ചരക്കു സേവന നികുതി (ജി എസ് ടി) സംബന്ധിച്ച പ്രഖ്യാപനം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിക്കുന്നതോടെ രാജ്യം ഒരു പുതുയുഗത്തിലേക്കാണ് പ്രവേശിക്കുന്നത്. ഒരുമണിക്കൂര്‍ നീളുന്ന ചടങ്ങില്‍ രാഷ്ട്രപതി നടത്തുന്ന പ്രഖ്യാപനത്തില്‍ പറയുന്ന കാര്യങ്ങളും ജി എസ് ടിയുടെ ഘടനയും ഭാവിയിലേക്കുള്ള കാല്വെയ്പ്പായിത്തീരുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരമെന്ന നിലയിലാണ് ജി എസ് ടി കൊണ്ടുവന്നത്. ഇതുവരെയുണ്ടായിരുന്ന നികുതിഘടന പൊളിച്ചെഴുത്തിന് വിധേയമാവുകയാണ്. ഒട്ടേറെ പോരായ്മകളും തിരിച്ചടികളും നിഴലിച്ചുനിന്ന നിലവിലെ നികുതിഘടനയില്‍ … Continue reading "ജി എസ് ടി യില്‍ പ്രതീക്ഷയോടെ"
ചരക്കു സേവന നികുതി (ജി എസ് ടി) സംബന്ധിച്ച പ്രഖ്യാപനം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിക്കുന്നതോടെ രാജ്യം ഒരു പുതുയുഗത്തിലേക്കാണ് പ്രവേശിക്കുന്നത്. ഒരുമണിക്കൂര്‍ നീളുന്ന ചടങ്ങില്‍ രാഷ്ട്രപതി നടത്തുന്ന പ്രഖ്യാപനത്തില്‍ പറയുന്ന കാര്യങ്ങളും ജി എസ് ടിയുടെ ഘടനയും ഭാവിയിലേക്കുള്ള കാല്വെയ്പ്പായിത്തീരുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരമെന്ന നിലയിലാണ് ജി എസ് ടി കൊണ്ടുവന്നത്. ഇതുവരെയുണ്ടായിരുന്ന നികുതിഘടന പൊളിച്ചെഴുത്തിന് വിധേയമാവുകയാണ്. ഒട്ടേറെ പോരായ്മകളും തിരിച്ചടികളും നിഴലിച്ചുനിന്ന നിലവിലെ നികുതിഘടനയില്‍ സമൂലമായ പരിവര്‍ത്തനം വേണമെന്ന് നേരത്തെ തന്നെ പല സര്‍ക്കാരുകള്‍ക്കും തോന്നിയിരുന്നെങ്കിലും അവരെല്ലാം തന്നെ പരിഷ്കരണം പേരില്‍ മാത്രമൊതുക്കുന്ന നിലയായിരുന്നു സംജാതമായത്. ഇവിടെയാണ് നികുതിഘടനയിലെ സമഗ്ര പരിഷ്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ഇതിന്റെ നേട്ടകോട്ടങ്ങള്‍ നാളെമുതല്‍ പ്രതിഫലിക്കുമ്പോഴാണ് ജി എസ് ടി സ്വീകാര്യമാണോ അസ്വീകാര്യമാണോയെന്ന് ബോധ്യപ്പെടുക.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നികുതി ചുമത്താനുള്ള അവകാശം ജി എസ് ടി വരുന്നതോടെ ഇല്ലാതാവുകയും അതേസ്ഥാനത്ത് ഏകീകൃത നികുതിഘടന നിലവില്‍ വരുന്നതാണ് ഇതിന്റെ ഒരു സവിശേഷത. നികുതിക്ക് ഏകീകൃത സ്വഭാവം കൈവരുമ്പോള്‍ അതിന്റെ നേട്ടം സംസ്ഥാനങ്ങള്‍ക്കെന്ന പോലെ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതേസമയം തന്നെ ജി എസ് ടി പ്രകാരം ചിലയിനം വസ്തുക്കളിന്മേല് കൂടുതല്‍ നികുതി ചുമത്തുന്നത് സംസ്ഥാനങ്ങളെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കും. നികുതിഘടനയില്‍ വരുത്തുന്ന മാറ്റം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഗുണകരമാവുന്ന നിലയാണ് സൃഷ്ടിക്കപ്പെടുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് ചുമത്തുന്ന നികുതി പങ്കുവെക്കുന്ന തരത്തിലാണ് ജി എസ് ടിയിലൂടെ സൃഷ്ടിക്കപ്പെടുക.
ജി എസ് ടി കേരളത്തിന് ഗുണകരമാവുമെന്ന വിലയിരുത്തലുകളാണ് പൊതുവെയുള്ളത്. ഇതിലൂടെ 14 ശതമാനം നികുതി വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചാല്‍ അതുതന്നെ വലിയ നേട്ടമാണ്. സംസ്ഥാനങ്ങളിലെ ചിലയിനം നികുതികള്‍ ഇതേവരെ കേന്ദ്രത്തിന് മാതം അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ ജി എസ് ടി നടപ്പിലാവുന്നതോടെ പിരിച്ചെടുക്കുന്ന നികുതിയുടെ പങ്ക് കേരളത്തിന് ലഭിക്കും. സംസ്ഥാനത്തെ സംബന്ധിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാവുന്ന നില ഇതിലൂടെ ഉരുത്തിരിഞ്ഞുവരുമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
വിലക്കയറ്റമാണ് സാധാരണക്കാരുടെ ജീവിതത്തില്‍ പലപ്പോഴും കരിനിഴല്‍ വീഴ്ത്തിയിരുന്നത്. വിലക്കയറ്റത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ ഇതുകൊണ്ട് സാധിക്കുമോ എന്ന സന്ദേഹവും ഉയര്‍ന്നുവരുന്നുണ്ട്. പുതിയ പരിഷ്കരണം യാഥാര്‍ത്ഥ്യമാകുന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാകുമെന്ന പ്രചരണവും ശക്തമാണ്. അങ്ങിനെയെങ്കില്‍ സാധാരണക്കാരെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. പിടിച്ചുനില്ക്കാന് സംസ്ഥാന സര്‍ക്കാരുകള്‍ ചില നടപടികള്‍ സ്വീകരിക്കുമ്പോള്‍ അത് വിലക്കയറ്റത്തിന് വഴിമാറാനിടയുണ്ടെന്ന ആശങ്കകളും ഉയര്‍ന്നുവരുന്നുണ്ട്.
ചരക്കു സേവന നികുതി എന്ന ആശയം നല്ലതു തന്നെ. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ നിത്യജീവിതത്തില്‍ പ്രതിഫലിച്ചുതുടങ്ങുമ്പോള് മാത്രമാണ് പരിഷ്കാരം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക. ഇന്നുള്ളതിനേക്കാളുപരി ജീവിത പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്ന തരത്തിലായാല്‍ വലിയ എതിര്‍പ്പുകള്‍ തന്നെ രാജ്യത്ത് ഉയര്‍ന്നുവരും. ജി എസ് ടി രാജ്യത്ത് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. ഏതൊരു പരിഷ്കാരത്തിന്റെയും പ്രത്യക്ഷ-പരോക്ഷ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ചാല്‍ മാത്രമേ അതിന് നിലനില്‍പുണ്ടാവുകയുള്ളൂ. ഈയൊരര്‍ത്ഥത്തിലാണ് ചരക്കുസേവന നികുതിയെയും ജനങ്ങള്‍ നോക്കിക്കാണുന്നത്.