Tuesday, September 25th, 2018

സംസ്ഥാനത്ത് കനത്ത മഴ;ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍

പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. ജലാശയങ്ങളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.

Published On:Jul 10, 2018 | 11:53 am

കോഴിക്കോട്: സംസ്ഥാനത്തുടനീളം പെയ്ത ശക്തമായ മഴയില്‍ പലയിടത്തും വെള്ളം പൊങ്ങി. വടക്കന്‍ മലബാര്‍ ജില്ലകളെയാണ് കനത്ത മഴ ബാധിച്ചിരിക്കുന്നത്. വയനാട്ടിലെ കല്‍പ്പറ്റ, മാനന്തവാടി എന്നിവടങ്ങളിലെ പല പ്രദേശങ്ങളിലും വെള്ളം പൊങ്ങി. കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. തലശ്ശേരിയിലും മലയോര മേഖലയിലും ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ പെയ്യുകയാണ്. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. ജലാശയങ്ങളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.
വയനാട്ടില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് കല്‍പ്പറ്റയുടെ സമീപപ്രദേശങ്ങളിലെ ചില സ്ഥലങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
മണിയന്‍കോട് കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനില്‍ വെള്ളം കയറി. സബ് സ്‌റ്റേഷനില്‍ കുടുങ്ങിക്കിടന്ന മൂന്ന് ജീവനക്കാരെ പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. പുറത്ത് കടക്കാന്‍ കഴിയാതെ ജീവനക്കാര്‍ മണിക്കൂറുകളോളമാണ് കുടുങ്ങിയത്. മേപ്പാടിയില്‍ ലത്തീഫിന്റെയും മറ്റൊരാളുടേയും വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പനമരത്ത് പെട്രോള്‍ പമ്പിന് മുകളില്‍ മണ്ണിടിഞ്ഞ് വീണെങ്കിലും ആളപായമില്ല.
മാനന്തവാടി വെള്ളിയൂര്‍ കാവും പരിസരങ്ങളും വെള്ളത്തില്‍ മുങ്ങി. വൈത്തിരി താലൂക്കിലാണ് മഴ ഏറ്റവുമധികം ദുരിതം വിതച്ചത്. ദുരിത ബാധിതരെ ഇന്നലെ രാത്രി തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നൂറോളം കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. ജില്ലയുടെ പല ഭാഗത്തും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും ജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി.
അടുത്തിടെ കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടിയ കോഴിക്കോട്ടെ കരിഞ്ചോലമലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ക്കും നിയന്ത്രണമുണ്ട്.
മധ്യകേരളത്തില്‍ ഇടുക്കിയിലും എറണാകുളത്തും കോട്ടയത്തുമാണ് ശക്തമായ മഴ പെയ്യുന്നത്. കനത്ത മഴയില്‍ ഇടുക്കിയിലെ പല ഭാഗങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടങ്ങളുടെ മുന്നറിയിപ്പ്. പെരിയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മഴ ശക്തമായതിനാല്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും കൊല്ലത്തും രണ്ടു ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരത്ത് മരം കടപുഴകി വീണ് അഞ്ചിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. മഴ ശക്തമായതോടെ പലയിടത്തും കടല്‍ക്ഷോഭമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ എത്തുന്നവര്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  2 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 2
  3 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 3
  6 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 4
  6 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 5
  8 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 6
  8 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 7
  8 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 8
  9 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 9
  10 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി