Monday, November 19th, 2018

ആശ്വാസ വചനങ്ങളല്ല, നടപടികളാണ് വേണ്ടത്…

        കണ്ണൂര്‍ ജില്ലയുടെ പലഭാഗങ്ങളിലും വേനല്‍മഴ കനത്തതോടെ വ്യാപക നാശനഷ്ടമുണ്ടായി. കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും നിരവധി വീടുകളും സ്ഥാപനങ്ങളും തകര്‍ന്നതിന് പുറമെ വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്കും വ്യാപക നാശം സംഭവിച്ചു. ജില്ലയില്‍ മലയോരത്താണ് പ്രധാനമായും വ്യാപക നാശനഷ്ടമുണ്ടായത്. പ്രത്യേകിച്ച് ഇരിട്ടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍. മീത്തലെ പുന്നാട് മേഖലയില്‍ നാല് വീടുകളും അങ്കന്‍വാടിയും കുടുംബശ്രീ യൂനിറ്റുമാണ് തകര്‍ന്നത്. വീടിന്‌മേല്‍ തെങ്ങ്‌വീണ് പരിക്കേറ്റ ഒരു വീട്ടമ്മ ചികിത്സയില്‍ കഴിയുകയാണ്. ആറളത്തെ വെളിമാനം , … Continue reading "ആശ്വാസ വചനങ്ങളല്ല, നടപടികളാണ് വേണ്ടത്…"

Published On:May 7, 2014 | 12:51 pm

Editorial Help Full

 

 

 

 

കണ്ണൂര്‍ ജില്ലയുടെ പലഭാഗങ്ങളിലും വേനല്‍മഴ കനത്തതോടെ വ്യാപക നാശനഷ്ടമുണ്ടായി. കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും നിരവധി വീടുകളും സ്ഥാപനങ്ങളും തകര്‍ന്നതിന് പുറമെ വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്കും വ്യാപക നാശം സംഭവിച്ചു.
ജില്ലയില്‍ മലയോരത്താണ് പ്രധാനമായും വ്യാപക നാശനഷ്ടമുണ്ടായത്. പ്രത്യേകിച്ച് ഇരിട്ടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍. മീത്തലെ പുന്നാട് മേഖലയില്‍ നാല് വീടുകളും അങ്കന്‍വാടിയും കുടുംബശ്രീ യൂനിറ്റുമാണ് തകര്‍ന്നത്. വീടിന്‌മേല്‍ തെങ്ങ്‌വീണ് പരിക്കേറ്റ ഒരു വീട്ടമ്മ ചികിത്സയില്‍ കഴിയുകയാണ്. ആറളത്തെ വെളിമാനം , അത്തിക്കല്‍, അയ്യന്‍കുന്നിലെ വാണിയപ്പാറ, രണ്ടാംകടവ് പ്രദേശങ്ങളെ പിടിച്ചുലച്ച കാറ്റിലും മഴയിലും കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. പേരാവൂരില്‍ മൂന്നുവീടുകളാണ് തകര്‍ന്നത്. ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കൊട്ടംചുരത്തില്‍ മരം വീണ് ഓട്ടോറിക്ഷ തകര്‍ന്നു. പെരിങ്ങോത്തും കടന്നപ്പള്ളിയിലും മഴയും കാറ്റും നാശംവിതച്ചു. കനത്ത മഴയിലും കാറ്റിലും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിക്കുന്നതിന് പുറമെ വേനല്‍മഴ കര്‍ഷക സ്വപ്‌നങ്ങളെയും തകര്‍ത്തെറിയുകയാണ്.
കുലച്ചുനില്‍ക്കുന്നതും കുലകൊത്താന്‍ പാകത്തില്‍ നില്‍ക്കുന്നതുമായ പതിനായിരക്കണക്കിന് വാഴകളാണ് ജില്ലയുടെ പലഭാഗത്തും കഴിഞ്ഞകുറച്ചുദിവസങ്ങളിലുണ്ടായ കെടുതിയില്‍ നിലംപൊത്തിയത്. ജീവനോപാധിയെന്ന നിലയില്‍ മണ്ണില്‍ കൈകുത്തിയ കര്‍ഷകന്റെ നെഞ്ചില്‍ നെരിപ്പോട്‌വാരിവിതറുകയാണ് ഓരോദിനവും. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍തുക വായ്പയെടുത്താണ് ഒട്ടുമിക്ക കര്‍ഷകരും വാഴ ഉള്‍പ്പെടെയുള്ള കൃഷിയിലേക്ക് നീങ്ങുന്നത്. വിളവെടുത്തു കഴിഞ്ഞാല്‍ ബാധ്യതകള്‍ തീര്‍ത്ത് അവശേഷിക്കുന്നതില്‍ ജീവിത സ്വപ്‌നം നെയ്‌തെടുക്കുന്ന കര്‍ഷക സ്വപ്‌നങ്ങള്‍ അല്പനേരം കൊണ്ട് കെട്ടടങ്ങുന്ന കാഴ്ചയാണ് ഓരോ ദിനവും കണ്ടു കൊണ്ടിരിക്കുന്നത്. അതിവിശാലമായ വയലില്‍ വാഴകള്‍ കൂട്ടത്തോടെ നടുവൊടിഞ്ഞ കാഴ്ചകള്‍ ആരിലും നൊമ്പര മുണര്‍ത്തും. കറിവെക്കാന്‍ പാകം പോലുമില്ലാത്ത പതിനായിരക്കണക്കിന് ചെറുകുലകള്‍ ഒന്നിനും കൊള്ളാതെ മണ്ണിനോട് പറ്റിച്ചേര്‍ന്നു കിടക്കുന്ന കാഴ്ച കര്‍ഷക കുടുംബങ്ങളെ കണ്ണീര്‍ കുടിപ്പിച്ചു.
കാറ്റിലും മഴയിലും ഉണ്ടായ നാശ നഷ്ടത്തിന്റെ ഒരു ചെറുചിത്രം മാത്രമാണ് മേല്‍വിവരിച്ചത്. മുഖ്യധാരയില്‍ വരാത്ത എത്രയോ നാശനഷ്ടങ്ങള്‍ ഇനിയുമുണ്ട്. അതു കൂടിയാകുമ്പോള്‍ നാശ നഷ്ടങ്ങളുടെ ചിത്രം അതിഭയാനകമാകും.
ജില്ലയില്‍ കാര്യങ്ങളിത്രെയൊക്കെയായിട്ടും കെടുതിയുടെ ദുരന്തം അനുഭവിക്കുന്നവരിലും കര്‍ഷകരിലും ആത്മ വിശ്വാസം ജനിപ്പിക്കുന്ന ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്നത് ആശങ്കയുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുകയാണ്. സാധാരണ ഇത്തരം സംഭവങ്ങളുണ്ടായാല്‍ ആദ്യമുണ്ടാവുക ബന്ധപ്പെട്ടവരുടെ ആശ്വാസ വചനങ്ങളാണ്. അതുണ്ടാകുന്നതോടൊപ്പം തന്നെ മതിയായ നഷ്ടപരിഹാരം ഇത്തരം സ്ഥലങ്ങളില്‍ ഉടന്‍ എത്തിക്കാനുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്. ഓരോ ദിനം കഴിയുന്തോറും മഴകൂടുതല്‍ കനക്കുകയാണ്. ഒപ്പം ഇടിമിന്നലും കാറ്റും പൂര്‍വ്വാധികം ശക്തിയായി തുടരുന്നുമുണ്ട്. ദുരന്തവ്യാപ്തി കൂടുതലാകും മുമ്പ് തന്നെ നേരത്തെ വീടുകളും കാര്‍ഷിക ഉഭയങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഇനി കാലവിളംബമരുത്. ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സഹായങ്ങളും ഉടന്‍ എത്തിക്കണം.
ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം തേടി മന്ത്രിതല സംഘം ഇന്ന് ഡല്‍ഹിയിലേക്ക് പോകുന്നുണ്ട്. അനുകൂലമായ സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് കരുതാം.
അതിനിടെ വേനല്‍ മഴയും കാറ്റും വരും ദിനങ്ങളില്‍ കനക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ സാധ്യതകളും ബന്ധപ്പെട്ടവര്‍ തള്ളിക്കളയുന്നില്ല. അങ്ങിനെയെങ്കില്‍ കാലവര്‍ഷാരംഭത്തിന് മുമ്പു തന്നെ വന്‍ നാശനഷ്ടം ഇനിയും സംഭവിച്ചു കൂടായ്കയില്ല. ഇതു കൂടി കണക്കിലെടുത്തു വേണം ആശ്വാസ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍.

LIVE NEWS - ONLINE

 • 1
  29 mins ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 2
  41 mins ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 3
  44 mins ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 4
  52 mins ago

  ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

 • 5
  57 mins ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 6
  1 hour ago

  ഫിജിയില്‍ ശക്തമായ ഭൂചലനം

 • 7
  1 hour ago

  രണ്‍വീറും ദീപികയും തിരിച്ചെത്തി

 • 8
  1 hour ago

  മേരികോം ഫൈനലില്‍

 • 9
  2 hours ago

  തിരിച്ചിറങ്ങാമെന്ന ഉറപ്പിന്‍മേല്‍ ശശികല സന്നിധാനത്തേക്ക്