Sunday, March 18th, 2018

ഗുണ്ടര്‍ട്ടിനെ അനുസ്മരിക്കുന്നവര്‍ ബ്രണ്ണനെ മറക്കുന്നു

തലശ്ശേരിയില്‍ ഒരു സൗജന്യ ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചതാണ് ബ്രണ്ണന്റെ ഏറ്റവും വലിയ സംഭാവന.

Published On:Sep 30, 2017 | 10:22 am

സി.പി.എഫ്. വേങ്ങാട്‌
തലശ്ശേരി: കോട്ടക്ക് പിന്നിലെ സെന്റ്‌ജോണ്‍സ് പള്ളി സെമിത്തേരിയിലിരുന്ന് ബ്രണ്ണന്റെ ആത്മാവ് ഇപ്പോ ഴും വിലപിക്കുന്നുണ്ടാവാം. തന്നെ ആരും ഓര്‍ക്കുന്നില്ലല്ലോ എന്നോര്‍ത്ത് . ഒരു കപ്പലപകടത്തിലൂടെ തലശ്ശേരിയിലെത്തി ഈ നാടിന്റെ പുരോഗതിക്കായി അഹോരാത്രം പ്രയത്‌നിച്ച ഇംഗ്ലീഷുകാരനാണ് എഡ്വോര്‍ഡ് ബ്രണ്ണന്‍. ഒക്‌ടോബര്‍ 2ന് അദ്ദേഹത്തിന്റെ 158-ാം ചരമവാര്‍ഷികദിനം കടന്നുപോകുമ്പോള്‍ പോലും തലശ്ശേരി അദ്ദേഹത്തെ വിസ്മരിച്ച നിലയിലാണ്.
ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മ്മന്‍ മിഷനറിയെ എല്ലാവര്‍ഷവും ഓര്‍ക്കുന്ന തലശ്ശേരിക്കാര്‍ ബ്രണ്ണന്‍ സായിപ്പിനെ വിസ്മരിക്കുന്നുയെന്നത് ചരിത്രത്തിന്റെ വിരോധാഭാസം എന്നതല്ലാതെ മറ്റെന്ത് പറയാന്‍.
ഒരു നിയോഗം പോലെയാണ് ബ്രണ്ണന്‍ തലശ്ശേരിയിലെത്തിയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ അറബിക്കടലിലെ തിരമാലകളില്‍ പെട്ട് തകര്‍ന്ന കടല്‍ക്ഷോഭത്തോടൊപ്പം തലശ്ശേരിയില്‍ കര പറ്റിയ വെള്ളക്കാരന്‍ സായിപ്പ് പിന്നെ ഈ നാട് വിട്ടുപോയില്ല. അപകടത്തിലൂടെ താനെത്തപ്പെട്ട തലശ്ശേരി എന്ന കടലോര പട്ടണത്തെ സ്വന്തം നാടിനെ പോലെ സ്‌നേഹിച്ച് ഇവിടെ ജീവിച്ച്‌പോരുകയായിരുന്നു.
തലശ്ശേരി കടപ്പുറത്തെ പോര്‍ട്ട് ഓഫീസില്‍ മാസ്റ്റര്‍ അറ്റന്റന്റ് ആയി ജോലിയാരംഭിച്ച ബ്രണ്ണന്‍ തലശ്ശേരി ജനതയെ ജീവന് തുല്യം സ്‌നേഹിച്ചു. കുതിരവണ്ടിയില്‍ സഞ്ചരിച്ച് പാവങ്ങള്‍ക്ക് പണവും മധുരപലഹാരവും വിതരണം ചെയ്യുന്നത് അദ്ദേഹത്തിന്റെ ഇഷ്ടവിനോദങ്ങളില്‍ ഒന്നായിരുന്നു. കടപ്പുറത്തെ മുക്കുവ കുട്ടികളോടൊപ്പം കളിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
തലശ്ശേരി കോട്ടക്ക് പിന്നിലെ സെന്റ്‌ജോണ്‍സ് പള്ളി (ഇംഗ്ലീഷ് പള്ളി) ബ്രണ്ണന്‍ പണിതതാണ്. കപ്പലപകടത്തില്‍ പെട്ട് ജീവന്‍ പൊലിയാതെ തലശ്ശേരി കടപ്പുറത്തെത്തിയതിന് ദൈവത്തോടുള്ള നന്ദിസൂചകമായാണ് ഈ ക്രിസ്ത്യന്‍ ദേവാലയം പണികഴിപ്പിച്ചത്. കടലിന് അഭിമുഖമായി പണിത പള്ളി പഴയ ബ്രിട്ടീഷ് ചര്‍ച്ചുകളെ അനുസ്മരിക്കുന്നതാണ്. കമാനാകൃതിയിലുള്ള വാതിലുകളും ജനാലകളും ഇതിന്റെ പ്രത്യേകതയാണ്. ലണ്ടനില്‍ നിന്നുകൊണ്ടുവന്ന പിയാനോയും മെഴുക് തിരി സ്റ്റാന്റുകളും മുമ്പ് ഇവിടെ ഉണ്ടായിരുന്നു. ഈ പള്ളിക്ക് പിന്നിലെ കണ്ണാടിചിത്രങ്ങള്‍ പ്രശസ്തമാണ്. ലണ്ടനില്‍ നിന്ന് കൊണ്ടുവന്നതാണത്രെ ഇത്. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ബഹുവര്‍ണചിത്രങ്ങളാണ് ഗ്ലാസില്‍ ചിത്രീകരിച്ചിരുന്നത്. ബൈബിളിലെ പ്രധാന സംഭവങ്ങളായ ‘അവസാനത്തെ അത്താഴം’ ‘പിയേ ത്ത’ എന്നിവയാണ് ചിത്രത്തിലെ പ്രമേയം. എന്നാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ കണ്ണാടിച്ചിത്രങ്ങള്‍ മോഷ്ടിക്കപ്പെടുകയായിരുന്നു. വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും പരിപാലിക്കാനാളില്ലാതെയും പള്ളി തലശ്ശേരി പൈതൃക നഗരത്തില്‍ നടപ്പാക്കിവരുന്ന പദ്ധതിയുടെ ഭാഗമായി നവീകരിച്ചെങ്കിലും പഴയ കണ്ണാടിച്ചിത്രങ്ങള്‍ പുനസ്ഥാപിച്ചില്ല. ഇപ്പോള്‍ ടൂറിസം വകുപ്പ് സ്ഥാപിച്ച കറുത്ത കണ്ണാടിയാണ് അവിടെ സ്ഥാനം പിടിച്ചിരിക്കുന്നത്. ആളനക്കമില്ലാത്ത പള്ളിയും അപൂര്‍വ കല്ലുകളുമുള്ള സെമിത്തേരിയും ഇപ്പോഴും അനാഥമായി കിടക്കുകയാണ്.
തലശ്ശേരിയില്‍ ഒരു സൗജന്യ ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചതാണ് ബ്രണ്ണന്‍ ഈ നാടിന് നല്‍കിയ ഏറ്റവും വലിയ സംഭാവന. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ തന്റെ കയ്യില്‍ അവശേഷിച്ച 3,900 രൂപ മുടക്കിയാണ് അദ്ദേഹം നഗരത്തിന്റെ ഹൃദയഭാഗത്ത് സൗജന്യ ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചത്. ജാതി, മത, ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സ്‌കൂളിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തനം തുടങ്ങും മുമ്പ് തന്നെ അദ്ദേഹം മരണമടഞ്ഞു. 1862ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയമാണ് തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍. പിന്നീട് മദ്രാസ് ഗവര്‍മ്മെന്റ് നിര്‍ദേശ പ്രകാരം ഇത് രണ്ടാംഗ്രേഡ് കോളേജായും തുടര്‍ന്ന് ഒന്നാംഗ്രേഡ് കോളേജായും ഉയര്‍ത്തപ്പെട്ടു. ഈ കോളേജാണ് പിന്നീട് ധര്‍മ്മടത്തെ കുന്നിന്‍മുകളിലേക്ക് മാറ്റിയത്. തലശ്ശേരിയിലെ ആ പഴയ കെട്ടിടത്തിലാണ് ഇപ്പോള്‍ ബ്രണ്ണന്‍ ഹയര്‍സെക്കന്ററി സ്‌കൂളും ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററും പ്രവര്‍ത്തിക്കുന്നത്.
ആതുര ശുശ്രൂഷാരംഗത്ത് ബ്രണ്ണന്‍ നല്‍കിയ സംഭാവനയാണ് തലശ്ശേരി ജനറല്‍ ആശുപത്രി. അദ്ദേഹത്തിന്റെ സമ്പാദ്യം കൊണ്ടാണ് ജനറല്‍ ആശുപത്രിയുടെ ആദ്യകെട്ടിടം പണിതത്.എന്നാല്‍ 1859 ഒക്‌ടോബര്‍ രണ്ടാം തീയതി തന്റെ 75-ാം വയസില്‍ ബ്രണ്ണന്‍ മരണപ്പെടുന്നതോടെ അദ്ദേഹത്തിന്റെ സംഭാവനകളുടം തലശ്ശേരിക്കാര്‍ വിസ്മരിക്കുകയായിരുന്നു. ബ്രണ്ണന്‍ തന്നെ പണികഴിപ്പിച്ച സെന്റ്‌ജോണ്‍സ് പള്ളി സെമിത്തേരിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. മാര്‍ബിള്‍ പാകിയ അദ്ദേഹത്തിന്റെ കല്ലറയാകട്ടെ ആരുമറിയാതെ അനാഥമായി കിടക്കുകയാണ്.
ലക്ഷങ്ങള്‍ ചെലവഴിച്ച് ഗുണ്ടര്‍ട്ടിന് പൂര്‍ണകായപ്രതിമയും നഗരത്തിലെ പ്രധാന റോഡിന് അദ്ദേഹത്തിന്റെ പേരും നല്‍കിയവര്‍ ബ്രണ്ണനെ വേണ്ടവിധം ആദരിച്ചില്ല. ഇന്ന് ബ്രണ്ണന്റെ പേരില്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ എല്ലാംതന്നെ അദ്ദേഹത്തിന്റെ സമ്പാദ്യം കൊണ്ട് മാത്രം പണിതതാണ്. ഈ വരുന്ന 158-ാം ചരമവാര്‍ഷിക ദിനത്തിലെങ്കിലും ബ്രണ്ണനെ വേണ്ടവിധം ആദരിക്കേണ്ടതുണ്ടെന്ന ആവശ്യം തലശ്ശേരിയില്‍ ഉയര്‍ന്നുകഴിഞ്ഞു.

LIVE NEWS - ONLINE

 • 1
  12 hours ago

  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍

 • 2
  13 hours ago

  ഒറ്റപ്പാലത്ത് ബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

 • 3
  15 hours ago

  മോദിയുടെ അഹങ്കാരത്തിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങില്ല: സോണിയ

 • 4
  15 hours ago

  മോദിയുടെ അഹങ്കാരത്തിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങില്ല: സോണിയ

 • 5
  17 hours ago

  ഷവോമി സ്മാര്‍ട്‌ഫോണ്‍ എക്സേഞ്ച് ഓഫര്‍ ഇനി ഓണ്‍ലൈന്‍ വഴിയും

 • 6
  17 hours ago

  കുഞ്ഞനന്തന് ശിക്ഷാ ഇളവ്; ഗവര്‍ണര്‍ക്ക് പരാതി നല്‍കും

 • 7
  19 hours ago

  പുസ്തക വിവാദം; ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഷോണ്‍ ജോര്‍ജ്

 • 8
  19 hours ago

  ഏപ്രില്‍ മുതല്‍ ഔഡി കാറുകളുടെ വില കൂടും…

 • 9
  19 hours ago

  മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ ധൈര്യമുണ്ടോ: ആനത്തലവട്ടം