Sunday, February 17th, 2019

ഭ്രാന്തിളകി കാലവര്‍ഷം; 22 മരണം, ഏഴുപേരെ കാണാതായി

റവന്യൂ മന്ത്രി അടിയന്തരയോഗം വിളിച്ചു.

Published On:Aug 9, 2018 | 4:20 pm

കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് 22 പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം 11 മരിച്ച ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറത്ത് അഞ്ചുപേരും കോട്ടയത്ത് രണ്ടുപേരും വയനാട്ടില്‍ മൂന്നു പേരും കോഴിക്കോട് ഒരാളുമാണ് മരിച്ചത്. അഞ്ചുപേരെ കാണാതായി.
കണ്ണൂരില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് കേളകം, ആറളം, കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ വ്യാപക ഉരുള്‍പൊട്ടല്‍. കേളകം പഞ്ചായത്തിലെ ശാന്തിഗിരി, വെണ്ടേക്കുംചാല്‍, കൊട്ടിയൂര്‍ പഞ്ചായത്തിലെ പൊയ്യമല, അമ്പായത്തോട്, ആറളം, ചതിരൂര്‍ 110 കോളനി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കൊട്ടിയൂര്‍, ആറളം വനങ്ങളിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചീങ്കണ്ണി, ബാവലി പുഴകള്‍ കരകവിഞ്ഞ് നൂറോളം വീടുകളില്‍ വെള്ളം കയറി. കൊട്ടിയൂര്‍ പാല്‍ച്ചുരം താഴെ കോളനി, ചതിരൂര്‍ 110 കോളനി, വിയറ്റ്‌നാം കോളനി എന്നിവിടങ്ങളിലെ നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
ചീങ്കണ്ണി പുഴയിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വളയഞ്ചാല്‍ തൂക്ക് പാലം ഒലിച്ച് പോയി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സേനയുടെ സേവനം ലഭ്യമാക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എം. എല്‍.എ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ പുഴയോരങ്ങളിലെ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മണ്ണിടിച്ചിലില്‍ കൊട്ടിയൂര്‍ വയനാട് ചുരം പാത വിവിധയിടങ്ങളില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിലച്ചു. പാതയുടെ വിവിധ ഭാഗങ്ങളില്‍ വിള്ളലുണ്ടായി. വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം പാത വഴി തിരിച്ചുവിട്ടു.
മലപ്പുറത്ത് നിലമ്പൂരില്‍ ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. നിലമ്പൂരിന് സമീപം ചെട്ടിയംപാറയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ചെട്ടിയംപാറ കോളനി സ്വദേശി കുഞ്ഞി, മരുമകള്‍ ഗീത, മക്കളായ നവനിക (നാല്), നിവേദ് (മൂന്ന്), ബന്ധു മിഥുന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഗീതയുടെ ഭര്‍ത്താവ് സുബ്രഹ്മണ്യന് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. നിലമ്പൂരിന് 12 കിലോമീറ്റര്‍ അകലെയാണ് സംഭവം. കോളനി പ്രദേശത്തെ വീട്ടിന് മുകളില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കാളിക്കാവ്, നിലമ്പൂര്‍, കരുവാരകുണ്ട് മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. നാല്‍പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നിലമ്പൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കടലുണ്ടി, ചാലിയാര്‍ പുഴകള്‍ കരകവിഞ്ഞു. വെള്ളത്തിന്റെ കുത്തൊഴുക്ക് വര്‍ധിച്ചതോടെ ചാലിയാറിന് കുറുകെ അരീക്കോട് മൂര്‍ക്കനാട് സ്ഥാപിച്ച ഇരുമ്പു നടപ്പാലംനഒലിച്ച് പോയി. അരീക്കോട് തോണി അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ ഓര്‍മ്മക്കായി നിര്‍മ്മിച്ചതായിരുന്നു നടപ്പാലം. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ആളപായമില്ല.
ഇടുക്കിയിലും വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. അടിമാലിയില്‍ മണ്ണിടിഞ്ഞു വീണ് ഒരു ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയ ഒരാളെ രക്ഷിച്ചു. അടിമാലി മൂന്നാര്‍ ദേശീയപാതക്ക് സമീപം പുത്തന്‍ കുന്നേല്‍ ഹസന്‍കോയയുടെ വീടിനു മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. അപകടസമയത്ത് ആറുപേര്‍ വീട്ടിലുണ്ടായിരുന്നു. ഇവരില്‍ ഹസ്സന്‍ കോയയെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസന്‍കോയായുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, മുജീബിന്റെ ഭാര്യ ഷെമീന, മക്കളായ ദിയ ഫാത്തിമ, ദിയ സന എന്നിവരാണ് മരിച്ചത്. ഇടുക്കി പെരിയാര്‍വാലിയില്‍ വീടിനു മേല്‍ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. കുടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുരിക്കാശ്ശേരി രാജപുരത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരില്‍ മീനാക്ഷി(90) യുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരെക്കൂടി കണ്ടു കിട്ടാനുണ്ട്.
കനത്തമഴയില്‍ വയനാട്ടിലെ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും വൈത്തിരിയില്‍ ഉരുള്‍പൊട്ടലുമുണ്ടായി. വൈത്തിരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട്ടമ്മ മരിച്ചു. ലക്ഷം വീട് കോളിനയില്‍ ജോര്‍ജിന്റെ ഭാര്യ ലില്ലയാണ് മരിച്ചത്. മണ്ണിടിച്ചിലില്‍ കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും ഏഴുവീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. താമരശ്ശേരി, കുറ്റ്യാടി, പാല്‍ച്ചുരങ്ങളില്‍ മണ്ണിടിഞ്ഞു വീണു. താമരശ്ശേരി ചുരത്തില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി കെ.എസ്. ആര്‍.ടി.സി ബസിനു മേല്‍ മരം വീണിരുന്നു. ഗതാഗതം തടസ്സപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ടു.
കോഴിക്കോട് മട്ടിമല, പൂവാറും തോട്, മുട്ടത്തുംപുഴ, പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍ കുണ്ട്, ചെമ്പുകടവ് എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. ഉരുള്‍പ്പൊട്ടലില്‍ പെട്ട് ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. കാറിനുള്ളിലിരിക്കുകയായിരുന്ന റിജിത്ത് കാര്‍ സഹിതം ഒലിച്ചുപോവുകയായിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട, റിജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച് തെരച്ചില്‍ തുടരുകയാണ്.
പാലക്കാട് കോങ്ങാട് മേഖലയില്‍ കനത്ത മഴയില്‍ മണിക്കശേരി പുഴ പാലം കവിഞ്ഞ് ഒഴുകുന്നു. തീരദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കാഞ്ഞിക്കുളം കോങ്ങാട് ഉള്‍നാടന്‍ പ്രധാന പാതയില്‍ വാഹനഗതാഗതം മുടങ്ങി. സമീപ സ്ഥലങ്ങളിലെ തോടുകളിലും പറമ്പിലും വെള്ളം കയറിയിട്ടുണ്ട്.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പട്ടു. കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി എന്നിവിടങ്ങളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരോ സംഘം വീതം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തിരിച്ചിട്ടുണ്ട്. മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി റവന്യൂ മന്ത്രി അടിയന്തരയോഗം വിളിച്ചു. അതേസമയം, മഴക്കെടുതി വിലയിരുത്താന്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്ന കേന്ദ്രസംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും.

 

 

 

LIVE NEWS - ONLINE

 • 1
  6 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  9 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  14 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  16 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  17 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  2 days ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും