Friday, July 19th, 2019

ഹജ്ജ് തീര്‍ത്ഥാടകരുടെ രണ്ടാംഘട്ട യാത്ര തുടങ്ങി; സൗദി എയര്‍ലൈന്‍സിന്റെ 29 സര്‍വിസുകള്‍

അധികമുള്ള 255 പേര്‍ക്ക് ഒരു വിമാനം കൂടി അനുവദിക്കും.

Published On:Jul 30, 2018 | 9:29 am

ജിദ്ദ/കൊച്ചി: കേന്ദ്ര ഹജ്ജ്കമ്മറ്റിക്ക് കീഴിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ രണ്ടാംഘട്ട യാത്ര തുടങ്ങി. 20 എംബാര്‍ക്കേഷന്‍ പോയന്റില്‍ നിന്ന് രണ്ടുഘട്ടമായാണ് യാത്ര ഷെഡ്യൂള്‍ ക്രമീകരിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ ഒമ്പതും രണ്ടാംഘട്ടത്തില്‍ 11ഉം എംബാര്‍ക്കേഷന്‍ പോയന്റുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹി, ഗയ, ഗുവാഹതി, ലഖ്‌നോ, ശ്രീനഗര്‍, കൊല്‍ക്കത്ത, വാരാണസി, മംഗളൂരു, ഗോവ വിമാനത്താവളങ്ങള്‍ ഉള്‍പ്പെട്ട ആദ്യഘട്ടം ഈ മാസം 18ന് ആരംഭിച്ച് 28ന് അവസാനിച്ചു.
കൊച്ചി ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍ രണ്ടാംഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ചെന്നൈ, മുംബൈ, നാഗ്പുര്‍, ഔറംഗാബാദ് വിമാനത്താവളങ്ങളില്‍നിന്നാണ് രണ്ടാംഘട്ട യാത്രക്ക് തുടക്കമായത്. റാഞ്ചിയില്‍നിന്ന് ഇന്നും നാളെയും ബംഗളൂരു, അഹ്മദാബാദ്, ഹൈദരാബാദ്, ജയ്പൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് ആഗസ്റ്റ് ഒന്നിനുമാണ് യാത്ര ആരംഭിക്കുന്നത്. ഭോപാലില്‍നിന്നുള്ള ഏക വിമാനം രണ്ടാംഘട്ടം അവസാനിക്കുന്ന ആഗസ്റ്റ് അഞ്ചിന് പുറപ്പെടും. ആദ്യഘട്ടത്തില്‍ യാത്ര തിരിച്ച തീര്‍ഥാടകര്‍ മദീന വിമാനത്താവളത്തിലാണ് ഇറങ്ങിയത്.
മദീനയിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ഭൂരിഭാഗം തീര്‍ഥാടകരും മക്കയില്‍ എത്തിയിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ പുറപ്പെടുന്നവര്‍ ജിദ്ദ വിമാനത്താവളത്തിലാണ് ഇറങ്ങുക. ഹജ്ജ് കര്‍മത്തിനുശേഷമാണ് ഇവരുടെ മദീന യാത്ര.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരിയില്‍നിന്ന് യാത്രയാകാന്‍ സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തത് 29 സര്‍വിസുകള്‍. കേരളത്തില്‍നിന്ന് 11,272 ഉം ലക്ഷദ്വീപില്‍നിന്ന് 276ഉം പേരും മാഹിയില്‍നിന്ന് 147 ഉം ഉള്‍പ്പെടെ 12,145 പേരാണ് ഹജ്ജ് കമ്മിറ്റി വഴി പോകുന്നത്. 410 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം 11,890 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക.
അധികമുള്ള 255 പേര്‍ക്ക് ഒരു വിമാനം കൂടി അനുവദിക്കും. സൗദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ പ്രകാരം 2,3,4,5,6,8,16 തീയതികളില്‍ ഓരോ വിമാനവും 1,7,10,12,14,15 തീയതികളില്‍ രണ്ട് വിമാനവും 11,13 തീയതികളില്‍ മൂന്നു വിമാനവും ഒമ്പതാം തീയതി നാല് വിമാനങ്ങളുമാണ് സര്‍വിസ് നടത്തുക. നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് വിമാനത്തിലും അവിടെനിന്നും റോഡ് മാര്‍ഗം മക്കയിലും എത്തിക്കും. സെപ്റ്റംബര്‍ 12 മുതല്‍ 25 വരെ മദീന വിമാനത്താവളത്തില്‍നിന്നാണ് മടക്കയാത്ര.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    3 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    5 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    6 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    10 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    10 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    10 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    10 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    11 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം