Monday, September 24th, 2018

പ്രളയത്തില്‍ മുങ്ങി കേരളം

ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

Published On:Aug 16, 2018 | 4:30 pm

കണ്ണൂര്‍: സംസ്ഥാനത്ത് മഹാപ്രളയം. യുദ്ധ സമാനമായ രീതിയില്‍ സൈന്യത്തെവരെ ഇറക്കി രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയും ഒറ്റപ്പെട്ടും നിരവധിപേര്‍ രക്ഷക്കായി കേഴുകയാണ്. ഒഴിയാപ്രളയത്തില്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞും ഉരുള്‍പൊട്ടിയും ഒഴുക്കില്‍പെട്ടും ഇന്നലെയും ഇന്നുമായി പൊലിഞ്ഞത് 39 ജീവനുകള്‍. ഇന്ന് രാവിലെമാത്രം മരിച്ചത് 19 പേര്‍. രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമാക്കുംവിധം പലയിടത്തും വെള്ളം പൊങ്ങുകയാണ്. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ പലയിടത്തും ജനം കുടുങ്ങി കിടക്കുന്നു. ഭക്ഷ്യക്ഷാമവും പിടിമുറുക്കിയിട്ടുണ്ട്. വൈദ്യുതി തടസപ്പെട്ടും ഫോണ്‍ബന്ധം കിട്ടാതെയും നിലവധി സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായി. ബസ്, ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി. ബസ് സര്‍വീസ് പലയിടത്തും നടത്താനാവാത്ത സ്ഥിതിയാണ്. കൊച്ചി മെട്രോ സര്‍വീസ് നിറുത്തി. തിരുവനന്തപുരത്തുനിന്നുള്ള ട്രെയിന്‍ സര്‍വീസുകളും നിറുത്തിവച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതോടെ വിമാന സര്‍വീസുകള്‍ ശനിയാഴ്ചവരെ നിര്‍ത്തിവെച്ചു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നൂറുകണക്കിനാളുകള്‍ കുടുങ്ങി കിടക്കുന്നു. 1068 ദുരിതാശ്വാസ ക്യാമ്പുകളിലായി ഒന്നരലക്ഷത്തിലധികംപേരാണ് കഴിയുന്നത്. ബന്ധുവീടുകളില്‍ അഭയം തേടിയവര്‍ ഏറെയുണ്ട്. പലര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടു. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം വലിയ അളവില്‍ പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.
മഴ താണ്ഡവമാടിയ എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പാലക്കാട് നെന്മാറയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പടെ മൂന്നുകുടുംബങ്ങളിലെ എട്ടുപേര്‍ മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.
നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പൊട്ടലുണ്ടായത്. നിരവധി പേര്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
കോഴിക്കോട് കൂമ്പാറിയിലും മാവൂര്‍ ഊര്‍ക്കടവിലും വീടിനുമേല്‍ മണ്ണിടിഞ്ഞു വീണ് രണ്ടു കുട്ടികള്‍ മരിച്ചു. കുടുംബത്തിലെ മറ്റു അഞ്ചു പേരെ രക്ഷപ്പെടുത്തി. കൂമ്പാറയില്‍ തയ്യില്‍ തൊടിയില്‍ പ്രകാശന്റെ മകന്‍ അരുണ്‍ (10) ആണ് മരിച്ചത്. ഊര്‍ക്കടവില്‍ അപകടത്തില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. ഒരുകുട്ടി മരിച്ചു. അരീക്കുഴി കുഞ്ഞിക്കോയയും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
പത്തനംതിട്ടയില്‍ ഗുരുതരമായ സ്ഥിതി വിശേഷമാണ്. ഒറ്റപ്പെട്ട നിലയിലാണ് ജില്ല. വീടിന്റെ ഒന്നാംനിലയും പിന്നിട്ട് പലയിടത്തും രണ്ടാം നിലയിലേക്കും വെള്ളം കയറി. പലയിടത്തും ജനങ്ങള്‍ വീടുകളിലും മുറ്റും കുടുങ്ങിക്കിടക്കുകയാണ്. റോഡുകള്‍ പലതും വെള്ളത്തിലാണ്. പമ്പാതീരത്തെ സ്ഥിതി അതീവ ഗുരുതരമാണ്. റാന്നിമുതല്‍ ആറന്മുളവരെ വെള്ളം കയറി. നേവിയും മിലിട്ടറിയും
രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വീടുകളില്‍ കുടുങ്ങിയവരെ ഹെലികോപ്ടറില്‍ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
ഈരാറ്റുപേട്ട തീക്കോയിക്കുസമീപം രാത്രി വീടിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൊച്ചിയിലെ സ്ഥിതിയും ഗുരുതരമാണ്. ആലുവ റെയില്‍വേ പാലത്തിനു സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നു. എറണാകുളംചാലക്കുടി റൂട്ടില്‍ ഗതാഗതം നിര്‍ത്തി. മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണ സേന രംഗത്തുണ്ട്. എറണാകുളം നോര്‍ത്ത് പറവൂര്‍ ശ്രീനാരായണ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലില്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നു.
വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഘട്ടംഘട്ടമായി ഉയര്‍ത്താന്‍ തീരുമാനമായി. മലപ്പുറത്ത് മുന്നിയൂര്‍ കുന്നത്തുപറമ്പ് കടലുണ്ടിപ്പുഴയില്‍ ഒരു കുട്ടിയെ കാണാതായി. മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി.
കണ്ണൂര്‍ ജില്ലയിലെകണ്ണവം വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടലുണ്ടായി. പ്രദേശത്തെ കുടുംബങ്ങളെ ഒഴിപ്പിച്ചു. കൊട്ടിയൂര്‍ അമ്പായത്തോട് വനത്തിനുള്ളിലും പലയിടത്തായി ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് പുഴയിലും തോടുകളിലും വീണ്ടും വെള്ളം കയറിയിരിക്കുകയാണ്. വയനാട് ചുരം റോഡില്‍ ഗതാഗതം ഇന്നും തടസപ്പെട്ടിരിക്കുകയാണ്. കൊട്ടിയൂര്‍ പാമ്പറപ്പാന്‍ പാലം തകര്‍ച്ചയുടെ വക്കിലാണ്. കൊട്ടിയൂര്‍ പാലുകാച്ചി, ചപ്പമല പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഇപ്പോഴും ഈ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ആഞ്ഞടിക്കുന്ന കാറ്റും ദുരിതം ഇരട്ടിയാക്കുകയാണ്. ഇതെ തുടര്‍ന്ന് മരം കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നിട്ടുമുണ്ട്.
കല്യാശ്ശേരി ബക്കളത്ത് കനത്ത മഴയില്‍ വീട് തകര്‍ന്നു. വീട്ടമ്മയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് കാലത്ത് ഏഴരക്ക് ബക്കളം ലക്ഷംവീട് കോളനിയിലെ കമലയുടെ ഓടിട്ട വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. കമല (84), മകള്‍ പ്രഭാവതി (60), പ്രഭാവതിയുടെ മകന്‍ (സനദ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികള്‍ അടുത്ത വീട്ടില്‍ കളിക്കാന്‍ പോയതിനാല്‍ അവര്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ജയിംസ് മാത്യു എം എല്‍ എ, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള എന്നിവര്‍ സ്ഥലത്തെത്തി.

 

 

LIVE NEWS - ONLINE

 • 1
  1 hour ago

  വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

 • 2
  1 hour ago

  പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

 • 3
  1 hour ago

  എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

 • 4
  2 hours ago

  കരുത്തോടെ ഇന്ത്യ

 • 5
  3 hours ago

  കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 • 6
  3 hours ago

  ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങി

 • 7
  3 hours ago

  ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കവര്‍ച്ച; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

 • 8
  20 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 9
  21 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍