Saturday, February 23rd, 2019

ഫൈനലില്‍ ആദ്യമെത്തുക ആര്; ഫ്രഞ്ച് പടയോ ചുവന്ന ചെകുത്താന്‍മാരോ

കണ്ണൂരില്‍ ഫ്രാന്‍സിനും ബെല്‍ജിയത്തിനും ഒരു പോലെ ആരാധകരുള്ളതാനാല്‍ വീറും വാശിയും ഏറുമെന്ന കാര്യത്തില്‍ സംശയമില്ല.

Published On:Jul 10, 2018 | 9:51 am

കണ്ണൂര്‍: ഫിഫ ലോകകപ്പിന്റെ ഇരുപത്തൊന്നാം എഡിഷനില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ടീമെന്നാരെന്നറിയാന്‍ ഇനി ഒരു പകലിന്റെ ദൂരം മാത്രം. ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഫ്രഞ്ച്പട ചുവന്ന ചെകുത്താന്‍മാരായ ബെല്‍ജിയത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11.30മുതല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് മത്സരം. രണ്ടു ടീമുകളും ലാറ്റിനമേരിക്കന്‍ ടീമുകളെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് സെമിയില്‍ എത്തിയത്. ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ഉറുഗ്വേക്ക് മടക്ക് ടിക്കറ്റെഴുതിയപ്പോള്‍ ബെല്‍ജിയം സാക്ഷാല്‍ ബ്രസീലിനോടാണ് ബൈ പറഞ്ഞത്.
കണ്ണൂരില്‍ ഫ്രാന്‍സിനും ബെല്‍ജിയത്തിനും ഒരു പോലെ ആരാധകരുള്ളതാനാല്‍ വീറും വാശിയും ഏറുമെന്ന കാര്യത്തില്‍ സംശയമില്ല. കണ്ണൂരിന്റെ ഇഷ്ടടീമുകളായ ബ്രസീലും അര്‍ജന്റീനയും തോറ്റ് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഇരു ഭാഗത്തെയും ആരാധകര്‍ ഫ്രാന്‍സിനും ബെല്‍ജിയത്തിനും പിന്തുണ നല്‍കുകയായിരുന്നു.
ഇത്തവണ ലോകകപ്പില്‍ പതിയെത്തുടങ്ങി ദ്രുതതാളത്തില്‍ കൊട്ടിക്കയറുകയായിരുന്നു ഫ്രാന്‍സ്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ചാമ്പ്യന്‍മാരാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ട ടീമാണ് അവര്‍. പ്രതിഭകളുടെ കൂടാരമായ ഫ്രഞ്ച് ടീമിന് കയ്യെത്തും ദൂരത്തുള്ള ലോക കിരീടത്തിനടുത്തേക്കെത്താന്‍ ഇന്ന ബെല്‍ജിയത്തിന്റെ കടുത്ത വെല്ലുവിളി ആതിജീവിച്ചാലെ സാധിക്കൂ.
ലോകകപ്പില്‍ കളിച്ച 5 കളികളില്‍ മൂന്ന് ക്ലീന്‍ഷീറ്റുകള്‍ ക്രെഡിറ്റിലുള്ള ഫ്രാന്‍സിന്റെ ശക്തി അതില്‍ നിന്ന് തന്നെ മനസിലാക്കാം. അര്‍ജന്റീനക്കും ഉറുഗ്വേക്കും എതിരായ കളികളില്‍ മാത്രമെ അവരുടെ വലയില്‍ പന്തെത്തിയിട്ടുള്ളൂ. ഏത് പൊസിഷനിലും മികച്ച താരങ്ങളുള്ള ഫ്രഞ്ച് പട ലയണല്‍ മെസിയുടെ അര്‍ജന്റീനയെ കീഴടക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കെയ്‌ലിയന്‍ എംബാപ്പെയെന്ന കൗമാര താരത്തിന്റെ വേഗത്തിലും ഫിനിഷിംഗിലും സെമിയില്‍ ബെല്‍ജിയത്തിനെതിരെയും പ്രതീക്ഷ വെക്കുകയാണ്. പ്ലേമേക്കര്‍ അന്റോയിന്‍ ഗ്രീസ്മാനും മിഡ്ഫീല്‍ഡിലെ പവര്‍ ഹൗസുകളായ പോള്‍ പോഗ്ബയും എന്‍ഗോളോ കാന്റെയും വിംഗിലൂടെ പറക്കുന്ന പവാര്‍ദും ഗോളടിക്കുകയും ഗോള്‍ തടുക്കയും ചെയ്യുന്ന വരാനെയും ഉംറ്റിറ്റിയുമെല്ലാം അടങ്ങുന്ന ഫ്രഞ്ച് പടയെ പിടിച്ചു കെട്ടുക എളുപ്പമാകില്ല. ക്യാപ്ടന്‍ ഹ്യൂഗോ ലോറിസ് കാക്കുന്ന ഗോള്‍ പോസ്റ്റില്‍ പന്തെത്തിക്കുകയെന്നതും ശ്രമകരമാണ്.
ആധികാരിക ജയങ്ങളുമായാണ് ബെല്‍ജിയം ഇത്തവണ ലോകകപ്പില്‍ സെമി ഫൈനല്‍ വരെയെത്തിയത്. ഇത് ലോകകപ്പില്‍ അവരുടെ രണ്ടാം സെമിഫൈനല്‍ പ്രവേശനമാണ്. 1986ലാണ് ഇതിനു മുമ്പ് അവര്‍ സെമിയില്‍ കളിച്ചത്. അന്ന് അര്‍ജന്റീനയോട് തോറ്റിരുന്നു. ഇത്തവണ അവരുടെ സുവര്‍ണ സംഘത്തിന് ഇരമ്പിയാര്‍ക്കുന്ന ഫ്രഞ്ച് വിപ്ലവം അടിച്ചമര്‍ത്തിയാലെ കണ്‍മുന്നിലുള്ള ലോകകിരീടം സ്വന്തമാക്കാനാകൂ. ടൂര്‍മെന്റിലുട നീളം മികച്ച ഫോം നിലനിറുത്തിയ ചെമ്പടക്ക് അത് അസാധ്യമായ കാര്യമൊന്നുമല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെപ്പോലും കീഴടക്കിയ പരിചയസമ്പത്തും യുവത്വവും ഒരുപോലെ നിറഞ്ഞൊഴുകുന്ന അവര്‍ ലോകോത്തര താരങ്ങളുടെ സങ്കേതമാണ്. ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് ബെല്‍ജിയമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് അവര്‍ 14 ഗോളുകള്‍ എതിര്‍ വലയില്‍ എത്തിച്ചു. കെവിന്‍ ഡി ബ്രൂയിനെ എന്ന അപകടകാരിയായ മിഡ്ഫീല്‍ഡറാണ് അവരുടെ കുന്തമുന. അദ്ദേഹത്തോടൊപ്പം ഭാവനാ സമ്പന്നനായ പ്ലേമേക്കറും നായകനുമായ ഏഡന്‍ ഹസാര്‍ഡും ക്ലിനിക്കല്‍ ഫിനിഷറായ റൊമേലു ലൂക്കാക്കുവും അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കുന്ന മെര്‍ട്ടന്‍സും ചാട്ടുളിപോലെ പറക്കുന്ന ചാഡ്‌ലിയും ഫെല്ലേനിയും പരിചയ സമ്പന്നനായ കോംപനിയും ചേരുമ്പോള്‍ ബെല്‍ജിയന പട അജയ്യശക്തിയാകുന്നു. ക്രോസ്ബാറിന് കീഴില്‍ ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ പ്രഥമ ഗണനീയനായ തിബൗട്ട് കൗര്‍ട്ടോയിസിന്റെ സാന്നിധ്യം എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടുന്നു. ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ മിന്നലാക്രമണങ്ങളെ കോട്ടകെട്ടിത്തടഞ്ഞ കൗര്‍ട്ടോയിസ് മികച്ച ഫോമിലുമാണ്. പിന്നില്‍ നിന്നാലും പതറാതെ തിരിച്ചടിക്കാനാകുന്നുവെന്നത് അവരുടെ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.