സംസ്ഥാനത്ത് 29221 പേര്‍ എച്ച് ഐ വി ബാധിതര്‍; കണ്ണൂരില്‍ 1641 പേര്‍

Published:November 30, 2016

 

hiv-aids-stop-full

 

 

 

 

കണ്ണൂര്‍: ഇന്ത്യയില്‍ 21.17 ലക്ഷം എച്ച് ഐ വി ബാധിതര്‍ ഉണ്ടെന്നും രാജ്യത്ത് കഴിഞ്ഞവര്‍ഷം മാത്രം 86000 പേര്‍ക്ക് എച്ച് ഐ വി അണുബാധ ഉണ്ടായെന്നും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ എച്ച് ഐ വി ബാധിതരില്‍ 39 ശതമാനം സ്ത്രീകളും 6.54 ശതമാനം കുട്ടികളുമാണ്. 10.8 ലക്ഷം പ്രായപൂര്‍ത്തിയായവരും 0.78 ലക്ഷം കുട്ടികളും നിലവില്‍ എച്ച് ഐ വി അണുബാധിതരായി ചികിത്സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് 20954 എച്ച് ഐ വി അണുബാധിതരാണ്. എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ ചികിത്സ തേടുന്നത് കണ്ണൂര്‍ ജില്ലയില്‍ എച്ച് ഐ വി പരിശോധനയ്ക്ക് വിധേയരായവര്‍ 225043 ആണ്. ഇതില്‍ 1641 പേര്‍ അണുബാധ സ്ഥിരീകരിച്ചവരാണ്. നാല് വര്‍ഷത്തിനിടയില്‍ മാത്രം കണ്ണൂരില്‍ 1641 പേര്‍ രോഗബാധിതരാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
‘കൈ ഉയര്‍ത്താം എച്ച് ഐ വി പ്രതിരോധത്തിനായി’ എന്ന സന്ദേശവുമായാണ് ഈ വര്‍ഷം ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം 1ന് വൈകുന്നേരം 7 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പഠനസഹായ വിതരണം പി.കെ ശ്രീമതി ടീച്ചര്‍ എം പിയും ദിനാചരണ സന്ദേശം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷും മുഖ്യപ്രഭാഷണം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയും നിര്‍വ്വഹിക്കും.
പരിപാടിയുടെ ഭാഗമായി ക്യാന്‍വാസ് പെയിന്റിംഗ്, ക്വിസ് മത്സരം, ബലൂണ്‍ പ്രദര്‍ശനം, കൂട്ടനടത്തം, ഫ്‌ളാഷ് മോബ്, രക്തദാന ക്യാമ്പ്, നാടന്‍ പാട്ട്, ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം തുടങ്ങിയവയും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡി എം ഒ ഡോ കെ നാരായണ നായിക്, ഡപ്യൂട്ടി ഡി എം ഒ ഡോ എ ടി മനോജ്, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജോയിന്റ് ഡയരക്ടര്‍ ജി സുനില്‍കുമാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ കെ വി ലതീഷ്, മാസ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ് എന്നിവര്‍ പങ്കെടുത്തു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.