Tuesday, November 20th, 2018

കള്ളപ്പണക്കാരെയും ഹവാലക്കാരേയും കെട്ട് കെട്ടിക്കണം

  ഇന്ത്യയിലേക്ക് കടത്തുന്ന സ്വര്‍ണ്ണവും ഹവാല പണവും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന ഇപ്പോഴത്തെ കണ്ടെത്തലുകളില്‍ പുതുമയൊന്നുമില്ല. നേരത്തെ തന്നെ പലഘട്ടങ്ങളിലും ഇക്കാര്യം വെളിവാക്കപ്പെട്ടതാണ്. രാജ്യാന്തര സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ മുഖ്യ കണ്ണിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ കണ്ടെത്തലുകളിലും പണം ചെലവഴിച്ചതിന്റെ ഉറവിടത്തിലൊന്ന് രാജ്യദ്രോഹപ്രവര്‍ത്തനങ്ങളിലുമാണെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായിട്ടുണ്ട്. മാത്രവുമല്ല ഈ ഇടപാടില്‍ പ്രവര്‍ത്തിച്ച രാജ്യത്തിന് പുറത്തുള്ള ഏജന്‍സികളെക്കുറിച്ചുള്ള കാര്യങ്ങളും ഇന്റലിജന്‍സ് പരിശോധിച്ചുവരികയാണ്. നൂറ് കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയെന്നത് നിസ്സാരപ്പെട്ട കാര്യമല്ല. രാജ്യത്തെപ്പോലും വിലക്കെടുക്കാന്‍ കഴിയും വിധമുള്ള … Continue reading "കള്ളപ്പണക്കാരെയും ഹവാലക്കാരേയും കെട്ട് കെട്ടിക്കണം"

Published On:Sep 27, 2013 | 6:46 pm

 

ഇന്ത്യയിലേക്ക് കടത്തുന്ന സ്വര്‍ണ്ണവും ഹവാല പണവും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന ഇപ്പോഴത്തെ കണ്ടെത്തലുകളില്‍ പുതുമയൊന്നുമില്ല. നേരത്തെ തന്നെ പലഘട്ടങ്ങളിലും ഇക്കാര്യം വെളിവാക്കപ്പെട്ടതാണ്.
രാജ്യാന്തര സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ മുഖ്യ കണ്ണിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ കണ്ടെത്തലുകളിലും പണം ചെലവഴിച്ചതിന്റെ ഉറവിടത്തിലൊന്ന് രാജ്യദ്രോഹപ്രവര്‍ത്തനങ്ങളിലുമാണെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായിട്ടുണ്ട്. മാത്രവുമല്ല ഈ ഇടപാടില്‍ പ്രവര്‍ത്തിച്ച രാജ്യത്തിന് പുറത്തുള്ള ഏജന്‍സികളെക്കുറിച്ചുള്ള കാര്യങ്ങളും ഇന്റലിജന്‍സ് പരിശോധിച്ചുവരികയാണ്. നൂറ് കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയെന്നത് നിസ്സാരപ്പെട്ട കാര്യമല്ല. രാജ്യത്തെപ്പോലും വിലക്കെടുക്കാന്‍ കഴിയും വിധമുള്ള വളര്‍ച്ചയ്ക്ക് പിന്നിലെ ഘടകങ്ങളും പണം ഏതെല്ലാം വഴിയില്‍ ചെലവഴിച്ചെന്നതും ഗൗരവത്തോടെ അന്വേഷണ വിധേയമാക്കേണ്ടത് രാജ്യനിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. കാരണം അനധികൃത ഇടപാടുകളിലൂടെ എല്ലാ ഏജന്‍സികളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ഇന്ത്യയില്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണവും ഹവാലാപണവും സ്വന്തം രാജ്യത്തെ തന്നെ ഒറ്റുകൊടുക്കാന്‍ ഉപയോഗപ്പെടുത്തിയെന്നുപറഞ്ഞാല്‍ നിസ്സാരവല്‍ക്കരിക്കേണ്ട കാര്യമല്ല, കാരണം ഇതൊരു മുഖ്യകണ്ണിയുടെ പ്രശ്‌നം മാത്രമല്ല. എത്രയോ പേര്‍ ഇങ്ങിനെ മേഞ്ഞുനടക്കുന്നുണ്ടെന്നു വ്യക്തം. ഇത്തരക്കാര്‍ക്കെല്ലാമുള്ള ഉന്നത ബന്ധം സംബന്ധിച്ച വിവരങ്ങളും നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നെടുമ്പാശ്ശേരി സ്വര്‍ണ്ണം കള്ളക്കടത്തില്‍ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ മൂന്നുപേരെ പ്രതികളാക്കി സി ബി ഐ കേസെടുത്തതും വിരല്‍ ചൂണ്ടുന്നത് ഉന്നതര്‍ക്കുള്ള അധോലോക ബന്ധമാണ്. ഇതിന്റെ വേരുകള്‍ കേരളീയ സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്നു വ്യക്തം. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോവിലെ ഒരു ഉന്നതന്‍ തന്നെ ഇത്തരം അധമ പ്രവര്‍ത്തികള്‍ക്ക് കൂട്ടു നില്‍ക്കുന്ന കാര്യവും പുറത്തു വന്നിട്ടുണ്ട്.
ചില വിമാനത്താവളങ്ങള്‍ ഇത്തരം അധോലോക സംഘങ്ങളുടെ കൈകളിലാണെന്നതിന്റെ വ്യക്തമായ സൂചനകളാണ് നെടുമ്പാശ്ശേരി നല്‍കുന്നത്. കസ്റ്റംസിലെയും പോലീസിലെയും ഉന്നതരായ ചിലരെ പണവും മറ്റ് വസ്തുക്കളും നല്‍കിയും മറ്റ് പ്രലോഭനങ്ങളിലൂടെയും വശീകരിച്ച് തങ്ങളുടെ ആഗ്രഹ പൂര്‍ത്തികരണം വരുത്തുകയാണെന്നതിന് ഇതില്‍പ്പരം തെളിവുകള്‍ വേറെ ആവശ്യമില്ല. ഇത്തരം പ്രവര്‍ത്തികള്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്നത് ഇന്നോ ഇന്നലെയോ അല്ല. ചരിത്രം പരിശോധിച്ചാല്‍ ഒരുപക്ഷേ വിമാനത്താവളങ്ങളുടെ അത്രതന്നെ പഴക്കവും കാണും. അപ്പോള്‍ ഇത്രയും നീണ്ട വര്‍ഷം വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണവും ഹവാലപ്പണവും ഒഴുകുകയാണെന്നും വേണം കരുതാന്‍. അങ്ങനെയെങ്കില്‍ അത് എവിടെ, ആരുടെ കയ്യില്‍, എന്തിനുവേണ്ടി ചെലവാക്കിയെന്ന് കണ്ടെത്താനുള്ള ബാധ്യതയും അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. ഇല്ലെങ്കില്‍ അവരുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടും.
ഈയൊരു കാര്യം മാത്രമല്ല. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് വ്യാജകറന്‍സികള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് ഒഴുകുകയാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് അതിന് ഉപോല്‍ബലമാകും വിധം ചില തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത് ഇതിന്റെ ഭാഗമായാണ് വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണത്തിന്റെയും ഹവാലാപണത്തിന്റെയും അനിയന്ത്രിതമായ ഒഴുക്ക്. ഇത് കണ്ടില്ലെന്നു നടിച്ചാല്‍ ഭവിഷ്യത്ത് അതീവഗുരുതരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകര്‍ക്കാന്‍ ചില വ്യക്തികളും സംഘടനകളും തക്കം പാര്‍ത്തു കഴിയുകയാണ്. നിയമത്തില്‍ വരുന്ന പഴുതുകളും ഉന്നത ബന്ധങ്ങളും സ്വാധീനവും പ്രതികള്‍ രക്ഷപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചാല്‍ രാജ്യസുരക്ഷ തന്നെ അപകടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങിനെയുള്ള കാര്യങ്ങളില്‍ എത്ര ഉന്നതനായും മുഖം നോക്കാതെയുള്ള നടപടികളാണ് ജനം ആഗ്രഹിക്കുന്നത്. മറ്റെല്ലാ പരിഗണനകള്‍ക്കുമപ്പുറം ജനതാല്‍പര്യവും രാജ്യരക്ഷയുമാണ് പ്രധാനം. അതില്‍ വിഘാതം നില്‍ക്കുന്നവര്‍ ആരായാലും അവരുടെ കൂച്ചുവിലങ്ങിട്ട് നിയമ സംവിധാനങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുക തന്നെ വേണം. ഇക്കാര്യത്തില്‍ അതുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

 

LIVE NEWS - ONLINE

 • 1
  10 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  10 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  13 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  16 hours ago

  ശബരിമല കത്തിക്കരുത്

 • 5
  17 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  17 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  17 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  19 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  19 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’