില്‍ സുകുമാരി അഭിനയിച്ചു. ‘തുഗ്ലക്’ എന്ന നാടകം 1500 ലധികം വേദികളിലാണ് കളിച്ചത്. അങ്ങിനെ നാടകത്തിലും നൃത്തത്തിലും സിനിമയിലും ഒരേ സമയത്ത് സുകുമാരി ശ്രദ്ധിക്കപ്പെട്ടു.
21-ാമത്തെ വയസ്സില്‍ ‘പട്ടിക്കാടാ പട്ടണമാ’ എന്ന ചിത്രത്തില്‍ ജയലളിതയുടെ അമ്മയായും ശിവാജിഗണേശന്റെ അമ്മായിയമ്മയായും വെള്ളിത്തിരയിലെത്തി സുകുമാരി സിനിമാചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. 1957 ല്‍ പുറത്തിറങ്ങിയ ‘തസ്‌കരവീര’നായിരുന്നു സുകുമാരിയുടെ ആദ്യ മലയാള ചിത്രം. സത്യനും രാഗിണിയുമായിരുന്നു അതില്‍ നായികാനായകന്മാര്‍. വില്ലന്‍ വേഷം ചെയ്ത കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യയായാണ് സുകുമാരി അതിലഭിനയിച്ചത്. ഈ വേഷം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന നടി എത്താതെ വന്നപ്പോള്‍ നൃത്ത സംഘത്തിലംഗമായ സുകുമാരി പകരക്കാരിയായി വേഷമിടുകയായിരുന്നു.
അറുപതുകളില്‍ സുകുമാരിക്കു സിനിമയില്‍ തിരക്കേറി. തിക്കുറിശി, സത്യന്‍, പ്രേംനസീര്‍ എന്നിവര്‍ മലയാളത്തില്‍ നായകവേഷങ്ങളില്‍ നിറഞ്ഞുനിന്ന കാലത്ത് തിരക്കുള്ള സഹനടിയായിരുന്നു അവര്‍. ചെറുപ്പത്തില്‍ സിനിമയില്‍ വന്നെങ്കിലും ശാരദയും ഷീലയും ജയഭാരതിയുമൊക്കെ തിളങ്ങി നില്‍ക്കുന്ന അക്കാലത്ത് സുകുമാരി അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യ വേഷങ്ങളിലേക്കു ചേക്കേറി. നായികയാകണമെന്ന് നിര്‍ബന്ധം പിടിക്കാതെ ലഭിച്ച വേഷങ്ങള്‍ മികച്ചതാക്കാനുള്ള സുകുമാരിയുടെ അര്‍പ്പണബോധമായിരുന്നു അവരുടെ വിജയത്തിന്റെ രഹസ്യം.
സുകുമാരി ഏറ്റവുമധികം ജോടിയായത് ഹാസ്യപ്രതിഭ അടൂര്‍ഭാസിക്കൊപ്പമായിരുന്നു. 30 സിനിമകളില്‍. പിന്നീട് സോമന്‍, സുകുമാരന്‍, മധു, വിന്‍സെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സിനിമയിലെ പുതുതലമുറ നായകന്മാരുടെ കൂടെവരെ സുകുമാരി അഭിനയിച്ചു. ഒപ്പം ടി വി സീരിയലുകളിലും അവര്‍ ശ്രദ്ധേയമായവേഷങ്ങള്‍ ചെയ്തു. 2012ല്‍ അഭിനയിച്ച 3ജി ആണ് അവസാന ചിത്രം.
2003ല്‍ ലഭിച്ച പദ്മശ്രീ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സുകുമാരിക്ക് ലഭിച്ചിട്ടുണ്ട്. 1974, 1979, 1983, 1985 വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ‘നമ്മ ഗ്രാമം’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 2011 ല്‍ സഹനടിക്കുള്ള ദേശീയ അംഗീകാരവും ലഭിച്ചു. ‘മിഴികള്‍ സാക്ഷി’ എന്ന സിനിമയിലെ അഭിനയത്തിന് തലനാരിഴയ്ക്കാണ് സുകുമാരിക്ക് മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം വഴുതിപ്പോയത്.
മഹാരാഷ്ട്രക്കാരനായ സംവിധായകന്‍ ഭീംസിംഗിനെ വിവാഹം കഴിക്കുമ്പോള്‍ 19 വയസ്സുമാത്രമാണ് സുകുമാരിക്ക് പ്രായം. അദ്ദേഹം സംവിധാനം ചെയ്ത ‘രാജറാണി’യിലും ‘പാശമല’രിലും അഭിനയിച്ചതിലൂടെയുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. സുകുമാരിക്ക് 30 വയസുള്ളപ്പോള്‍ അദ്ദേഹം അന്തരിച്ചു. ചെന്നൈ മെഡിക്കല്‍ കോളേജില്‍ ഡോക്ടറായ സുരേഷാണ് ഇവരുടെ ഏകമകന്‍. മരുമകള്‍ ഉമ ഫാഷന്‍ ഡിസൈനറാണ്.

LIVE NEWS - ONLINE

 • 1
  7 hours ago

  പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

 • 2
  8 hours ago

  പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 3
  10 hours ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 4
  13 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 5
  15 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 6
  15 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 7
  15 hours ago

  പെരിയ ഇരട്ടക്കൊല

 • 8
  15 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 9
  15 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍